പ്രതി മൂന്നു ദിവസം പൊലിസ് കസ്റ്റഡിയിൽ
കുറ്റം ചെയ്തിട്ടില്ല, കഞ്ചാവ് കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി: പ്രതി ജിതിൻ
തിരുവനന്തപുരം • എ.കെ.ജി സെന്ററിന് നേരെ ഏറുപടക്കമെറിഞ്ഞ കേസിലെ പ്രതിയും യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റുമായ വി. ജിതിനെ മൂന്നുദിവസത്തെ പൊലിസ് കസ്റ്റഡിയിൽ വിട്ട് കോടതി. തിരുവനന്തപുരം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നിലാണ് ഇന്നലെ ജിതിനെ ഹാജരാക്കിയത്.
തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി അഞ്ചുദിവസം കസ്റ്റഡിയിൽ വിടണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. പ്രതിഭാഗത്തിന്റെയും വാദം കേട്ടശേഷമാണ് ജിതിനെ പൊലിസ് കസ്റ്റഡിയിൽ വിട്ടത്. ജാമ്യാപേക്ഷ 27 ന് പരിഗണിക്കും. അതേ സമയം, കുറ്റം ചെയ്തിട്ടില്ലെന്നും കഞ്ചാവുകേസിൽ കുടുക്കുമെന്ന് പൊലിസ് ഭീഷണിപ്പെടുത്തിയെന്നും ജിതിൻ കോടതിയിൽ ഹാജരാക്കും മുമ്പ് ജനറൽ ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുവന്നപ്പോൾ മാധ്യമങ്ങളോട് പറഞ്ഞു.
പൊലീസ് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നു. താൻ കുറ്റം സമ്മതിച്ചു എന്ന് പറയുന്നത് കളവ് ആണ്. കൂടെ ഉള്ളവരെ കേസിൽ കുടുക്കും എന്നും പൊലിസ് ഭീഷണിപ്പെടുത്തിയെന്നും ജിതിൻ പറഞ്ഞു.
അതിനിടെ ആക്രമണത്തിന്റെ ഗൂഢാലോചനയിലേക്ക് ക്രൈംബ്രാഞ്ച് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. ഒരു വനിത ഉൾപ്പെടെ രണ്ട് പ്രാദേശിക നേതാക്കൾ സംശയനിഴലിലാണ്. എന്നാൽ ജിതിനെതിരേ ഉയർത്തുന്ന പല തെളിവുകളും കണ്ടെത്താൻ ക്രൈംബ്രാഞ്ചിന് ഇനിയും സാധിച്ചിട്ടില്ല. യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റായ ജിതിൻ എ.കെ.ജി സെന്ററിന് നേർക്ക് സ്‌ഫോടക വസ്തു എറിഞ്ഞതിന് പിന്നിൽ പ്രാദേശിക രാഷ്ട്രീയ ഗൂഡാലോചന ആരോപിക്കുന്ന ക്രൈംബ്രാഞ്ച് ഒന്നിലേറെ പ്രതികളുണ്ടന്നും ഉറപ്പിച്ചിട്ടുണ്ട്. സ്‌ഫോടക വസ്തു എറിയാനായി ജിതിന് സ്‌കൂട്ടർ എത്തിച്ച നൽകിയ സുഹൃത്തിനെയാണ് രണ്ടാം പ്രതിയായി കണക്കാക്കുന്നത്.
യു.ഡി.എഫിലെ ഘടക കക്ഷിയുടെ പ്രാദേശിക വനിതാ നേതാവിനെയാണ് ഇതിൽ പ്രധാനമായും സംശയിക്കുന്നത്. ഇനിയും കണ്ടെത്താനുള്ള സ്‌കൂട്ടർ ഇവരുടെ ബന്ധുവിന്റേതാണെന്നും സംശയിക്കുന്നുണ്ട്.
സ്‌ഫോടക വസ്തു വാങ്ങിയതിലും ആക്രമണ പദ്ധതി തയാറാക്കിയതിലും പങ്കുള്ളവരാണ് അടുത്ത പ്രതികൾ. യൂത്ത് കോൺഗ്രസ് ജില്ലാ നേതാവ് ഉൾപ്പെടെ മൂന്ന് പേരാണ് ഇക്കാര്യത്തിൽ സംശയമുനയിലുള്ളത്.
ജിതിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതോടെ ഇവരെയൊക്കെ പ്രതി ചേർക്കാനുള്ള വ്യക്തതയുണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."