കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: പത്രിക നല്‍കാനുള്ള ആദ്യദിനം അവസാനിക്കുന്നു; ഡല്‍ഹിയിലും രാജസ്ഥാനിലും തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങള്‍
ന്യൂഡല്‍ഹി: എ.ഐ.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം മല്‍സരം ഉറപ്പാവുകയും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാവുമെന്ന് ഉറപ്പാവുകയും ചെയ്തതോടെ ഡല്‍ഹിയും രാജസ്ഥാനും കേന്ദ്രീകരിച്ച് രാഷ്ട്രീയ നീക്കങ്ങള്‍ സജീവമായി. നാമനിര്‍ദേശ പത്രിക നല്‍കാനുള്ള ആദ്യദിനം ഇന്ന് അവസാനിക്കും. ഈ മാസം 30 വരെ പത്രിക നല്‍കാം.
മല്‍സരിക്കുന്നതിന് മുമ്പ് മുഖ്യപദം ഗെലോട്ട് രാജിവയ്ക്കണമോ, പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മുഖ്യപദം ഒഴിഞ്ഞാല്‍ മതിയോ, അടുത്ത മുഖ്യമന്ത്രി ആര് എന്നീ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിനാണ് രഹസ്യചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇക്കാര്യത്തില്‍ വ്യക്തത കൈവരുമെന്നാണ് പ്രതീക്ഷ.
പാര്‍ട്ടി സംസ്ഥാന ഘടകത്തില്‍ തന്റെ പ്രത്യക്ഷ എതിരാളിയായ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിപദമേല്‍പ്പിക്കുന്നതില്‍ ഗെലോട്ടിന് താല്‍പര്യമില്ലെന്നതാണ് തീരുമാനം നീളാന്‍ കാരണം. പ്രസിഡന്റായാലും മുഖ്യമന്ത്രി പദത്തില്‍ തുടരാനുള്ള ഗെലോട്ടിന്റെ ആഗ്രഹത്തെ സോണിയയും രാഹുല്‍ ഗാന്ധിയും പിന്തുണച്ചില്ല. ഒരാള്‍ക്ക് ഒരു പദവിയെന്ന ചിന്തന്‍ ശിബിരത്തിലെ തീരുമാനം പാലിക്കണമെന്ന നിലപാടില്‍ ഇരുവരും ഉറച്ചുനിന്നു.
ഇതോടെയാണ് ഗെലോട്ടിന് നിലപാട് മയപ്പെടുത്തേണ്ടിവന്നത്. സച്ചിന്‍ പൈലറ്റിന് പകരം നിലവിലെ സ്പീക്കര്‍ ജോഷിയെ മുഖ്യമന്ത്രിയാക്കാനുള്ള ഗൊലോട്ടിനെ നീക്കവും വിജയിച്ചില്ല.
മുഖ്യമന്ത്രിപദത്തിനായി ശക്തമായി രംഗത്തുള്ള പൈലറ്റ് കടുത്ത നിലപാടുമായി രാഹുലിനെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു. ഇതിനായി കേളത്തിലെത്തി ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുലിനെ കണ്ട സച്ചിന്‍ പൈലറ്റ് തുടര്‍ചര്‍ച്ചകള്‍ക്കായി ഇന്ന് ഡല്‍ഹിയിലെത്തുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനം ഹൈക്കമാന്‍ഡ് ഉറപ്പുനല്‍കുകയും എംഎല്‍എമാര്‍ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തെങ്കിലും ഗെലോട്ട് അവസാന നിമിഷം നടത്തിയേക്കാവുന്ന നീക്കങ്ങള്‍ക്ക് തടയിടുകയാണ് സച്ചിന്‍ പൈലറ്റിന്റെ സന്ദര്‍ശന ലക്ഷ്യം.
നെഹ്‌റു കുടുംബം മല്‍സരരംഗത്ത് നിന്ന് പിന്‍മാറിയതോടെ ഔദ്യോഗിക സ്ഥാനാര്‍ഥിയായ അശോക് ഗെലോട്ടിനെതിരേ ശശി തരൂര്‍ മല്‍സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. എന്നാല്‍ തിരുത്തല്‍വാദി പക്ഷമായ ജി-23 ഗ്രൂപ്പിന്റെ പ്രതിനിധിയായി മനീഷ് തിവാരിയും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന അഭ്യൂഹം ശക്തമായി. ഗെലോട്ടിന്റെ വിജയം ഏതാണ്ട് ഉറപ്പാണെങ്കിലും ത്രികോണ മല്‍സരം വന്നാല്‍ അദ്ദേഹത്തിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാവും. മനീഷ് തിവാരി മല്‍സരിച്ചാല്‍ അത് ശശി തരൂരിന് വലിയ തിരിച്ചടിയാവുകയും ചെയ്യും. ഒക്ടോബര്‍ എട്ടാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി. ഒന്നിലധികം ആളുകള്‍ നാമനിര്‍ദേശ പത്രികകളുണ്ടെങ്കില്‍ 17ന് വോട്ടെടുപ്പ് നടക്കും. 19നാണ് ഫലപ്രഖ്യാപനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."