കമ്മിറ്റി രൂപീകരണത്തില്‍ അപാകത; മുഖത്തല ഐ.സി.ഡി.എസ് പരാതി മുക്കിയെന്ന് ആക്ഷേപം
കൊട്ടിയം: തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തിലെ 66ാം നമ്പര്‍ ചാണിക്കല്‍ അങ്കണവാടിയിലെ വെല്‍ഫെയര്‍ കമ്മിറ്റി രൂപീകരണത്തിലെ അപാകതകള്‍ക്കെതിരേ നാട്ടുകാര്‍ നല്‍കിയ പരാതി അവഗണിച്ചെന്ന് ആക്ഷേപം.
മുഖത്തല ഐ.സി.ഡി.എസിലെ സി.ഡി.പി.ഒക്ക് ഇതുസംബന്ധിച്ച് നാട്ടുകാര്‍ കഴിഞ്ഞ ജനുവരിയില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്നത്തെ സി.ഡി.പി.ഒ മാസങ്ങള്‍ മുന്‍പ് റിട്ടയര്‍ ചെയ്തു. പുതിയ സി.ഡി.പി.ഒ ചാര്‍ജ് ഏറ്റെടുത്തിട്ട് ഒന്നരമാസമായി. എന്നാല്‍ പരാതി കാണാനില്ലെന്ന നിലപാടായിരുന്നു ആദ്യം സ്വീകരിച്ചത്.
എന്നാല്‍ ഇപ്പോള്‍ പരാതി ഓഫിസിലുണ്ടെന്നും പഞ്ചായത്ത് മെമ്പര്‍ തങ്ങള്‍ക്ക് പുതിയ കമ്മിറ്റി രൂപീകരിക്കാന്‍ അനുമതി തന്നിട്ടില്ലെന്നുമുള്ള മറുപടിയാണ് ഐ.സി.ഡി.എസ് വകുപ്പ് അധികാരികള്‍ പറയുന്നത്. എന്നാല്‍ എട്ടുമാസമായിട്ടും കമ്മിറ്റി പുനഃസംഘടിപ്പിക്കണമെന്ന പരാതി ഇതുവരെ പരിഗണിച്ചിട്ടില്ലെന്നും പരാതി ഫയലില്‍ വകുപ്പ് പൂഴ്ത്തിവച്ചെന്നുമാണ് ആക്ഷേപം. അന്ന് അങ്കണവാടിയില്‍ ജോലി ചെയ്തിരുന്ന താല്‍ക്കാലിക വര്‍ക്കറാണ് വെല്‍ഫെയര്‍ കമ്മിറ്റിക്കായി പൊതുയോഗം വിളിച്ചുകൂട്ടിയതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ലീവ് കഴിഞ്ഞുവന്ന അങ്കണവാടിയിലെ സ്ഥിരം വര്‍ക്കര്‍ക്ക് ഇതു സംബന്ധിച്ച കാര്യങ്ങളൊന്നും അറിയില്ലെന്നും അധികൃതര്‍പറയുന്നു. പരസ്പരവിരുദ്ധമായിട്ടാണ് ഇക്കാര്യത്തില്‍ വകുപ്പിന്റെ നിലപാട്. ഉടന്‍ പുനഃസംഘടിപ്പിച്ച പുതിയ കമ്മിറ്റി രൂപീകരിക്കണമെന്ന് രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെട്ടിട്ടിരുന്നത്. കമ്മിറ്റിയില്‍ ഒരു രാഷ്ട്രീയകക്ഷികള്‍ക്കും അമിത പ്രാധാന്യം നല്‍കരുതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."