തരൂരിനെ പാർലമെന്ററി സമിതി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയ നടപടി തിരുത്തണം ; സ്പീക്കർക്ക് ബി.ജെ.പി അംഗങ്ങളടക്കമുള്ള എം.പിമാരുടെ കത്ത്
ന്യൂഡൽഹി • ശശി തരൂരിനെ ഐ.ടി കാര്യങ്ങൾക്കായുള്ള പാർലമെന്ററി സമിതിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയ നടപടി തിരുത്തണമെന്നാവശ്യപ്പെട്ട് ലോക്‌സഭ സ്പീക്കർ ഓം ബിർലക്ക് ബി.ജെ.പി അംഗമടക്കമുള്ള അഞ്ച് എം.പിമാരുടെ സംയുക്ത കത്ത്. യു.പിയിൽ നിന്നുള്ള ബി.ജെ.പി എം.പി അനിൽ അഗർവാൾ, സി.പി.എമ്മിന്റെ ജോൺ ബ്രിട്ടാസ്, തൃണമൂൽ കോൺഗ്രസിന്റെ മഹുവ മൊയ്ത്ര, കോൺഗ്രസിന്റെ കാർത്തി ചിദംബരം, ഡി.എം.കെയുടെ ടി. സുമതി എന്നിവരാണ് കത്തെഴുതിയത്. കോൺഗ്രസ് ലോക്‌സഭ കക്ഷി നേതാവ് ആദിർ ചൗധരി മറ്റൊരു കത്തും എഴുതിയിട്ടുണ്ട്.കാലാവധി അവസാനിക്കുന്നതിന് അനുസരിച്ചാണ് സമിതി ചെയർമാനെ മാറ്റാറുള്ളത്. എന്നാൽ 17ാം ലോക്‌സഭ തുടരുന്നതിനിടയിൽ തന്നെ തരൂരിനെ മാറ്റുകയായിരുന്നു. ഈ നടപടി ഞെട്ടിക്കുന്നതാണെന്ന് എം.പിമാർ കത്തിൽ ചൂണ്ടിക്കാട്ടി. മറ്റു പാർലമെന്ററി സമിതികളെ അപേക്ഷിച്ച് മികച്ച പ്രവർത്തനമാണ് തരൂരിന് കീഴിലുള്ള സമിതി കാഴ്ചവച്ചിരുന്നത്. കാലാവധി പൂർത്തിയാക്കാൻ അനുവദിക്കാത്തത് ശരിയായ കാര്യമല്ലെന്നും കത്തിൽ പറയുന്നു. തന്നെ മാറ്റിയതിനെതിരേ തരൂരും പ്രതികരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."