ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ കബളിപ്പിച്ചത് ഹൈക്കോടതി ജീവനക്കാരി ചമഞ്ഞ്
പത്തനംതിട്ട • ഹൈക്കോടതിയിൽ ജോലിതരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. കോഴിക്കോട് കുറ്റിക്കാട്ടൂർ ആനക്കുഴിക്കര ഇടയപാടത്ത് സുരഭി കൃഷ്ണയാണ് കോയിപ്രം പൊലിസിന്റെ പിടിയിലായത്. അരുവിക്കര ചെറിയകോന്നി പറക്കോണം പ്രിൻസ് വിലാസത്തിൽ പ്രസാദ് മോസസ് (29) ആണ് പരാതിക്കാരൻ. ഹൈക്കോടതി സ്റ്റേനോഗ്രാഫർ ആണെന്ന് യുവാവിനെ പറഞ്ഞു വിശ്വസിപ്പിച്ചാണ് യുവതി തട്ടിപ്പ് നടത്തിയത്. ഹൈക്കോടതിയിൽ ഓഫിസ് അസിസ്റ്റന്റ് ആയി ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് ഉറപ്പ് നൽകി 5,95,250 രൂപ പല തവണകളായി ഇവർ തട്ടിയെടുത്തുവെന്നാണ് ആരോപണം. തുടർന്ന് പ്രിൻസിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ എടുത്ത കേസിൽ ഹാജരായി ജാമ്യമെടുത്തശേഷം ഇവർ മുങ്ങുകയായിരുന്നു. പ്രതിക്കെതിരേ കോടതി വാറൻഡ് പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിൽ യുവതിയെ കോഴിക്കോട്ടെ വാടകവീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയായിരുന്നു. പണം തിരിച്ചു നൽകാമെന്ന് പറഞ്ഞ് ആറ് ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് നൽകിയും വ്യാജ നിയമന ഉത്തരവ് ഉണ്ടാക്കിയും പ്രതി യുവാവിനെ വഞ്ചിച്ചതായി പൊലിസ് പറഞ്ഞു. സുരഭി കൃഷ്ണയെ കോയിപ്രം പൊലിസ് ഇൻസ്‌പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."