കൊച്ചിയില്‍ ആക്രമണങ്ങള്‍ പെരുകുന്നു, മൂലകാരണം ലഹരി തന്നെ, പൊലിസ് എന്താണ് ചെയ്യുന്നത്; സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് എം.എല്‍.എ യുടെ തുറന്ന കത്ത്
കൊച്ചി; നഗരത്തില്‍ ഓരോ ദിവസവും ആക്രമങ്ങള്‍ കൂടിക്കൊണ്ടിരിക്കുന്നു,ലഹരി ഉപയോഗം പെരുകുന്നു. എന്നിട്ടും പൊലിസ് നിഷ്‌ക്രിയരായി തുടരുന്ന അവസ്ഥയിലാണ് എറണാകുളം സിറ്റി പൊലിസ് കമ്മീഷണര്‍ക്ക് എം.എല്‍.എ ടി.ജെ വിനോദിന്റെ തുറന്ന കത്ത്. ഓരോ ദിവസവും ഞെട്ടിക്കുന്ന കൊലപാതക വാര്‍ത്തകള്‍ കേട്ടാണ് തങ്ങള്‍ ഉണര്‍ന്നെഴുന്നേല്‍ക്കുന്നതെന്നും ഒന്നര മാസത്തിനിടയില്‍ മാത്രം നഗരത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുമ്പോള്‍ പൊലിസുകാര്‍ എന്താണു ചെയ്യുന്നതെന്നു ചോദിച്ചാല്‍ താങ്കള്‍ പരിഭവിക്കരുതെന്ന് പറഞ്ഞുകൊണ്ടാണ് എം.എല്‍.എയുടെ കത്ത്.
പോലിസിന്റെ മൂക്കിന്‍ തുമ്പത്ത്, നഗരത്തില്‍ മാത്രം നടന്ന കൊലപാതകങ്ങളെ കുറിച്ചാണു ഞാന്‍ പറഞ്ഞത്. നഗരത്തില്‍ മനുഷ്യനു ജീവനു വിലയില്ലാത്ത അവസ്ഥയിലേക്കു കാര്യങ്ങള്‍ എത്തിയെന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. കൊലപാതകങ്ങള്‍ നടന്നതിനു ശേഷം പോലീസ് പ്രതിയെ പിടികൂടിയെന്നു കൊട്ടിഘോഷിച്ചിട്ടു കാര്യമില്ല. കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത വിധം നഗരത്തിലെ സുരക്ഷ ഉറപ്പു വരുത്തുകയെന്നതാണു പോലിസിന്റെ പ്രഥമ ദൗത്യമെന്നും എം.എല്‍.എ കത്തില്‍ പറയുന്നു.
എം.എല്‍.എ കമ്മീഷണര്‍ക്കയച്ച കത്തിന്റെ പൂര്‍ണ രൂപം,
സിറ്റി പോലിസ് കമ്മിഷണര്‍ക്ക് ടി.ജെ. വിനോദ് എംഎല്‍എ അയയ്ക്കുന്ന തുറന്ന കത്ത്
പ്രിയപ്പെട്ട കമ്മിഷണര്‍,
താങ്കള്‍ക്കു സുഖം തന്നെയെന്നു കരുതുന്നു. എന്നാല്‍ കൊച്ചി നഗരത്തില്‍ താമസിക്കുന്ന ഞാനുള്‍പ്പെടെയുള്ളവര്‍ അത്ര സുഖത്തോടെയല്ല ഓരോ ദിവസവും തള്ളി നീക്കുന്നത്. ഓരോ ദിവസവും ഞെട്ടിക്കുന്ന കൊലപാതക വാര്‍ത്തകള്‍ കേട്ടാണ് ഉണര്‍ന്നെഴുന്നേല്‍ക്കുന്നത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ല വികസന സമിതി യോഗത്തില്‍ നഗരവാസികളുടെ സുരക്ഷിതത്വ പ്രശ്‌നങ്ങള്‍ ഞാന്‍ ഉന്നയിച്ചത് അങ്ങു ശ്രദ്ധിച്ചിരിക്കുമല്ലോ. എന്നാല്‍, ഇന്നലെയും കലൂരില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഒന്നര മാസത്തിനിടയില്‍ നഗരത്തില്‍ കൊല്ലപ്പെട്ടത് 6 പേര്‍. ഇത്രയേറെയാളുകള്‍ കൊല്ലപ്പെടുമ്പോള്‍ നഗരത്തില്‍ പോലിസുകാര്‍ എന്താണു ചെയ്യുന്നതെന്നു ചോദിച്ചാല്‍ താങ്കള്‍ പരിഭവിക്കരുത്.
താങ്കളുടെ അറിവിലേക്കായി ചില തീയതികളും അന്നു നടന്ന സംഭവങ്ങളും ഓര്‍മ്മിപ്പിക്കട്ടെ.
1. ഓഗസ്റ്റ് 10: എറണാകുളം ടൗണ്‍ഹാളിനു സമീപമുള്ള ഹോട്ടലില്‍ കൊല്ലം സ്വദേശി കുത്തേറ്റു കൊല്ലപ്പെട്ടു.
2. ഓഗസ്റ്റ് 14: സൗത്ത് മേല്‍പ്പാലത്തിനു താഴെ വരാപ്പുഴ സ്വദേശി കുത്തേറ്റു കൊല്ലപ്പെട്ടു.
3. ഓഗസ്റ്റ് 16: കാക്കനാട് ഫ്‌ലാറ്റില്‍ മലപ്പുറം സ്വദേശിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.
4. ഓഗസ്റ്റ് 28: നെട്ടൂരില്‍ പാലക്കാട് സ്വദേശിയായ ഇരുപത്തഞ്ചുകാരനെ അടിച്ചു കൊലപ്പെടുത്തി.
5. സെപ്റ്റംബര്‍ 10: കലൂരില്‍ 28 വയസ്സുകാരനെ കുത്തിക്കൊലപ്പെടുത്തി.
6. സെപ്റ്റംബര്‍ 24: കലൂരില്‍ പള്ളുരുത്തി സ്വദേശി രാജേഷിനെ (24) കുത്തിക്കൊലപ്പെടുത്തി.
താങ്കളുടെ പോലിസിന്റെ മൂക്കിന്‍ തുമ്പത്ത്, നഗരത്തില്‍ മാത്രം നടന്ന കൊലപാതകങ്ങളെ കുറിച്ചാണു ഞാന്‍ പറഞ്ഞത്. നഗരത്തില്‍ മനുഷ്യനു ജീവനു വിലയില്ലാത്ത അവസ്ഥയിലേക്കു കാര്യങ്ങള്‍ എത്തിയെന്നു പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല.
കൊലപാതകങ്ങള്‍ നടന്നതിനു ശേഷം പോലിസ് പ്രതിയെ പിടികൂടിയെന്നു കൊട്ടിഘോഷിച്ചിട്ടു കാര്യമില്ല. കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത വിധം നഗരത്തിലെ സുരക്ഷ ഉറപ്പു വരുത്തുകയെന്നതാണു പോലിസിന്റെ പ്രഥമ ദൗത്യം. അക്കാര്യത്തില്‍ പോലിസിനു ഗുരുതരമായ വീഴ്ച്ച സംഭവിച്ചു എന്ന് പറയാന്‍ എനിക്കൊട്ടും മടിയില്ല.
നഗരത്തില്‍ നടക്കുന്ന പല കൊലപാതകങ്ങളുടെയും പിന്നില്‍ ലഹരി സംബന്ധമായ തര്‍ക്കങ്ങളും അനുബന്ധ കാരണങ്ങളുമാണെന്ന് പറയപ്പെടുന്നു. നഗരത്തിന്റെ മുക്കിലും മൂലയിലും ലഹരി ഉപയോഗം വ്യാപകമാണ്. ഓരോ ദിവസവും ലഹരിയുടെ വലകള്‍ കൂടുതല്‍ പേരെ മുറുക്കുകയാണ്. നമ്മുടെ ചെറുപ്പക്കാരും, കുട്ടികളുമെല്ലാം ആ ലഹരിവലയില്‍ കുടുങ്ങി ഇല്ലാതാകുകയാണ്.
ലഹരി സംഘങ്ങള്‍ പോലിസിനെ ഭയപ്പെടുന്നില്ലെന്നതു തന്നെ കരുതണം. അതുകൊണ്ടാണ് ഇത്രയും വ്യാപകമായ രീതിയില്‍ ലഹരി ഇടപാടുകള്‍ ഇവിടെ നടക്കുന്നത്. ലഹരിയുടെ പിടിയില്‍ നിന്നു നമ്മുടെ നാടിനെ മോചിപ്പിക്കാനുള്ള ഉത്തരവാദിത്തവും നിയമപാലകര്‍ക്കുണ്ട്.
പോലിസും എക്‌സൈസും ചേര്‍ന്ന് ഇതിനു വേണ്ടിയുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് ഉടനടി നടപ്പാക്കേണ്ടതുണ്ട്. നഗരത്തിന്റെ മുക്കിലും മൂലയിലും പോലിസ് സാന്നിധ്യം ഉറപ്പു വരുത്തുന്ന വിധം പട്രോളിങ് ശക്തമാക്കണം.
കൊലപാതകങ്ങളെയും ലഹരി ഇടപാടുകളെയും തടയാന്‍ താങ്കളും പോലിസും സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്ന മുഴുവന്‍ കാര്യങ്ങള്‍ക്കും മുന്‍കൂട്ടി തന്നെ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കട്ടെ. ഇനിയും ഒരു കൊലപാതകങ്ങള്‍ പോലും നടക്കാത്ത വിധം നഗരത്തിനു പൂര്‍ണ സുരക്ഷ ഉറപ്പാക്കാന്‍ താങ്കള്‍ക്കു കഴിയട്ടെ. വീടുകളില്‍ ധൈര്യമായിരിക്കാന്‍ ഓരോ നഗരവാസിക്കും കഴിയുന്ന വിധത്തില്‍ ഈ നാടു മാറുമെന്ന പ്രത്യാശയോടെ,
സ്‌നേഹപൂര്‍വം,
ടി.ജെ വിനോദ് എം.എല്‍.എ
എറണാകുളം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."