വാട്ടർ അതോറിറ്റി ആംനസ്റ്റി പദ്ധതി: മൂന്ന് ദിവസം കൂടി അപേക്ഷ നൽകാം
തിരുവനന്തപുരം • ഉപഭോക്താക്കൾക്ക് ഒട്ടേറെ ഇളവുകൾ നൽകി കുടിവെള്ള ചാർജ് കുടിശ്ശിക തീർപ്പാക്കാൻ വാട്ടർ അതോറിറ്റി നടപ്പാക്കിയിട്ടുള്ള ആംനസ്റ്റി പദ്ധതിയിലേക്ക് മൂന്ന് ദിവസം കൂടി അപേക്ഷ നൽകാം. 2021 ഡിസംബർ 31ന് മുമ്പ് മുതൽ കുടിശ്ശിക നിലനിൽക്കുന്ന ഉപഭോക്താക്കൾക്ക് ആംനസ്റ്റി പദ്ധതിയിലേക്ക് അപേക്ഷിക്കാൻ ഈ മാസം 30 വരെയാണ് അവസരം. പദ്ധതിപ്രകാരം കുടിശ്ശിക തുകയുടെ 50 ശതമാനം അടച്ച് കണക്ഷൻ നിലനിർത്താൻ കഴിയും. ബാക്കി തുക അടയ്ക്കാൻ പരമാവധി ആറു തവണകൾ വരെ അനുവദിക്കും. പിഴയും പിഴപ്പലിശയും പരമാവധി ഇളവുചെയ്ത് കുടിശ്ശിക തീർപ്പാക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
എല്ലാ പ്രവൃത്തിദിവസങ്ങളിലും അപേക്ഷകൾ സമർപ്പിക്കാം. റവന്യൂ റിക്കവറി നടപടികൾ നേരിടുന്ന ഉപഭോക്താക്കളെയും ആനസ്റ്റി സ്കീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാൻസർ, അവയവമാറ്റ ശസ്ത്രക്രിയ, ഡയാലിസിസ് നടത്തുന്നവർ, മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾ എന്നിവരുള്ള കുടുംബങ്ങൾക്ക് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ വാട്ടർ ചാർജ് മാത്രം ഈടാക്കി കണക്ഷൻ പുനഃസ്ഥാപിച്ച് നൽകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."