വീതംവയ്പില്‍ തട്ടി ബോര്‍ഡ്- കോര്‍പറേഷനുകള്‍; പ്രധാന തസ്തികകളിലും ആളില്ല
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റിട്ട് രണ്ടുമാസം തികയുമ്പോഴും നിരവധി പ്രധാന തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. അതോടൊപ്പം ഘടകകക്ഷികളുമായുള്ള വീതംവയ്പിലെ ഭിന്നതകള്‍ കാരണം പല ബോര്‍ഡ്, കോര്‍പറേഷന്‍ തലപ്പത്തും ആളില്ല. വീതംവയ്പ് സംബന്ധിച്ച് ഘടകകക്ഷികളില്‍ അന്തിമ തീരുമാനമാകാത്തതാണ് നിയമനങ്ങള്‍ വൈകുന്നത്. വനിതാ കമ്മിഷന്‍ അധ്യക്ഷയെ കഴിഞ്ഞ സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനിക്കുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും അതിലും തീരുമാനമായില്ല.
രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാനായി വി.കെ രാമചന്ദ്രനെ വീണ്ടും നിയമിക്കുകയും കഴിഞ്ഞ ആഴ്ച മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറായിരുന്ന ടീക്കാറാം മീണയെ സെക്രട്ടറിയാക്കുകയും ചെയ്തു. എന്നാല്‍ പുതിയ അംഗങ്ങളുടെ പേര് ഇതുവരെ നല്‍കിയിട്ടില്ല. ഇടതുമുന്നണിയില്‍ അന്തിമ തീരുമാനമാകാത്തതാണ് നിയമനം വൈകുന്നതിന് കാരണമെന്നറിയുന്നു. അതുപോലെ ബോര്‍ഡ് കോര്‍പറേഷനുകളിലെ ചെയര്‍മാന്‍ സ്ഥാനങ്ങള്‍പോലും നികത്തിയിട്ടില്ല.
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍), കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) എന്നിവയിലെ മാനേജിങ് ഡയറക്ടര്‍ നിയമനങ്ങളും നടന്നില്ല. കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിലെ അഡീഷണല്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കാന്‍ കെ.എം.ആര്‍.എല്‍ എം.ഡി അല്‍കേഷ് കുമാര്‍ ശര്‍മ ഡല്‍ഹിയിലേക്ക് പോയിട്ട് മൂന്ന് മാസത്തിലേറെയായി. പക്ഷേ അദ്ദേഹത്തിന് പകരക്കാരനെ സര്‍ക്കാര്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. തിരുവനന്തപുരത്ത് ഇരിക്കുന്ന പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാലിന് കെ.എം.ആര്‍.എല്ലിന്റെ അധിക ചുമതല നല്‍കിയിരിക്കുകയാണ്. അല്‍കേഷ് കുമാര്‍ ശര്‍മ കൈകാര്യം ചെയ്തിരുന്ന പ്രത്യേക പദ്ധതികളുടെ (ഇന്‍ഫ്രാസ്ട്രക്ചര്‍) തസ്തികയും കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ നികത്തിയിട്ടില്ല. വി.ജെ കുര്യന്‍ കഴിഞ്ഞ ജൂണ്‍ ഒന്‍പതിന് സ്ഥാനമൊഴിഞ്ഞതിനുശേഷം സിയാല്‍ എം.ഡി സ്ഥാനത്ത് പുതുതായി ആരെയും നിയമിച്ചില്ല. മുന്‍ എറണാകുളം ജില്ലാ കലക്ടര്‍ എസ്.സുഹാസിനാണ് അധിക ചുമതല നല്‍കിയിരിക്കുന്നത്.
അല്‍കേഷ് കുമാര്‍ ശര്‍മ കൈകാര്യം ചെയ്തിരുന്ന കൊച്ചി - ബംഗളൂരു ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ പദ്ധതിയുടെ അധിക ചുമതല ഇപ്പോള്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ഇളങ്കോവനാണ് നല്‍കിയിരിക്കുന്നത്. കിഫ്ബി സി.ഇ.ഒ കെ.എം എബ്രഹാമിനെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചുവെങ്കിലും മറ്റൊരാളെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ കിഫ്ബിയുടെ അധിക ചുമതലയും എബ്രഹാമിനു തന്നെയാണ് നല്‍കിയിരിക്കുന്നത്. ടിക്കാറാം മീണക്ക് പകരം മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറായി നിയമിച്ച സജ്ഞയ് കൗളിന് ഫിനാന്‍ഷ്യല്‍ എക്‌സപന്‍ഡിച്ചര്‍ വകുപ്പ് സെക്രട്ടറിയുടെയും കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ സി.എം.ഡിയുടെയും അധിക ചുമതല നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."