2023 ഒക്ടോബര്‍ മുതല്‍ കാറുകളിൽ ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധം
ന്യൂഡല്‍ഹി • 2023 ഒക്ടോബര്‍ ഒന്നു മുതല്‍ കാറുകളില്‍ ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. കാറുകളില്‍ യാത്ര ചെയ്യുന്ന എല്ലാവരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് നടപടിയെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. പുതുതായി നിര്‍മിക്കുന്ന വാഹനങ്ങള്‍ക്കാണ് നിയമം ബാധകമാകുക.
1989ലെ മോട്ടോര്‍ വാഹന നിയമങ്ങളില്‍ ഇതിനായി ഭേദഗതി വരുത്തും. എം-1 വിഭാഗത്തില്‍ പെടുന്ന വാഹനങ്ങളുടെ എയര്‍ബാഗ് സംബന്ധിച്ച് കഴിഞ്ഞ ജനുവരിയില്‍ നിയമത്തിന്റെ കരട് വിജ്ഞാപനം കേന്ദ്രം പുറത്തിറക്കിയിരുന്നു. കാറിൽ യാത്ര ചെയ്യുന്നവരുടെയെല്ലാം സുരക്ഷ ഉറപ്പാക്കുന്ന വിധം രണ്ടു വശങ്ങളിലും പ്രത്യേകം എയര്‍ബാഗുകളോ ട്യൂബ് എയര്‍ബാഗുകളോ സ്ഥാപിച്ചിരിക്കണം. തലയ്ക്ക് ക്ഷതമേല്‍ക്കാതിരിക്കാന്‍ മുന്‍ വശത്തും എയര്‍ബാഗുകള്‍ ഉണ്ടായിരിക്കണം.
2022 ഒക്ടോബര്‍ ഒന്നുമുതല്‍ എട്ട് സീറ്റ് വരെയുള്ള വാഹനങ്ങളില്‍ ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രം ആലോചിച്ചിരുന്നു. വാഹന നിര്‍മാതാക്കള്‍ വാഹനത്തിന്റെ വിലയ്ക്കും ആഡംബരത്തിനും മോഡലുകള്‍ക്കും അനുസരിച്ച് എയര്‍ബാഗുകളും നിര്‍മിച്ചുനല്‍കണം. അതേസമയം ചെറിയതും വില കുറഞ്ഞതുമായ കാറുകളില്‍ ഈ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പ്രയാസകരമായിരിക്കുമെന്ന് എന്‍.സിപി വക്താവ് ക്ലൈഡ് ക്രാസ്റ്റോ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."