ഇലാഹീ സ്മൃതിയില്‍ അലിഞ്ഞുചേര്‍ന്ന് മിന ഹാജിമാര്‍ ഇന്ന് അറഫാത്തില്‍
അബ്ദുസ്സലാം കൂടരഞ്ഞി
മക്ക: വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കം കുറിച്ച് സ്രഷ്ടാവിന്റെ വിളിക്കുത്തരം നല്‍കി വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഹാജിമാര്‍ മിനായില്‍ ഒത്തുചേര്‍ന്നു. ഹജ്ജിന്റെ പ്രധാന ചടങ്ങായ ലോകത്തെ ഏറ്റവും വലിയ വിശ്വാസി സംഗമം കൂടിയായ അറഫാ സംഗമത്തിന് മുന്നോടിയായി അതിനുള്ള ഒരുക്കങ്ങള്‍ക്ക് വേണ്ടിയാണ് ഹാജിമാര്‍ മിനയില്‍ ഇന്നലെ കഴിച്ച് കൂട്ടിയത്. തല്‍ബിയത്ത് മന്ത്രങ്ങളാല്‍ നിറഞ്ഞൊഴുകുന്ന മിനയിലേക്ക് ഞായറാഴ്ച പുലര്‍ച്ചെ തന്നെ പ്രയാണം ആരംഭിച്ചിരുന്നു. വൈകുന്നേരത്തോടെ തന്നെ ഹാജിമാരെ പൂര്‍ണമായും മിനായില്‍ എത്തിച്ചു.
'ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്' എന്നു തുടങ്ങുന്ന തല്‍ബിയത്ത് ചൊല്ലി മക്കയിലെ മസ്ജിദുല്‍ ഹറം പള്ളിക്കു ചുറ്റുമുള്ള താമസ കേന്ദ്രങ്ങളില്‍ നിന്നും ചെറുസംഘങ്ങളായാണ് മിനായിലേക്ക് ഹാജിമാരെ എത്തിച്ചത്. പാപങ്ങളും സങ്കടങ്ങളും എണ്ണിയെണ്ണി പറഞ്ഞു വിതുമ്പുന്ന ഹൃദയങ്ങള്‍ക്ക് മിനാ താഴ്‌വാരവും തമ്പുകളും സാക്ഷിയായി. സഊദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഹാജിമാര്‍ വിശുദ്ധ കഅ്ബയെ പ്രദക്ഷിണം ചെയ്ത ശേഷമാണ് മിനയിലേക്ക് തിരിച്ചത്.
പ്രത്യേക ബസുകളില്‍ മസ്ജിദുല്‍ ഹറാമിലെത്തി തവാഫുല്‍ ഖുദൂം നിര്‍വഹിച്ച ശേഷമാണ് തീര്‍ഥാടകര്‍ മിനയിലെത്തിയത്. കാല്‍നടയായും സ്വന്തം വാഹനങ്ങളിലും ഹറമിലെത്തുന്നതിന് വിലക്കുള്ളതിനാല്‍ ബസുകളിലാണ് ഹറമിലേക്കും അവിടെ നിന്ന് മിനയിലേക്കും തീര്‍ഥാടകരെ എത്തിച്ചത്.
തിരക്കൊഴിവാക്കാന്‍ ഓരോ മൂന്ന് മണിക്കൂറിലും 6,000 പേര്‍ എന്ന തോതിലാണ് ഹറമില്‍ തീര്‍ഥാടകരെ സ്വീകരിച്ചത്. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള ആരോഗ്യ മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ ഹറമില്‍ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിരുന്നു.
ഇന്നലെ മിനായില്‍ അഞ്ചു നേരത്തെ നിസ്‌കാരം പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് സുബ്ഹി നിസ്‌കാര ശേഷം അറഫാത്ത് മൈതാനം ലക്ഷ്യമാക്കി നീങ്ങും. ഇന്ന് ഉച്ചയോടെ മുഴുവന്‍ ഹാജിമാരും അറഫാത്തില്‍ എത്തിച്ചേരും. അറഫാത്തില്‍ മസ്ജിദുന്നമിറക്കു ചുറ്റും തീര്‍ഥാടകരുടെ താമസത്തിനും ആരോഗ്യസുരക്ഷയ്ക്കും വേണ്ട വിപുലമായ സംവിധാനങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. 3,00,000 ചതുരശ്ര മീറ്ററിലാണ് അറഫാത്തിലെ തമ്പുകള്‍. അറഫ സംഗമത്തിന്റെ ഭാഗമായി ഇന്ന് ളുഹ്ര്‍ നിസ്‌കാര ശേഷം അറഫാത്ത് മൈതാനിയിലെ മസ്ജിദുന്നമിറയില്‍ മുതിര്‍ന്ന പണ്ഡിത കൗണ്‍സില്‍ അംഗവും മസ്ജിദുല്‍ ഹറാമിലെ ഇമാമുമായ ഡോ. ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് ബലീല നേതൃത്വം നല്‍കും. അറഫാ സംഗമത്തിന് ശേഷം ഹാജിമാര്‍ മുസ്ദലിഫ ലക്ഷ്യമാക്കി നീങ്ങും. മുസ്ദലിഫയില്‍ നിന്ന് കല്ലുകള്‍ ശേഖരിച്ച് തോട്ടത്തടുത്ത ദിവസം പൈശാചിക സ്തൂപമായ ജംറയില്‍ ആദ്യദിന കല്ലേറ് കര്‍മം പൂര്‍ത്തിയാക്കും. കനത്ത ചൂട് ഹാജിമാര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്നും വേണ്ട സജ്ജീകരണങ്ങള്‍ കൈക്കൊള്ളണമെന്നും അധികൃതര്‍ ഹാജിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും അതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."