ആയിരം രൂപ കൈക്കൂലി വാങ്ങിയ എന്‍ജിനീയര്‍ക്ക് രണ്ടുവര്‍ഷം കഠിനതടവ്
കോഴിക്കോട്: ആയിരം രൂപ കൈക്കൂലി വാങ്ങിയ ഗവ. എന്‍ജിനീയര്‍ക്കു രണ്ടുവര്‍ഷം കഠിന തടവ്. നിര്‍മാണ പ്രവൃത്തിയുടെ ബില്‍ പാസാക്കി നല്‍കുന്നതിന് 1,000 രൂപ കൈക്കൂലി വാങ്ങിയ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ അസി. എക്‌സിക്യൂട്ടിവ് എന്‍ജിനീയറായിരുന്ന തിരുവനന്തപുരം കാഞ്ഞിരപ്പാറ 'സംഗമ'ത്തില്‍ കെ. കണ്ണപ്പനാ(63)ണ് കോഴിക്കോട് വിജിലന്‍സ് പ്രത്യേക ജഡ്ജി വി. പ്രകാശ് ശിക്ഷ വിധിച്ചത്.
കൈക്കൂലി കൊടുത്ത സി.പി.എം പ്രാദേശിക നേതാവ് വിചാരണ നടപടികള്‍ക്കിടെ പ്രതിക്ക് അനുകൂലമായി കൂറുമാറിയിരുന്നു. അഴിമതി നിരോധന നിയമം സെക്ഷന്‍ ഏഴുപ്രകാരം ഒരു വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും സെക്ഷന്‍ 13 (1 ഡി) പ്രകാരം രണ്ടുവര്‍ഷം കഠിനതടവും 10,000 രൂപ പിഴയുമാണു ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ മൂന്നുമാസം വീതം അധികമായി കഠിനതടവ് അനുഭവിക്കണം. തടവുശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്ന് വിധിയില്‍ വ്യക്തമാക്കിയതിനാല്‍ പ്രതിക്കു രണ്ടുവര്‍ഷം കഠിനതടവ് അനുഭവിച്ചാല്‍ മതിയാകും.
2005 മാര്‍ച്ച് 31ന് കോഴിക്കോട് നളന്ദ ഹോട്ടലിലെ 201-ാം നമ്പര്‍ മുറിയില്‍ വച്ചു കൈക്കൂലി പണം വാങ്ങിയ ഉടന്‍ കണ്ണപ്പനെ വിജിലന്‍സ് കൈയോടെ പിടികൂടുകയായിരുന്നു. കക്കോടി സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറിയായിരുന്ന ഗോകുല്‍ദാസില്‍ നിന്നാണു കൈകൂലി വാങ്ങിയത്. കക്കോടി പഞ്ചായത്ത് അത്താഴക്കുന്ന് സാമൂഹ്യ ജലസേചന പദ്ധതിയുടെ ഫൈനല്‍ ബില്ല് പാസാക്കുന്നതിനാണ് 1,000 രൂപ കൈക്കൂലി വാങ്ങിയത്.
അന്ന് വിജിലന്‍സ് ഡിവൈ.എസ്.പിയായിരുന്ന സി.എം പ്രദീപ്കുമാറും സംഘവും കണ്ണപ്പന്‍ ഉടുത്തിരുന്ന മുണ്ടിന്റെ അരക്കെട്ടില്‍ നിന്നാണ് ഫിനോഫ്ത്തലിന്‍ വിതറിയിരുന്ന പണം പിടിച്ചത്. ഈ സമയം ഹോട്ടല്‍ മുറിയില്‍ കോഴിക്കോട്, ചേളന്നൂര്‍ ബ്ലോക്കിലെ വിവിധ പ്രവൃത്തി ഫയലുകളും ഇതു പാസാക്കുന്നതിനായി വിവിധ കരാറുകാരുമുണ്ടായിരുന്നതായി വിജിലന്‍സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കേസിന്റെ വിചാരണാവേളയില്‍ പരാതിക്കാരനായ ഗോകുല്‍ദാസിനെ കൂടാതെ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെ ഒന്‍പതു സാക്ഷികളാണു കൂറുമാറിയത്. മൊത്തം 21 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ ലീഗല്‍ അഡൈ്വസര്‍ ഒ. ശശി ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."