ഒടുവിലിതാ, കീശയിലൊതുങ്ങുന്ന ഇ.വി
വീൽ
വിനീഷ്
പത്ത് ലക്ഷം... അതൊരു മാസ്മരിക സംഖ്യയാണ്. കാരണം ഇതിന് താഴെ ഒരു ഇലക്ട്രിക് കാർ ലഭിക്കാനായാണ് ഇന്ത്യ കാത്തിരുന്നത്. ഇതാ അതും സാധ്യമായിരിക്കുന്നു. ടാറ്റാ ടിയാഗോ ഇ.വിയിലൂടെ. വില ആരംഭിക്കുന്നത് 8.49 ലക്ഷം മുതൽ. ടോപ് എൻഡ് മോഡലിലെത്തുമ്പോൾ ഇത് 11.79 ലക്ഷം വരെയാകും.ബുക്കിങ് ഒക്ടോബർ 10 മുതൽ ആരംഭിക്കും. ജനുവരിയിൽ ഡെലിവറി തുടങ്ങുമെന്നാണ് ടാറ്റ മോട്ടോഴ്സ് പറയുന്നത്.
ഇന്ത്യയിലെ ജനകീയ വാഹനമായ മാരുതി ഒാൾട്ടോ പോലെ ഇലക്ട്രിക് കാറുകളിലെ ഇൗ ‘ഒാൾട്ടോ’യുടെ വിശേഷങ്ങൾ പറയുകയാണെങ്കിൽ, 19.2 kWhഉും 24 kWh ഉും ഉള്ള രണ്ട് ലിഥിയം അയൺ ബാറ്ററി പാക്കുകളുമായാണ് ടിയാഗോ എത്തുന്നത്. ആദ്യത്തേത് 250 കി.മീഉം പവർകൂടിയ രണ്ടാമത്തെ മോഡലിന് 315 കി.മീമാണ് കമ്പനി അവകാശപ്പെടുന്ന റേഞ്ച്. ഇന്ത്യൻ നിരത്തുകളിൽ 200-230 കി.മീഉം 250- 290 കി.മീഉം യഥാക്രമം ഇവയ്ക്ക് റേഞ്ച് പ്രതീക്ഷിക്കാം. എട്ട് വർഷം അല്ലെങ്കിൽ 1,60,000 കി.മീ വാറണ്ടിയും ബാറ്ററിക്ക് കമ്പനി നൽകുന്നുണ്ട്. 61 ബി.എച്ച്.പിയും 74 ബി.എച്ച്.പിയുമാണ് യഥാക്രമം രണ്ട് വാഹനങ്ങൾക്കും കരുത്ത്. 0-60 കി.മീ വേഗതയെടുക്കാൻ കരുത്തു കൂടിയ മോഡലിന് 5.7 സെക്കൻഡ് മതി. 50 Kw ഡി.സി ഫാസ്റ്റ് ചാർജറിൽ ബാറ്ററി 80 ശതമാനം ചാർജ് ചെയ്യാൻ 57 മിനിറ്റ് മതി. ഹോം ചാർജറിൽ ആണെങ്കിൽ ഫുൾ ചാർജിങ് സമയം അഞ്ച് മുതൽ ആറര മണിക്കൂർ വരെയാണ്. എ.സി ഫാസ്റ്റ് ചാർജറിൽ രണ്ടര മണിക്കൂർ മുതൽ മൂന്നര മണിക്കൂർ ഫുൾ ചാർജിന് എടുക്കും.
സാധാരണ ടിയാഗോയിൽ നിന്ന് കാര്യമായി വ്യത്യാസമില്ലാതെയാണ് ഇ.വി മോഡൽ എത്തുന്നത്. എന്നാൽ മുന്നിലെ ക്ലോസ്ഡ് ഗ്രില്ലും ഹെഡ് ലൈറ്റിന് സമീപം നൽകിയിരുന്ന നീല നിറത്തിലുള്ള ഇൻസെർട്ടുകളും കാഴ്ചയ്ക്ക് വ്യത്യസ്ത ത സമ്മാനിക്കുന്നുണ്ട്.14 ഇഞ്ച് വീൽ ഡിസൈനും മനോഹരമാണ്. അഞ്ച് നിറങ്ങളിൽ മോഡൽ ലഭ്യമാണ്. ഉള്ളിലും എടുത്തുപറയത്തക്ക വ്യത്യാസങ്ങൾ ഇല്ലെങ്കിലും അവിടെയും ഇവിടെയുമായി ടിഗോർ ഇ.വി പോലെ നീല ഇൻസെർട്ടുകളുണ്ട്. ലെതർ ഫിനിഷിലുള്ള സീറ്റുകളും സ്റ്റിയറിങ് വീലുമാണ് ഉൾവശത്തെ പെട്രോൾ മോഡലിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. സാധാരണ ഇ.വി കൾക്കെല്ലാം ഉള്ള ഒരു പ്രശ്നം അവയുടെ പെട്രോൾ- ഡീസൽ മോഡലിനെ അപേക്ഷിച്ച് ഫ്ളോർ അൽപം ഉയർന്നതായിരിക്കുമെന്നതാണ്. ഇത് ഇരിക്കുമ്പോൾ അൽപം അസൗകര്യവും സൃഷ്ടിക്കാറുണ്ട്.
എന്നാൽ ടിയാഗോയ്ക്ക് ഇത്തരം പ്രശ്നങ്ങൾ ഇല്ല. കാരണം ലഭ്യമായ സ്ഥലങ്ങളിൽ വളരെ സമർഥമായി ടാറ്റ ബാറ്ററി പാക്കുകൾ ഒളിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇത് കാരണം ചെറിയ ഒരു പണി കിട്ടിയിട്ടുണ്ട്. സുരേഷ് ഗോപി പറഞ്ഞപോലെ, ഡിക്കിമൊത്തം ബാറ്ററിയിങ്ങെടുത്തതോടെ സ്പെയർ വീലിന് സ്ഥലമില്ല എന്നതാണ് സത്യം. ഞെട്ടേണ്ട, ടിയാഗോയ്ക്ക് സ്പെയർ വീൽ ഇല്ല. പകരം പഞ്ചർ റിപ്പയർ കിറ്റാണ് ടാറ്റ നൽകിയിരിക്കുന്നത്. ഇതിപ്പം യൂറോപ്പിലും മറ്റും പോയാൽ ടോയ്ലറ്റിൽ ഗതികെട്ട് പേപ്പർ ഉപയോഗിക്കേണ്ട അവസ്ഥ പോലെയായല്ലോ എന്നാണ് ഒരു വിരുതൻ ഇതിനെക്കുറിച്ച് പറഞ്ഞ കമൻ്റ് !. എഴ് മോഡലുകളിൽ വാഹനം ലഭ്യമാണ്. ആദ്യത്തെ രണ്ട് മോഡലിലും ശേഷികുറഞ്ഞ ബാറ്ററിയാണുള്ളത്. 9.9 ലക്ഷമാണ് 24 kWh ബാറ്ററിയുള്ള റേഞ്ച് കൂടിയ മോഡലിൻ്റെ സ്റ്റാർട്ടിങ് പ്രൈസ്. ടാറ്റയുടെ സിപ്ട്രോൺ ഇലക്ട്രിക് മോട്ടോറുമായി എത്തുന്ന വാഹനം ഒാട്ടോമാറ്റിക് മോഡിൽ മാത്രമേ ലഭ്യമാകൂ. റെയിൻ സെൻസിങ് വൈപ്പറുകൾ, ക്ളൈമറ്റ് കൺട്രോൾ, പുഷ് ബട്ടൺ സ്റ്റാർട്ട്, ക്രൂയിസ്കൺട്രോൾ തുടങ്ങിയവ വിവിധ മോഡലുകളിൽ ലഭ്യമാണ്.
ഇനി ഒരു കാര്യം കൂടി, പറഞ്ഞത് ടിയാഗോ ഇ.വി ലോഞ്ചിൻ്റെ ഭാഗമായുള്ള വിലയാണ്. ആദ്യം ബുക്ക് ചെയ്യുന്ന 10,000 പേർക്കാണ് ഇൗ വിലയിൽ വാഹനം ലഭിക്കുക. അതിൽ തന്നെ 2000 എണ്ണം നിലവിലെ നെക്സോൺ, ടിഗോർ എന്നീ ഇ.വി കസ്റ്റമേഴ്സിനായി മാറ്റിവച്ചിരിക്കുകയാണ്. അതായത് വിലഅടുത്തുതന്നെ കൂടുമെന്നർഥം. എങ്കിലും നമുക്ക് കാത്തിരിക്കാം, എതിരാളികളില്ലാത്ത ഇൗ പോരാളിക്കായി...
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."