മാധ്യമങ്ങളെ ഭയപ്പെടുന്ന ഭരണകൂടം
പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗപ്പെടുത്തി ബി.ജെ.പി സര്‍ക്കാര്‍ പ്രതിപക്ഷ കക്ഷി നേതാക്കളുടെയും സ്വന്തം പാര്‍ട്ടി നേതാക്കളുടെയും സി.ബി.ഐ മേധാവിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥ മേധാവികളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഫോണുകള്‍ ചോര്‍ത്തിയെന്ന ആരോപണം പാര്‍ലമെന്റിന്റെ ഇരുസഭകളിലും കത്തിനില്‍ക്കുമ്പോള്‍ പ്രതിരോധിക്കാന്‍ പാടുപെടുന്ന ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത് രാജ്യത്തിന്റെ ജനാധിപത്യം തകര്‍ക്കാനുള്ള ബാഹ്യശക്തികളുടെ ശ്രമമാണ് ആരോപണത്തിനു പിന്നിലെന്നായിരുന്നു. ഫോണ്‍ ചോര്‍ത്തലിനു താനും വിധേയനായിട്ടുണ്ടെന്ന യാഥാര്‍ഥ്യം കടിച്ചുപിടിച്ചായിരിക്കണം അശ്വിനി വൈഷ്ണവ് കേന്ദ്ര സര്‍ക്കാരിന് പ്രതിരോധം തീര്‍ത്തിട്ടുണ്ടാവുക. ജനാധിപത്യത്തിന്റെ മുഖംമൂടിയണിഞ്ഞ ഏകാധിപത്യ സര്‍ക്കാരാണ് ഇന്ത്യ ഭരിക്കുന്നതെന്ന യാഥാര്‍ഥ്യം വിദേശ രാഷ്ട്രങ്ങളും തിരിച്ചറിഞ്ഞിരിക്കുന്നു.
ഇന്ത്യയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും ജനാധിപത്യ ധ്വംസനങ്ങളെക്കുറിച്ചും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന മാധ്യമസ്ഥാപനങ്ങളില്‍ നടത്തുന്ന റെയ്ഡുകളെ കുറിച്ചും ഇന്ത്യയ്‌ക്കൊപ്പം വിദേശ രാഷ്ട്രങ്ങളിലും പ്രതിഷേധങ്ങളും ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള പത്രങ്ങളില്‍ പ്രാധാന്യത്തോടെ വാര്‍ത്തകളും ചര്‍ച്ചകളും വന്നുകൊണ്ടിരിക്കുന്നു. ഇതുകാരണം പി.ആര്‍ വര്‍ക്കിലൂടെ നിര്‍മിച്ചെടുത്ത നരേന്ദ്ര മോദിയുടെ പ്രതിച്ഛായക്ക് കോട്ടം തട്ടിയിട്ടുണ്ട്.
ദൈനിക് ഭാസ്‌കര്‍ എന്ന പ്രമുഖ ഹിന്ദി പത്രത്തിന്റെ വിവിധ സംസ്ഥാനങ്ങളിലെ മുപ്പതോളം ഓഫിസുകളും പത്രം ഉടമയുടെയും എഡിറ്റര്‍മാരുടെയും വീടുകളും റെയ്ഡ് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രകോപിതമാക്കിയത് കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ പരാജയം തുറന്ന് കാണിച്ചതിനാലാണെന്നു വ്യക്തം. ഇതുസംബന്ധിച്ച് ദൈനിക് ഭാസ്‌കര്‍ എഡിറ്റര്‍ ഓം ഗൗര്‍ ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനവും സര്‍ക്കാരിനെ അരിശംകൊള്ളിച്ചിരുന്നു. ഈ ലേഖനം ആഗോള ചര്‍ച്ചയായതിലൂടെ ബി.ജെ.പി സര്‍ക്കാരിന്റെ കണ്ണിലെ കരടാവുകയായിരുന്നു ദൈനിക് ഭാസ്‌കര്‍. കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ കിട്ടാതെ യു.പിയില്‍ ആളുകള്‍ മരിച്ചുകൊണ്ടിരുന്നതും ഗംഗയിലൂടെ ശവങ്ങള്‍ ഒഴുകിക്കൊണ്ടിരുന്നതും ദൈനിക് ഭാസ്‌കറും യു.പിയിലെ ഭാരത് സമാചാര്‍ ചാനലും പുറത്തുകൊണ്ടുവന്നത് യു.പി സര്‍ക്കാരിനെയും കേന്ദ്ര സര്‍ക്കാരിനെയും ഒരുപോലെ ചൊടിപ്പിക്കുകയുണ്ടായി. ജനാധിപത്യത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടയ്ക്കിടെ ആണയിടുമെങ്കിലും പ്രവൃത്തിയില്‍ പ്രതിഫലിക്കുക ഏകാധിപത്യ പ്രവണതകളാണ്. അതിനാലാണ് സ്ഥിരം ആയുധമായ ആദായ നികുതി വകുപ്പിനെ ഉപയോഗിച്ച് രാജ്യത്തെ മാധ്യമ ഓഫിസുകളിലും എഡിറ്റര്‍മാരുടെ വീടുകളിലും സ്ഥിരമായി റെയ്ഡുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതുകാരണം പല മാധ്യമങ്ങളും ബി.ജെ.പി സര്‍ക്കാരിനു മുന്നില്‍ മുട്ടിലിഴയാന്‍ തുടങ്ങി. മലയാളത്തിലെ ഒരു പ്രമുഖ മാധ്യമവും ഇങ്ങനെ മുട്ടിലിഴയാന്‍ തുടങ്ങിയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
പന്ത്രണ്ട് സംസ്ഥാനങ്ങളിലായി 65 എഡിഷനുകളും 46 ലക്ഷം കോപ്പികളും അച്ചടിക്കുന്ന രാജ്യത്തെ ഉന്നത പാരമ്പര്യമുള്ള ദൈനിക് ഭാസ്‌കര്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഹിന്ദി പത്രമാണ്. പത്രത്തിന്റെ വിവിധ സംസ്ഥാനങ്ങളിലെ ഓഫിസുകള്‍ ആദായ നികുതി വകുപ്പ് റെയ്ഡ് ചെയ്തത് പതിവ് മന്ത്രമായ നികുതി വെട്ടിപ്പ് ഉരുവിട്ടുകൊണ്ടാണ്. കാലഹരണപ്പെട്ട രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിനെതിരേ രണ്ടു ദിവസം മുന്‍പാണ് സുപ്രിംകോടതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനം ഉണ്ടായത്. അല്ലായിരുന്നുവെങ്കില്‍ പത്രത്തിന്റെ ആസ്ഥാനമായ ഭോപ്പാലില്‍ ഗ്രൂപ്പിന്റെ പ്രൊമോട്ടര്‍ സുധീര്‍ അഗര്‍വാളിന്റെ വസതി റെയ്ഡ് ചെയ്തതോടൊപ്പം അദ്ദേഹത്തിനെതിരേ രാജ്യേദ്രാഹക്കുറ്റവും ചുമത്തി ഇതിനകം ജയിലില്‍ അടച്ചിട്ടുണ്ടാകും.
കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ കേന്ദ്ര -യു.പി സര്‍ക്കാരുകള്‍ക്കുണ്ടായ ഭീമന്‍ പരാജയം യാതൊരു മറയുമില്ലാതെ ദൈനിക് ഭാസ്‌കര്‍ തുറന്നുകാട്ടിയതിന്റെയും കേന്ദ്ര സര്‍ക്കാര്‍ നടത്തിയ പെഗാസസ് ചാരപ്രവര്‍ത്തനം സംബന്ധിച്ചു വാര്‍ത്ത നല്‍കിയതിന്റെയും പക തീര്‍ക്കുകയാണിപ്പോള്‍ ബി.ജെ.പി സര്‍ക്കാര്‍.
റെയ്ഡിനെ വിമര്‍ശിച്ചുകൊണ്ട് ദൈനിക് ഭാസ്‌കറിന്റെ വെബ്‌സൈറ്റില്‍ വന്ന അറിയിപ്പ് ശ്രദ്ധേയമാണ്. ''ഞങ്ങള്‍ സ്വതന്ത്രരാണ്. സര്‍ക്കാരിന് ഞങ്ങളെ ഭയമാണ് '' എന്നതായിരുന്നു ആ അറിയിപ്പ്.
ചൊല്‍പ്പടിക്ക് നില്‍ക്കാത്ത മാധ്യമങ്ങളെ വച്ചുപൊറുപ്പിക്കുകയില്ലെന്ന സന്ദേശമാണ് ദൈനിക് ഭാസ്‌കര്‍ റെയ്ഡിലൂടെ ബി.ജെ.പി സര്‍ക്കാര്‍ ഇനിയും നട്ടെല്ല് പണയം വച്ചിട്ടില്ലാത്ത മാധ്യമങ്ങള്‍ക്കു നല്‍കുന്നത്.
1948ല്‍ ഭാസ്‌കര്‍ സമാചാര്‍ എന്ന പേരില്‍ ഹിന്ദി ദിനപത്രമായി തുടങ്ങുകയും 1958ല്‍ ദൈനിക് ഭാസ്‌കര്‍ എന്ന പേര് സ്വീകരിക്കുകയും 12 സംസ്ഥാനങ്ങളില്‍ മറാത്തി ഭാഷയിലടക്കം 46 ലക്ഷം കോപ്പികള്‍ അച്ചടിക്കുകയും ചെയ്യുന്ന പത്രം സര്‍ക്കാരിന്റെ ഭീഷണിക്കു മുന്നില്‍ മുട്ടുമടക്കില്ലെന്ന്, അവരുടെ പ്രവര്‍ത്തന പാരമ്പര്യം സാക്ഷ്യപ്പെടുത്തുന്നുണ്ട്. പെഗാസസ് ചാരപ്രവൃത്തിയിലൂടെ രാജ്യത്ത പ്രമുഖ വ്യക്തികളുടെ ഫോണ്‍ ചോര്‍ത്തിയ വിവരങ്ങളും ദൈനിക് ഭാസ്‌കര്‍ വളരെ പ്രാധാന്യത്തോടെയായിരുന്നു പ്രസിദ്ധീകരിച്ചത്. ഇതിനാലാണ് അടിയന്തരാവസ്ഥയെപ്പോലും നാണിപ്പിക്കുന്ന ജനാധിപത്യ ധ്വംസനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ദൈനിക് ദാസ്‌കറിനുനേരേ നടത്തിക്കൊണ്ടിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ ഭീഷണിക്കു മുന്നിലും നിവര്‍ന്നു നില്‍ക്കുന്ന മാധ്യമങ്ങള്‍ കുറ്റിയറ്റു പോയിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ദൈനിക് ഭാസ്‌കറിന്റെ ധീരോദാത്തമായ മാധ്യമ പ്രവര്‍ത്തനം. വിമര്‍ശിച്ചാല്‍ അര്‍ധരാത്രിയില്‍ ആദായ നികുതി റെയ്ഡ് വരുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ, ജനതയുടെ അറിയാനുള്ള അവകാശത്തോടൊപ്പം അവര്‍ നിന്നു. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തന രംഗത്ത് ചങ്കൂറ്റത്തോടെ തലയുയര്‍ത്തി നില്‍ക്കാന്‍ അവര്‍ക്കു കഴിയുന്നത് ഈ നിര്‍ഭയത്വം മൂലമാണ്.
ദൈനിക് ഭാസ്‌കറിനെപ്പോലുള്ള മാധ്യമങ്ങളാണ് ഇന്ത്യയെ പൊതിഞ്ഞു നില്‍ക്കുന്ന ഏകാധിപത്യ ഘനാന്ധകാരത്തില്‍ പ്രകാശിച്ചു നില്‍ക്കുന്ന ജനാധിപത്യ പ്രതീക്ഷയുടെ നെയ്ത്തിരികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."