ഫോണ്‍ ചോര്‍ത്തലിനെ ന്യായീകരിച്ച് പെഗാസസ്
ജറൂസലേം: ഇന്ത്യയിലടക്കം പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തിയത് വന്‍ വിവാദമായിരിക്കേ, ഇത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതിനെ ന്യായീകരിച്ച് പെഗാസസ് സോഫ്റ്റ്വെയറിന്റെ നിര്‍മാതാക്കളായ ഇസ്റാഈലിലെ എന്‍.എസ്.ഒ ഗ്രൂപ്പ് രംഗത്ത്.
ഇത്തരം സംവിധാനങ്ങള്‍ ഉണ്ടായതുകൊണ്ട് ലോകത്ത് ലക്ഷക്കണക്കിനു പേര് രാത്രികളില്‍ സമാധാനമായി ഉറങ്ങുന്നുണ്ടെന്നായിരുന്നു കമ്പനി പ്രസ്താവനയില്‍ ന്യായീകരിച്ചത്.
പലരും ഇതിലൂടെ സുരക്ഷ കണ്ടെത്തുന്നുണ്ടെന്നും തീവ്രവാദത്തെ നേരിടുന്നതിന് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കടക്കം ഇതു വലിയ സഹായമാണെന്നും ലോകത്തെ സുരക്ഷിതമാക്കാനാണ് തങ്ങളുടെ ശ്രമമെന്നും കമ്പനിയുടെ വക്താവ് അവകാശപ്പെട്ടു.
സോഫ്റ്റ്വെയര് ദുരുപയോഗം ചെയ്യുന്നതായി ബോധ്യപ്പെട്ടാല്‍ നടപടി സ്വീകരിക്കും. യു.എന്നിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും വക്താവ് അവകാശപ്പെട്ടു. ഇന്ത്യയ്ക്ക് ഇത്തരത്തില്‍ സഹായം ചെയ്തിട്ടുണ്ടോയെന്ന കാര്യത്തില്‍ കമ്പനി വ്യക്തമായ മറുപടി പറഞ്ഞിട്ടില്ല.
എന്നാല്‍, ഔദ്യോഗിക സംവിധാനങ്ങളുടെ ആവശ്യപ്രകാരമാണ് ഇതിന്റെ ഉപയോഗമെന്ന് നേരത്തെ 2019ല്‍ പി.ടി.ഐക്കു നല്കിയ മറുപടിയില്‍ കമ്പനി വ്യക്തമാക്കുന്നുണ്ട്.
ഇസ്റാഈലിലടക്കം തീവ്രവാദത്തിനെതിരേ ഉപയോഗിക്കുന്ന സോഫ്റ്റ്വെയര് ഇന്ത്യയില്‍ രാഷ്ട്രീയ എതിരാളികള്‍ക്കു നേരെ പ്രയോഗിച്ച മോദി സര്‍ക്കാര്‍ രാജ്യത്തെ ചതിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നേരത്തെ പ്രതികരിച്ചിരുന്നു.
ലോകത്താകെ ഫോണ്‍ ചോര്‍ത്തല്‍ വിവാദമായതോടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അടക്കമുള്ള ചില പ്രമുഖര്‍ ഫോണും സിമ്മും മാറ്റി രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."