മേല്‍ക്കൂരക്കുമുകളിലെ കുട്ടി
ഒരു യാത്രാ സംഘം ഇന്ത്യയിലേക്കുളള വഴിയിലായിരുന്നു. ദിവസങ്ങളായി അവര്‍ ഒന്നും തിന്നിട്ടും കുടിച്ചിട്ടും ഉണ്ടായിരുന്നില്ല. വഴി ദുര്‍ഘടമായിരുന്നതിനാലും ആഹാരം ലഭിക്കാതിരുന്നതിനാലും അങ്ങേയറ്റം ക്ഷീണിതരായിരുന്നു അവര്‍. എങ്കിലും ലക്ഷ്യസ്ഥാനത്ത് എത്തിയേ അടങ്ങൂ എന്ന നിശ്ചയദാര്‍ഢ്യത്തോടെ അവര്‍ യാത്ര തുടര്‍ന്നു.
യാത്രാവേളയില്‍ ഭാഗ്യത്തിന് അവര്‍ ഒരാളെ കണ്ടുമുട്ടി. അവര്‍ കടന്നുപോവുന്ന പ്രദേശങ്ങളെയും അവിടങ്ങളിലെ സസ്യലതാദികളെയും പക്ഷി മൃഗാദികളെയും കുറിച്ച് നല്ല അറിവുള്ള സഞ്ചാരിയായിരുന്നു അയാള്‍. യാത്രാസംഘം ഏറെ നാളായി പട്ടിണിയില്‍ ആണെന്ന് ഒറ്റക്കാഴ്ചയില്‍ അയാള്‍ക്ക് മനസിലായി. ആനത്താരകളുള്ള ആ സ്ഥലത്തെക്കുറിച്ച് അയാള്‍ അവര്‍ക്കു മുന്നറിയിപ്പു നല്‍കി.
'അഭിവാദനം, സുഹൃത്തുക്കളെ! നിങ്ങള്‍ വിശക്കുന്നവരും ക്ഷീണിതരുമാണെന്നു ഞാന്‍ കാണുന്നു. ഭക്ഷണം കിട്ടാത്ത പ്രദേശമാണിത്. ആനകള്‍ ഈ വഴി യഥേഷ്ടം അലഞ്ഞുനടക്കാറുണ്ട്. സൂക്ഷിക്കണം. ഒറ്റപ്പെട്ട ആനക്കുട്ടികളെ നിങ്ങള്‍ കണ്ടുമുട്ടും. നല്ല കൊഴുപ്പും തുടുപ്പുമുള്ള അവയെ പിടികൂടുക ഒട്ടും ബുദ്ധിമുട്ടുള്ള കാര്യമല്ല. പക്ഷേ, അവയെ വേട്ടയാടാന്‍ ശ്രമിക്കരുത്. കാരണം നിങ്ങള്‍ എത്ര ദൂരെ പോയാലും അവയുടെ അമ്മമാര്‍ മണംപിടിച്ച് നിങ്ങളെ പിന്തുടര്‍ന്ന് പിടികൂടും. തന്റെ കുഞ്ഞിനെ കൊന്നുതിന്നവനെ അമ്മയാന വലിച്ചുകീറി തുണ്ടംതുണ്ടമാക്കി എറിയും. ഈ വാക്കുകള്‍ നിങ്ങള്‍ ഓര്‍ത്തിരിക്കുക. ചെടികളും പഴങ്ങളും കിട്ടുമെങ്കില്‍ അവ കൊണ്ടു മാത്രം വിശപ്പകറ്റുക'.
യാത്രാ സംഘം അപരിചിതന്റെ ഉപദേശത്തിനു നന്ദിപറഞ്ഞ് യാത്ര തുടര്‍ന്നു. വിശന്നുവലഞ്ഞ അവര്‍ സകല ചെടികളും പുല്ലുകളും പരിശോധിച്ചു. പക്ഷേ, തിന്നാന്‍പറ്റിയ ഒന്നും അവര്‍ക്കു കണ്ടെത്താനായില്ല. പെട്ടെന്ന് സംഘത്തിലെ ഒരംഗം ഒറ്റപ്പെട്ടു മേയുന്ന ഒരാനക്കുട്ടിയെ കണ്ടു. ഒന്നും ആലോചിക്കാതെ അവര്‍ ആ ആനകുട്ടിയെ വളഞ്ഞു കശാപ്പുചെയ്തു. ഒരാള്‍ മാത്രം അപരിചിതന്റെ ഉപദേശം ഓര്‍ത്ത് അതില്‍ പങ്കുചേരാതെ മാറിനിന്നു. അയാളൊഴികെയുള്ള സംഘാംഗങ്ങളെല്ലാം ആവേശത്തോടെ തീ കൂട്ടി ആനക്കുട്ടിയെ ചുട്ടെടുത്തു കുശാലായി ഭക്ഷിച്ചു.
വിശപ്പടങ്ങിയപ്പോള്‍ അവര്‍ക്ക് വിശ്രമിക്കണമെന്നു തോന്നി. സമീപമുളള ഒരു അരുവിയുടെ കരയില്‍ അവര്‍ വിശ്രമിച്ചു. പതിയെ മയക്കം അവരെ പിടികൂടി. നിമിഷങ്ങള്‍ക്കകം അവര്‍ സുഖനിദ്ര പൂകി. ആനയിറച്ചി ഭക്ഷിക്കാതിരുന്ന ആള്‍ ഉറങ്ങാതെ അവര്‍ക്ക് കാവല്‍നിന്നു. അദ്ദേഹത്തിന്റെ മനസില്‍ അപരിചിതനായ സഞ്ചാരിയുടെ മുന്നറിയിപ്പ് പച്ചപിടിച്ചുകിടന്നിരുന്നു. എന്തോ സംഭവിക്കാന്‍ പോവുന്നതായി അദ്ദേഹം ഭയന്നു.
ഇതിനിടെ ആനക്കുട്ടിയുടെ അമ്മ തന്റെ കുട്ടിയെ കാണാതെ അസ്വസ്ഥയായി അലയുന്നുണ്ടായിരുന്നു. മണംപിടിച്ച് മണംപിടിച്ച് ആ അമ്മ എല്ലാ വഴികളിലൂടെയും നടന്നു. ഒടുവില്‍ അവള്‍ക്ക് കുഞ്ഞിന്റെ മണം കിട്ടി. ആ വഴിയെ അവള്‍ ധൃതിയില്‍ നടന്നു. കുഞ്ഞിന്റെ ഗന്ധം അവളെ എത്തിച്ചത് അരുവിക്കരയില്‍ വിശ്രമിക്കുകയായിരുന്ന യാത്രാ സംഘത്തിന്റെ അടുത്തേക്കാണ്. ഉറങ്ങാതെയിരുന്ന മനുഷ്യനെ ആന തുമ്പിക്കൈകൊണ്ട് ആപാദചൂഡം മണത്തു. പ്രത്യേകിച്ചു മുഖവും കൈകളും ആവര്‍ത്തിച്ചുമണത്തു. അയാള്‍ ഭയവിഹ്വലനായി അനങ്ങാതെ ഇരുന്നു. മണം കിട്ടാത്തതിനാല്‍ അവള്‍ അയാളെ ഉപേക്ഷിച്ചു.
ശേഷം ആന ഉറങ്ങിക്കിടക്കുന്നവരുടെ വായ മണത്തു. ആദ്യത്തെ ആളെ മണത്തപ്പോള്‍ തന്നെ മുന്‍കാലുകള്‍ കൊണ്ട് അയാളുടെ തല ചവിട്ടിയരച്ചു. തുമ്പിക്കൈ കൊണ്ട് ആളെ പൊക്കിയെടുത്ത് പാറക്കെട്ടുകളിലേക്ക് വലിച്ചെറിഞ്ഞു. അങ്ങനെ ഓരോരുത്തരെയും. തന്റെ കുഞ്ഞിനെ കൊന്നുതിന്ന അവസാനത്തെ ആളെയും യമപൂരിക്ക് അയച്ചശേഷം അമ്മയാന ആ പാതകത്തില്‍ പങ്കുചേരാതിരുന്ന ആളുടെ അടുത്ത് മടങ്ങിയെത്തി. ആളെ സ്‌നേഹപൂര്‍വം തുമ്പിക്കൈകൊണ്ട് പൊക്കിയെടുത്ത് തന്റെ പുറത്തുകയറ്റി അയാളുടെ ലക്ഷ്യസ്ഥാനത്തേക്ക്
കൊണ്ടുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."