സോളാർ ഗൂഢാലോചന: ഗണേഷ് കുമാറിനെതിരെ യു.ഡി.എഫ് പ്രത്യക്ഷ സമരത്തിലേക്ക്, നിയമ നടപടിയെടുക്കാനും സാധ്യത
സോളാർ ഗൂഢാലോചന: ഗണേഷ് കുമാറിനെതിരെ യു.ഡി.എഫ് പ്രത്യക്ഷ സമരത്തിലേക്ക്; നിയമ നടപടിയെടുക്കാനും സാധ്യത
തിരുവനന്തപുരം: സോളാർ കേസിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയ കെ.ബി ഗണേഷ് കുമാർ എം.എൽ.എക്കെതിരെ യു.ഡി.എഫ് പ്രത്യക്ഷ സമരത്തിലേക്ക്. ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന സി.ബി.ഐ കണ്ടെത്തലിന് പിന്നാലെയാണ് യു.ഡി.എഫിന്റെ നീക്കം. ഗണേഷ് കുമാറിനെ മന്ത്രിസഭയിലേക്ക് എടുക്കാൻ എൽ.ഡി.എഫ് തീരുമാനം വരുന്നതിനിടെയാണ് സമരവുമായി യു.ഡി.എഫ് മുന്നോട്ട് വന്നത്.
19ന് ചൊവ്വാഴ്ച എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഗണേഷ് കുമാറിന്റെ ഓഫിസിലേക്ക് യു.ഡി.എഫ് മാർച്ച് നടത്തും. ഗണേഷിനെതിരെ നിയമനടപടി സ്വീകരിക്കാനും നേതൃത്വം ആലോചിക്കുന്നുണ്ട്. വിഷയത്തിൽ നിയമസഭയിൽ ഷാഫി പറമ്പിൽ എം.എൽ.എ പ്രമേയം അവതരിപ്പിച്ചിരുന്നു.
ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കി സി.ബി.ഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് കെ.ബി ഗണേഷ് കുമാർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നതായുള്ള വെളിപ്പെടുത്തൽ പുറത്തുവന്നത്. ഗണേഷ് കുമാർ, ഗണേഷിന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാൾ എന്നിവർ ചേർന്ന് ഉമ്മൻ ചാണ്ടിയെ കേസിൽ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് സി.ബി.ഐ റിപ്പോർട്ട്. പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ല. ഇത് പിന്നീട് എഴുതിച്ചേർത്തതാണെന്നും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."