നബിദിനാഘോഷം: പണ്ഡിത വീക്ഷണങ്ങൾ
നബിദിനാഘോഷം:പണ്ഡിത വീക്ഷണങ്ങൾ
വീണ്ടും ഒരു പുണ്യ റബീഅ് സമാഗതമായിരിക്കുകയാണ്.
ഏതൊരു വിശ്വാസിയുടെ ഹൃദയവും ആനന്ദതുന്ദിലമാകുന്ന ദിനരാത്രങ്ങൾ.
പക്ഷേ ഖേദകരം എന്ന് പറയട്ടെ, നമുക്കിടയിൽ ഒരു വിഭാഗം മുസ്ലീങ്ങൾ എന്ന് പേര് പറയുന്ന ആളുകൾ തന്നെ ഈ മാസത്തെ അങ്ങേയറ്റം അവഗണിക്കുന്നത് കാണാനാവും. ഈ ലോകത്തിൻറെ സൃഷ്ടിപ്പിന് തന്നെ കാരണക്കാരനായ പുണ്യ ഹബീബിന്റെ ആഗമനം കൊണ്ട് മണ്ണും വിണ്ണും സന്തോഷിച്ച ദിവസത്തിൽ വിശ്വാസിഹൃദയങ്ങളിൽ നിന്ന് അണപൊട്ടിയൊഴുകുന്ന മഹബ്ബത്തിന് തടയണ തീർക്കാൻ അവർ പറയുന്ന ന്യായം പ്രമാണങ്ങളിൽ ഞങ്ങൾ നബിദിനാഘോഷത്തിന് തെളിവുകൾ കണ്ടില്ല എന്നാണ്.
എന്നാൽ നൂറ്റാണ്ടുകൾക്കു മുമ്പ് ഇവിടെ ജീവിച്ചു മറിഞ്ഞുപോയ അഗ്രേസ്യരായ നിരവധി പണ്ഡിതന്മാർ പ്രമാണങ്ങൾ നിരത്തി തെളിവ് സമർപ്പിച്ച ഒരു വിഷയത്തിലാണ് ഇപ്പോഴും ഇക്കൂട്ടർ തർക്കിച്ചു കൊണ്ടിരിക്കുന്നത്.
ഖുർആൻ, ഹദീസ്, ഇജ്മാഅ്, ഖിയാസ് എന്നീ പ്രമാണങ്ങൾ കൊണ്ടെല്ലാം സ്ഥിരപ്പെട്ടതാണ് നബിദിനാഘോഷം.
പലപ്പോഴും അത്തരം ചർച്ചകൾ നമ്മൾ എഴുതുകയും വായിക്കുകയും ചെയ്തിട്ടുള്ളവരാണ്. ഇവിടെ ഉദ്ധരിക്കുന്നത് നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ചു മൺമറഞ്ഞുപോയ പണ്ഡിതന്മാരുടെ മാത്രമാണ്.
നബിദിനാഘോഷത്തിൽ എന്തായിരുന്നു പണ്ഡിതപക്ഷം എന്നാണ് നമ്മൾ പരിശോധിക്കുന്നത്.
ഇമാം അബൂ ശാമ (റ)
ചരിത്രം, ഹദീസ്, കർമശാസ്ത്രം എന്നീ വിഷയങ്ങളിൽ അവഗാഹം നേടിയ പണ്ഡിതനും, നിരവധി ഗ്രന്ഥങ്ങളുടെ കർത്താവും
രണ്ടാം ഷാഫിഈ എന്നറിയപ്പെടുന്ന ഇമാം നവവി(റ)യുടെ ഗുരുനാഥനും
ഹിജ്റ 595 ൽ ദിമഷ്ഖിൽ ജനിക്കുകയും -665 ദിമഷ്ഖിൽ തന്നെ ഇഹലോകവാസം വെടിയുകയും ചെയ്ത
ഇമാം അബൂ ശാമ(റ) പറയുന്നു:
‘ഇവയെല്ലാം (മുമ്പ് പറയപ്പെട്ട
നബിദിനാഘോഷവുമായി ബന്ധപ്പെട്ട
പ്രവർത്തനങ്ങൾ) ദരിദ്രർക്ക് ഗുണം
ചെയ്യുകയെന്നതോടൊപ്പം തന്നെ ഈ പ്രവർത്തനങ്ങൾ ചെയ്യുന്ന വ്യക്തിയുടെ മനസ്സിൽ നബി(സ്വ)യോടുള്ള സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും
പ്രകടനമാണ്. ലോകാനുഗ്രഹിയായി അല്ലാഹു നിയോഗിച്ച റസൂൽ തിരുമേനി (സ്വ)യെ സൃഷ്ടിച്ചതിലൂടെ അല്ലാഹു ചെയ്ത അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിക്കലുമാണത്.’
(അൽ ബാഹിസ് അലൽ ബിദഇ വൽ ഹവാദിസ്)
ഇമാം സുയൂത്ഥി(റ)
സ്വഹീഹുൽ ബുഖാരിക്ക് ഏറ്റവും പ്രസിദ്ധമായ വ്യാഖ്യാന ഗ്രന്ഥമെഴുതിയ
ഇബ്നു ഹജർ അൽ അസ്ഖലാനി(റ)ന്റെ പ്രഗത്ഭ ശിഷ്യനും നിരവധി ഗ്രന്ഥങ്ങളുടെ കർത്താവും, ഹിജ്റ 849 ൽ ജനിക്കുകയും 911 ൽ ഇഹലോകവാസം വെടിയുകയും ചെയ്ത ഇമാം അൽ ഹിഫിള് ജലാലുദ്ദീൻ അസ്സുയൂത്ഥി(റ) തൻ്റെ പ്രിയപ്പെട്ട ഗുരുവര്യനെ ഉദ്ധരിച്ചുകൊണ്ട് പറയുന്നു:
‘ഇബ്നു ഹജർ അൽ അസ്ഖലാനി(റ) പറയുന്നു: നബിദിനം കഴിക്കുന്നതിന് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച ഹദീസ് തെളിവായി ഞാൻ മനസ്സിലാകുന്നു.
നബി(സ) മദീനയിൽ ചെന്നപ്പോൾ അവിടത്തെ ജൂതർ മുഹറം പത്തിന് നോമ്പ് അനുഷ്ഠിക്കുന്നത് കണ്ടു. നബി(സ) ചോദിച്ചു: എന്തിന്നാണ് നിങ്ങൾ നോമ്പനുഷ്ഠിക്കുന്നത്? അവർ പറഞ്ഞു: മൂസാ നബിയെ അല്ലാഹു രക്ഷിച്ചത് ഈ ദിവസമാണ്.
അത് കൊണ്ട് ഞങ്ങൾ നന്ദി പ്രഘടിപ്പിക്കുന്നു. ഇതിൽ നിന്ന് ഒരു അനുഗ്രഹം ഉണ്ടായാൽ ആ ദിവസം നന്ദി പ്രഘടനം നടത്താം എന്ന് മനസ്സിലാക്കാം. പ്രവാചകരുടെ ജന്മത്തേക്കാൾ വലിയ അനുഗ്രഹം ഏതാണുള്ളത്’
(അൽ ഹാവി ലിൽ ഫതാവാ)
ഇമാം ഖസ്ത്വല്ലാനി (റ)
സ്വഹീഹുൽ ബുഖാരിക്ക് പ്രസിദ്ധമായ വ്യാഖ്യാന ഗ്രന്ഥം എഴുതിയ മറ്റൊരു പണ്ഡിതനാണ് ഇമാം അൽ ഹാഫിള് ശിഹാബുദ്ദീൻ അൽ ഖസ്ത്വല്ലാനി (റ). ചരിത്രം, ഹദീസ്, കർമശാസ്ത്രം എന്നീ വിജ്ഞാന ശാഖകളിലെല്ലാം അദ്ദേഹം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
ഹിജ്റ 851 ൽ ആണ് ജനനം. 923 ൽ ഇഹലോകവാസം വെടിഞ്ഞു. അദ്ദേഹം നബിദിനാഘോഷത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്:
‘റബീഉൽ അവ്വൽ പന്ത്രണ്ടിനാണ് നബി(സ) ജനിച്ചത്. ഈ അഭിപ്രായം അനുസരിച്ചായിരുന്നു മക്കക്കാർ പ്രവർത്തിച്ചിരുന്നത് ആ ദിവസം മക്കക്കാർ നബി(സ) ജനിച്ച സ്ഥലം സന്ദർശിക്കാറുണ്ടായിരുന്നു.’
(അൽ മവാഹിബുല്ലദുന്നിയ്യ)
ഇബ്നു ഖല്ലിഖാൻ (റ)
ഖാസി, ചരിത്രകാരൻ, ഫഖീഹ്, മുഹദ്ദിസ് എന്നീ മേഖലകളിലെല്ലാം പ്രശോഭിച്ച മഹാപണ്ഡിതനാണ് ഇമാം ഷംസുദ്ദീൻ അബൂബക്കർ ബ്ൻ ഖല്ലിഖാൻ(റ). ഹിജ്റ 608ൽ ജനിക്കുകയും 681ൽ ഇഹലോകവാസം വെടിയുകയും ചെയ്തു.
അദ്ദേഹം തന്റെ പ്രസിദ്ധമായ ഗ്രന്ഥത്തിൽ ഇങ്ങനെ കുറിക്കുന്നു:
‘ഹാഫിള് ഇബ്നു ദിഹ്യ(റ) ശ്രദ്ധേയനായ പണ്ഡിതന്മാരിൽ ഒരാളും മഹാനുമായിരുന്നു. ഹദീസിലും, ഭാഷയിലും കവിതയിലും മഹാപാണ്ഡിത്യം നേടിയ അദ്ദേഹം ഹദീസ് തേടി മിക്ക ഇസ്ലാമിക രാഷ്ട്രങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്.
വളരെ വിപുലമായ രീതിയിൽ നബിദിനാഘോഷം നടത്തിയിരുന്ന മുളഫർ(റ) രാജാവിന് മഹാനവറുകൾ ഒരു മൗലിദ് കിതാബ് രചിച്ച് കൊടുക്കുകയും അദ്ദേഹം തന്നെ അത് പാരായണം ചെയ്തു കൊടുക്കുകയും ചെയ്തു.’
(വഫിയ്യാത്തുൽ അഅ് യാൻ)
ഇബ്നു ജുബൈർ അൽ ഉൻദുലിസി (റ)
ലോകം മുഴുവൻ ചുറ്റി സഞ്ചരിച്ച പണ്ഡിതനാണ് അബുൽ ഹസൻ ഇബ്നു ജുബൈർ (റ). ഹിജ്റ 540 ലായിരുന്നു ജനനം. അദ്ദേഹം പല യാത്രകൾ നടത്തിയെങ്കിലും ആദ്യത്തെ യാത്രയിലെ വിവരണങ്ങൾ മാത്രമാണ് ക്രോഡീകരിച്ച് ഗ്രന്ഥങ്ങളാക്കിയത്. അദ്ദേഹത്തിൻറെ പ്രസിദ്ധമായ രിഹ് ല എന്ന യാത്രാ വിവരണ ഗ്രന്ഥത്തിൽ റബീഉൽ അവ്വലിൽ മക്കയിലെ അനുഭവങ്ങളെ കുറിച്ച് ഇങ്ങനെ കുറിക്കുന്നു:
‘റബീഉൽ അവ്വൽ മാസത്തിലും ആ മാസത്തിലെ തിങ്കളാഴ്ച ദിവസങ്ങളിലും ഈ അനുഗ്രഹീത സ്ഥലം, അതായത് പ്രവാചകന്റെ ഭവനം, തുറന്ന് ബറക്കത്ത് എടുക്കാൻ വേണ്ടി എല്ലാ ആളുകളും അതിൽ പ്രവേശിക്കും. നബി തങ്ങൾ ജനിച്ച ദിവസത്തിൽ പുണ്യസ്ഥലങ്ങളെല്ലാം തുറക്കപ്പെടുന്നു.
മക്കയിൽ ഇത് ഒരു മഹത്തായ ദിവസമാണ്.’
(രിഹ് ലത്തു ഇബ്നു ജുബൈർ)
ഇമാം സഖാവി(റ)
ഇമാം അൽ ഹാഫിള് ഇബ്നു ഹജർ അൽ അസ്ഖ്വലാനി (റ) വിന്റെ അരുമ ശിഷ്യരാണ്
ഇമാം അൽ ഹാഫിള് ശംസുദ്ദീൻ അസ്സഖാവി(റ)
അദ്ദേഹം രേഖപ്പെടുത്തുന്നു:
‘പ്രസിദ്ധമായ അഭിപ്രായപ്രകാരം റബീഉൽ അവ്വൽ 12നാണ് നബി (സ) തങ്ങൾ ജനിച്ചത്.
എന്നാൽ റബീഉൽ അവ്വൽ 2, 8, 10 എന്നീ ദിവസങ്ങളിലാണ് ജനനം എന്ന ചില അപ്രസിദ്ധമായ അഭിപ്രായങ്ങളും ഉണ്ട്.
അതിനാൽ റബീഉൽ അവ്വലിലെ രാപ്പകലുകളെ മുഴുവൻ സാധിക്കുന്ന അത്ര സുകൃതങ്ങളാൽ ധന്യമാക്കണം.’
(അൽ അജ് വിബത്തുൽ മർളിയ്യ)
ഇബ്നു ബത്തൂത്ത
ചരിത്ര പണ്ഡിതനും സഞ്ചാരിയുമായിരുന്ന ഇബ്നു ബത്തൂത്ത ഹിജ്റ 703 ലാണ് ജനിക്കുന്നത് 779 ൽ ദിവംഗതനായി.
അദ്ദേഹം തൻറെ പ്രസിദ്ധമായ സഞ്ചാര വിവരണഗ്രന്ഥത്തിൽ കുറിക്കുന്നു:
‘എല്ലാ വെള്ളിയാഴ്ച ദിവസവും പ്രത്യേകിച്ച് റബീഉൽ അവ്വൽ 12 നും (നബിദിനം) വിശുദ്ധ കഅ്ബയുടെ കവാടം തുറക്കും.
പ്രായം ചെന്ന ഒരാൾ പ്രത്യേക കോണി ഉപയോഗിച്ച് കയറി മൂടുപടം നീക്കി കവാടം തുറന്നു ഉള്ളിൽ കയറി രണ്ട് റക്അത്ത് നിസ്കരിക്കും. ചുറ്റും കൂടി നിൽക്കുന്നവർ തക്ബീർ ചൊല്ലുകയും “അല്ലാഹുവേ നിന്റെ അനുഗ്രഹത്തിന്റെ കവാടം ഞങ്ങൾക്ക് തുറന്നു തരേണമേ" എന്ന് പ്രാർത്ഥിക്കുകയും ചെയ്യും.’
മറ്റൊരു സ്ഥലത്ത് ഇങ്ങനെ കുറിക്കുന്നു:
‘മക്കയിലെ ഖാസി ഇമാം നജ്മുദ്ദീൻ മുഹ്യിദ്ദീനു ത്വബി(റ) ധാരാളം ധർമ്മം ചെയ്യുകയും കഅ്ബാലയം വളരെയധികം ത്വവാഫ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യുന്ന ആളായിരുന്നു.
മഹത്വപ്പെട്ട ദിവസങ്ങളിൽ അദ്ദേഹം ജനങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്യും. പ്രത്യേകിച്ച് നബിദിനത്തിൽ അദ്ദേഹം ധാരാളം ഭക്ഷണം വിതരണം ചെയ്യും.
മിസ്റിന്റെ രാജാവ് നാസിർ അദ്ദേഹത്തെ വളരെയധികം ബഹുമാനിക്കുമായിരുന്നു.’
(തുഹ്ഫത്തു ന്നിളാർ ഫീ ഗറാഇബിൽ അംസാർ)
മുല്ലാ അലിയ്യുൽ ഖാരി(റ)
ഹിജ്റ 1014 ൽ ജനിച്ച ഹനഫീ കർമ്മ ശാസ്ത്ര പണ്ഡിതൻ മുല്ലാ അലിയ്യുൽ ഖാരി (റ) രേഖപ്പെടുത്തുന്നു:
‘ഇമാം സഖാവി(റ) പറയുന്നു: ഹിജ്റ 785 ഒരു നബിദിന തലേദിവസം രാത്രി രാജാവ് സാഹിർ സൈഫുദ്ദീൻ ബർകൂക്ക്(റ)നോടൊപ്പം ഞാൻ പങ്കെടുത്തു. അവിടെ കൂടിയ ഖുർആൻ പാരായണക്കാർ, പ്രഭാഷകർ, പാട്ടുകാർ തുടങ്ങിയ ആളുകൾക്ക് രാജാവ് ഏകദേശം 10,000 മിസ്കാൾ സ്വർണ്ണമാണ് ചെലവഴിച്ചത്. എന്തൊരു അത്ഭുതം.!! അത് എന്നെ ആശ്ചര്യപ്പെടുത്തി. ചുട്ടതും വേവിച്ചതും പാനീയങ്ങളുമായി ഭക്ഷണ വിഭവങ്ങൾ ഒട്ടനവധി ഉണ്ടായിരുന്നു.’
(അൽ മൗരിദുറവിയ്യു ഫീ മൗലിദി ന്നബിയ്യ്)
ജമാലുദ്ദീൻ മുഹമ്മദ് ജാറുള്ളാഹ് അൽ ഖുറൈശി (റ)
നിരവധി വിജ്ഞാന ശാഖകളിൽ പ്രഗൽഭ്യം നേടിയിരുന്ന പണ്ഡിതനും വിശ്രുത പണ്ഡിതന്മാരുടെ ശിഷ്യനുമായ ജമാലുദ്ദീൻ മുഹമ്മദ് ജാറുള്ളാഹ് (റ) തൻറെ ഗ്രന്ഥത്തിൽ കുറിക്കുന്നു:
‘എല്ലാ വർഷവും റബീഉൽ അവ്വൽ പന്ത്രണ്ടാം തീയതി രാത്രി മക്കയിലെ ശാഫിഈ പണ്ഡിതനായ ഖാസി , മഗ്‌രിബ് നമസ്‌കാരത്തിന് ശേഷം ഈ മഹത്തായ സ്ഥലം( നബി (സ) തങ്ങൾ ജനിച്ച സ്ഥലം) സന്ദർശിക്കാൻ തയ്യാറെടുക്കുന്നത് മക്കയിൽ പതിവാണ്. ന്യായാധിപന്മാർ, നിയമജ്ഞർ, സദ്‌വൃത്തർ, തുടങ്ങി ഒട്ടുമിക്ക പ്രമുഖരടങ്ങിയ ഒരു ജനക്കൂട്ടം തന്നെ, ധാരാളം വിളക്കുകളും വലിയ മെഴുകുതിരികളുമായി അവിടെയെത്തും.’
(അൽ ജാമിഉൽ ലത്തീഫ് ഫീ ഫള്ലി മക്ക)
മുഹമ്മദ് ബിൻ ഉമർ ബഹ്റഖ് അൽ ഹള്റമി (റ)
അറബി സാഹിത്യപണ്ഡിതൽ,
മുഹദ്ദിസ്, ഖാസി എന്നീ സ്ഥാനങ്ങളിലെല്ലാം പ്രസിദ്ധനായ പണ്ഡിതനാണ് ഇദ്ദേഹം.
അദ്ദേഹം തന്നെ ഗ്രന്ഥത്തിൽ കുറിക്കുന്നു:
‘നബി തങ്ങൾ പിറന്ന ദിവസം ഒരു ആഘോഷ ദിവസമാക്കപ്പെടേണ്ടതാണ്.
നബി തങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളെ ബഹുമാനിക്കൽ കൊണ്ട് നിങ്ങൾ അല്ലാഹുവിലേക്ക് അടുക്കുക. അല്ലാഹുവിന്റെ അടുക്കൽ നബി തങ്ങൾക്കുള്ള സ്ഥാനം മനസ്സിലാക്കുക. നബി തങ്ങൾ ജനിച്ച ദിവസത്തെ ബഹുമാനിക്കാൻ അതിന്റെ മഹത്വം മനസ്സിലാക്കിയവന് മാത്രമേ സാധിക്കൂ.. അതിന്റെ രഹസ്യം ഗ്രഹിച്ചവന് മാത്രമേ അതിനെ മഹത്വപ്പെടുത്താൻ സാധിക്കൂ..’
(ഹദാഇഖുൽ അൻവാർ)
ശാഹ് വലിയുള്ളാഹി അദ്ദഹ്ലവി(റ)
ശാഹ് വലിയുല്ലാഹിദ്ദഹ്ലവി(റ) ഹിജ്റ 1114 ശവ്വാല്‍ 4 ന് ഡല്‍ഹിക്കടുത്ത പുലാതിയിലാണ് ജനിച്ചത്. ഏഴാം വയസ്സില്‍ ഖുര്‍ആന്‍ മനഃപാഠമാക്കുകയും 14 വയസ്സായപ്പോഴേക്കും ലഭ്യമായ വിജ്ഞാന ശാഖകളിലെല്ലാം പ്രാവീണ്യം നേടുകയും ചെയ്ത ഇന്ത്യ കണ്ട മഹാ പണ്ഡിതൻ അദ്ദേഹത്തിൻറെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്നു:
‘അതിനുമുമ്പ്, ഒരു നബി ജന്മദിനത്തിൽ ഞാൻ മഹത്തായ മക്കയിൽ ആയിരുന്നു,
അന്ന് മക്കയിലെ ജനങ്ങൾ നബി തങ്ങളുടെ മേൽ സ്വലാത്ത് ചൊല്ലുകയും അവിടുത്തെ ജനനസമയത്ത് ഉണ്ടായ അത്ഭുതങ്ങളും രിസാലത്തിനു മുമ്പുണ്ടായ സംഭവങ്ങളും പാരായണം ചെയ്യുകയും പറയുകയും ചെയ്യുന്നത് ഞാൻ കേട്ടു.
പെട്ടെന്ന് ഒരു പ്രകാശം അവിടെ പ്രത്യക്ഷപ്പെട്ടു. അത് എന്റെ ശരീരത്തിലെ കണ്ണുകൊണ്ടാണോ ആത്മാവിന്റെ കണ്ണുകൊണ്ടാണോ ഞാൻ കണ്ടത് എന്ന് എനിക്ക് പറയാൻ സാധിക്കുന്നില്ല.
ഞാൻ ചിന്തിച്ചു നോക്കിയപ്പോൾ ആ മജിലിസിലേക്ക് കടന്നുവന്ന മലക്കുകളിൽ നിന്നാണ് ആ പ്രകാശം എന്ന് എനിക്ക് മനസ്സിലായി.’
(ഫുയൂളുൽ ഹറമൈൻ)
ഇബ്നു തൈമിയ്യ
നബിദിനാഘോഷം ബിദ്അത്താണെന്ന് പറഞ്ഞ വഹാബി നേതാവ് ഇബ്നു തൈമിയ്യ തന്നെ ഉദ്ദേശം നല്ലതാണെങ്കിൽ നബിദിനാഘോഷത്തിൽ പങ്കെടുക്കുന്നവർക്ക് കൂലി കിട്ടുമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം എഴുതുന്നു: ' നബി(സ്വ)യുടെ ജന്മദിനത്തെ ആദരിക്കുന്നവർക്കും അതൊരു ആഘോഷ സുദിനമാക്കുന്നവർക്കും അതിമഹത്തായ പ്രതിഫലം ലഭിക്കുന്നതാണ്. ഇത് അവന്റെ ഉദ്ദേശശുദ്ധിയും പ്രവാചകാദരവിനാലുമാണ്.'
(ഇഖ്തിളാഉ സ്വിറാത്തിൽ മുസ്തഖീം )
റബീഉൽ അവ്വൽ 12ന് ലോക മുസ്ലിമീങ്ങൾ കൊണ്ടാടുന്ന പുണ്യ നബിയുടെ ജന്മദിനാഘോഷത്തിന് അംഗീകാരം നൽകിയ ഒരു ഡസൻ പണ്ഡിതന്മാരെയാണ് മുകളിൽ ഉദ്ധരിച്ചത്.
പ്രഗൽഭരും പ്രസിദ്ധരും വിജ്ഞാനത്തിന്റെ മഹാസാഗരങ്ങളുമായിരുന്ന ഈ പണ്ഡിതന്മാരുടെ വാക്കുകൾക്കാണോ ഇന്ന് തൗഹീദിന്റെ പേരിൽ പോലും പരസ്പരം പോരടിക്കുന്ന മൗലവിമാരുടെ വാക്കുകൾക്കാണോ നാം വില നൽകേണ്ടത് എന്ന് സ്വയം ചിന്തിച്ച് വിലയിരുത്തുക.
ഏവർക്കും നബിദിനാശംസകൾ
(എസ്.കെ.എസ്.എസ്.എഫ് ഇസ്തിഖാമ സംസ്ഥാന സമിതി അംഗമാണ് ലേഖകൻ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."