HOME
DETAILS

സോളാർ കേസ് തിരിച്ചുവരുമ്പോൾ

  
backup
September 17 2023 | 17:09 PM

when-the-solar-case-returns

എൻ.പി.ചെക്കുട്ടി

ഐ.എസ്.ആർ.ഒ ചാരക്കേസിനുശേഷം കേരളരാഷ്ട്രീയം കണ്ട ഏറ്റവും നീചമായ വ്യക്തിഹത്യയും ഗൂഢാലോചനയും സോളാർ കേസിലാണ് തിരശ്ശീല നീക്കിയത്. കേരളത്തിൽ കാലാകാലങ്ങളിൽ ഭരണത്തിലിരുന്ന ഇരുമുന്നണികളും അവയിലെ പ്രമുഖ നേതാക്കളും ധാർമികമായി എത്രമാത്രം പാപ്പരായിരിക്കുന്നു എന്നതിന് ഈ സംഭവങ്ങൾ തന്നെയാണ് ഏറ്റവും വലിയ ദൃഷ്ടാന്തം.
രണ്ടുകേസുകളും തമ്മിൽ ഒരുപാടു സമാനതകളുണ്ട്. രണ്ടിലും കേരളത്തിലെ കോൺഗ്രസ് പാർട്ടിയിലെ ഏറ്റവും പ്രമുഖ നേതാക്കളെ വേട്ടയാടാനുള്ള ശ്രമമാണ് കണ്ടത്; അതതു കാലത്തെ മുഖ്യമന്ത്രിമാരെയാണ് ഇരു സന്ദർഭങ്ങളിലും ലക്ഷ്യമിട്ടത്.

ചാരക്കേസിൽ കൂരമ്പുകൾ ഏറ്റുവാങ്ങിയത് കെ. കരുണാകരനാണെങ്കിൽ സോളാറിലെ രക്തസാക്ഷി ഉമ്മൻ ചാണ്ടിയായിരുന്നു എന്നുമാത്രം. അതിൽ മുഖ്യധാരാ മാധ്യമങ്ങളുടെയും പൊലിസിലെ സ്ഥാപിത താൽപര്യങ്ങളുടെയും കോൺഗ്രസിലെ വിവിധ ഗ്രൂപ്പുകളുടെയും പ്രതിപക്ഷത്തെ പാർട്ടികളുടെയും സജീവ പങ്കാളിത്തവും ഇടപെടലുകളും ഉണ്ടായിരുന്നു. തങ്ങളുടെ തൊഴിൽപരമായ മര്യാദകളും നൈതിക അതിർവരമ്പുകളും ലംഘിച്ചുകൊണ്ടാണ് മാധ്യമങ്ങളടക്കം പലരും ഈ സന്ദർഭങ്ങളിൽ പെരുമാറിയത്.

എന്നാൽ തങ്ങളുടെ നേതാക്കൾക്കു പിന്നിൽ പാറപോലെ ഉറച്ചുനിൽക്കേണ്ട കോൺഗ്രസ് പാർട്ടി, ഒരു തത്വദീക്ഷയുമില്ലാതെ പരസ്പരം നിഗ്രഹിക്കാൻ ശ്രമിക്കുന്ന രണ്ടു സംഘങ്ങളായാണ് ഇരു സന്ദർഭങ്ങളിലും പ്രവർത്തിച്ചത്. കേരളത്തിൽ കോൺഗ്രസിന്റെ ആഭ്യന്തര ശിഥിലീകരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇത്തരം സന്ദർഭങ്ങളിൽ ഗ്രൂപ്പ് താൽപര്യങ്ങൾ മറ്റെല്ലാ പരിഗണനകളെയും തട്ടിമാറ്റി മേധാവിത്വം നേടിയതാണ് എന്ന കാര്യത്തിലും തർക്കമൊന്നുമില്ല.


ഐ.എസ്.ആർ.ഒ ചാരക്കേസിന്റെ ഉദയം മാലദ്വീപുകാരായ രണ്ടുസ്ത്രീകളുടെ അറസ്റ്റിലാണ്. മറിയം റഷീദ, ഫൗസിയാ ഹസൻ എന്നിവർ വിസാ ചട്ടങ്ങൾ ലംഘിച്ച് തിരുവനന്തപുരത്ത് താമസിച്ചു എന്ന കാരണത്താലാണ് അറസ്റ്റിലായത്. ചില പൊലിസുകാരുടെ ലൈംഗികദാഹവും അഴിമതിയും അതിന്റെ പിന്നാമ്പുറക്കഥയായി അക്കാലത്ത് കേട്ടിരുന്നു. പിന്നീടതിനു സംഭ്രമജനകമായ പുതുമാനങ്ങൾ കൈവന്നു. രണ്ടുസ്ത്രീകളും ചേർന്ന് ഇസ്‌റോയിലെ ശാസ്ത്രജ്ഞരിൽനിന്ന് റോക്കറ്റ് സാങ്കേതികവിദ്യ ചോർത്തിയെന്നും അതിനുള്ള പണം നൽകിയത് വിദേശ ശക്തികളാണെന്നും അതിനു പിന്നിൽ സുശക്തമായ അന്താരാഷ്ട്ര ചാരലോബി പ്രവർത്തിച്ചു എന്നുമൊക്കെയാണ് ആരോപണം ഉയർന്നത്.

നമ്പിനാരായണൻ അടക്കം ഏതാനും ശാസ്ത്രജ്ഞർ അറസ്റ്റിലായി; പലരും കടുത്ത ശാരീരിക പീഡനത്തിന് വിധേയരായി. അവസാനം ഇതൊരു തികഞ്ഞ വ്യാജ ആരോപണമാണെന്നും ഇസ്രോ ശാസ്ത്രജ്ഞരെ കേരളാ പൊലിസ് അനാവശ്യമായും അകാരണമായും പീഡിപ്പിക്കുകയിരുന്നു എന്നും സി.ബി.ഐ അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് സുപ്രിംകോടതി ഇടപെടലിലാണ് പൊലിസ് നടപടികൾ അവസാനിപ്പിച്ചത്. അതിനുമുമ്പുതന്നെ മുഖ്യമന്ത്രി കരുണാകരനു രാജിവയ്ക്കേണ്ടിവന്നു.


കരുണാകരനെതിരേ കരുനീക്കിയത് കോൺഗ്രസിൽ അദ്ദേഹത്തിന്റെ എതിരാളികളായിരുന്ന എ.കെ ആന്റണിയും ഉമ്മൻ ചാണ്ടിയും തന്നെയാണ്. പിന്നീട് കരുണാകരൻ കോൺഗ്രസ് വിട്ടുപോകുന്ന തരത്തിൽ പാർട്ടിയിലെ ആഭ്യന്തര ഭിന്നതകൾ രൂക്ഷമാക്കാനാണ് ഈ യുദ്ധങ്ങൾ സഹായിച്ചത്. പാർട്ടിയിലെ തന്റെ സഹപ്രവർത്തകർ പിന്നിൽനിന്ന് കുത്തി എന്നുതന്നെയാണ് കരുണാകരനും അടുത്ത അനുയായികളും നിരീക്ഷിച്ചത്.


ചാരക്കേസ് യഥാർഥത്തിൽ ആരെയാണ് സഹായിച്ചത്? നിരപരാധികളായ ഒരുപാടു മനുഷ്യരുടെ ജീവിതം തകർക്കുകയും ഇന്ത്യയുടെ അഭിമാനമായ ശാസ്ത്ര-സാങ്കേതിക സ്ഥാപനത്തെ വിവാദങ്ങളിൽ കുടുക്കി അവിടെയുള്ള ജീവനക്കാരുടെ മനോധൈര്യം ചോർത്തിക്കളയുകയും ചെയ്ത ഈ നാടകത്തിന്റെ പിന്നാമ്പുറത്ത് ആരാണ് കളിച്ചത്? ഒരിക്കൽപ്പോലും കേരളീയ സമൂഹത്തിന് ഇക്കാര്യത്തിൽ കൃത്യമായ മറുപടി ലഭിക്കുകയുണ്ടായില്ല. തിരശ്ശീലയ്ക്കു പിന്നിൽ കളിച്ച ഗൂഢശക്തികൾ ഇന്നും നിഗൂഢമായിത്തന്നെ തുടരുന്നു.

അതിന്റെ ആത്യന്തിക ഗുണഭോക്താവായി വന്നത് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയാണ് എന്നതല്ലേ സത്യം? നമ്പിനാരായണൻ അടക്കമുള്ള ശസ്ത്രജ്ഞർക്കു നേരിടേണ്ടിവന്ന അതിഭീകര പീഡനവും മാനസിക സംഘർഷങ്ങളും പൊതുസമൂഹത്തിൽ വീണ്ടും ഉയർത്തി രാഷ്ട്രീയനേട്ടം കൊയ്തത്‌ പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ പാർട്ടിയുമാണ്. വിഷയത്തിൽ തങ്ങൾക്കു തെറ്റുപറ്റിയെന്ന് കോൺഗ്രസിലെ പ്രമുഖരായ നേതാക്കളിൽ പലർക്കും വർഷങ്ങൾക്കു മുമ്പേ ബോധ്യമായിരുന്നു. എന്നാൽ അത് തുറന്നുപറയാനോ ഇരകൾക്ക് സമാശ്വാസം നൽകാനോ അവരിൽ ഒരാൾ പോലും മുന്നോട്ടുവന്നില്ല.


ഇസ്രോ ചാരക്കേസിലെന്ന പോലെ അധാർമികമായ രാഷ്ട്രീയ കണക്കുകൂട്ടലുകളാണ് സോളാർ കേസിലും തുടക്കം മുതൽ പ്രവർത്തിച്ചത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അടിക്കാനുള്ള വടിയായാണ് പ്രതിപക്ഷം മാത്രമല്ല, കോൺഗ്രസിലെ എതിർവിഭാഗവും ഈ പ്രശ്നത്തെ ഉപയോഗിച്ചത്. അതിനാലാണ് സോളാർ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വർഷങ്ങളോളം കേരളീയ പൊതുസമൂഹത്തിൽ കത്തിനിന്നത്.
ഒരുപരിധിവരെ ഇത്തരത്തിലുള്ള അധാർമിക രാഷ്ട്രീയത്തിനു കളംനിറഞ്ഞു കളിക്കാൻ സൗകര്യം ഒരുക്കിക്കൊടുത്തത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെയായിരുന്നു എന്നും പറയേണ്ടിവരും.

സോളാർ വിഷയം സജീവമാകുന്ന സന്ദർഭത്തിലാണ് ലീഗിന്റെ അഞ്ചാംമന്ത്രി അവകാശവാദവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് തന്റെ കൈവശമുള്ള ആഭ്യന്തരവകുപ്പ് പാർട്ടിയിലെ മറ്റൊരാൾക്കു കൈമാറേണ്ടിവന്നത്. രാഷ്ട്രീയ പാരമ്പര്യവും പാർട്ടിയിലെ സ്ഥാനവും നോക്കിയാൽ ആ പദവിയ്ക്കു ഏറ്റവും യോഗ്യൻ കെ.പി.സി.സി അധ്യക്ഷൻ രമേശ് ചെന്നിത്തല തന്നെയായിരുന്നു. എന്നാൽ ആഭ്യന്തരവകുപ്പിന്റെ ചുമതല ഉമ്മൻ ചാണ്ടി ഏൽപിച്ചുകൊടുത്തത് സ്വന്തം ഗ്രൂപ്പിലെ വിശ്വസ്തൻ എന്ന് അദ്ദേഹം കരുതിയ തിരുവഞ്ചൂർ രാധാകൃഷ്ണനെയാണ്.


മഹാഭാരത യുദ്ധത്തിനു തൊട്ടുമുമ്പ് കവചകുണ്ഡലങ്ങൾ ഊരിക്കൊടുത്ത കർണ്ണന്റെ അവസ്ഥയിലാണ് പിന്നീട് കേരളം ഉമ്മൻ ചാണ്ടിയെ കാണുന്നത്. അദ്ദേഹം വിദേശത്തുപോയ സമയത്തുതന്നെ മുഖ്യമന്ത്രിയുടെ ഓഫിസിലെ രണ്ടു ജീവനക്കാരെ പൊലിസ് അറസ്റ്റ് ചെയ്തു. അദ്ദേഹത്തിന്റെ ഗൺമാനെതിരേ ഗുരുതര ആരോപണങ്ങൾ ഉയർന്നു. ഭരണകൂടം അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കേളീരംഗമാണെന്ന് ഭരണകൂടത്തിലെ പ്രമുഖർ തന്നെയാണ് കേരളത്തോടു പറയാതെ പറഞ്ഞത്. അക്കാര്യത്തിൽ പാർട്ടിയിലെ സ്വന്തം ഗ്രൂപ്പുകാരും എതിർഗ്രൂപ്പുകാരും ഒരേപോലെ ഉമ്മൻ ചാണ്ടിക്കെതിരേ തിരിഞ്ഞു എന്നതാണ് സത്യം.


ഈ അനുഭവങ്ങളിൽനിന്ന് ഉയർന്നുവരുന്ന പ്രധാന പാഠം കക്ഷിരാഷ്ട്രീയ- ഗ്രൂപ്പുരാഷ്ട്രീയ താൽപര്യങ്ങൾ മറ്റെല്ലാവിധ പരിഗണനകളെയും അതിലംഘിച്ചു മേൽകൈ നേടുമ്പോൾ അതുണ്ടാക്കുന്ന പ്രത്യാഘതം അതീവ ഗുരുതരമായിരിക്കും എന്നതാണ്. നിർഭാഗ്യവശാൽ കേരളത്തിലെ ഏറ്റവും മുതിർന്ന നേതാക്കൾ പോലും ഇക്കാര്യത്തിൽ മാതൃകാപരമായ സമീപനം സ്വീകരിക്കുകയുണ്ടായില്ല. എ.കെ ആന്റണിയും ഉമ്മൻ ചാണ്ടിയും അടക്കമുള്ള കോൺഗ്രസിലെ ഏറ്റവും മുതിർന്ന നേതാക്കൾക്കുപോലും ഗ്രൂപ്പതീതമായി ചിന്തിക്കാൻ കഴിഞ്ഞിട്ടില്ല എന്നതുതന്നെയാണ് സത്യം.

താൽക്കാലിക നേട്ടങ്ങൾക്കും അടുപ്പക്കാരെ സ്ഥാനങ്ങളിൽ തിരുകിക്കയറ്റി തങ്ങളുടെ താൽപര്യങ്ങൾക്ക് ഊനംതട്ടാതെ സംരക്ഷിക്കാനുമുള്ള അമിതോത്സാഹം അവരെ വലിയ ചതിക്കുഴികളിലേക്കാണ് നയിച്ചത്. മോന്തായം വളഞ്ഞാൽ കഴുക്കോലിന്റെ കാര്യം പറയാനില്ല. ഉന്നത നേതാക്കൾ ഗ്രൂപ്പിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെങ്കിൽ അനുയായികൾ അതിന്റെ പേരിൽ ഏതു അതിക്രമത്തിനും തയാറാകും. അതാണ് ഇസ്രോ ചാരക്കേസ് മുതൽ സോളാർ കേസ് വരെയുള്ള അനുഭവങ്ങളിൽ നിന്ന് തെളിയുന്നത്.


ഉമ്മൻ ചാണ്ടിയുടെ മരണത്തോടെ ഈ വസ്തുതകൾ വേണ്ടവിധം കണക്കിലെടുക്കാതെയുള്ള ചർച്ചകളാണ് പൊതുമണ്ഡലത്തിൽ ഉയർന്നുകേൾക്കുന്നത്. അദ്ദേഹത്തിന് ദിവ്യപരിവേഷം നൽകി വസ്തുനിഷ്ഠമായ വിശകലനവും വിമർശനവും അസാധ്യമാക്കുന്ന പ്രക്രിയയാണ് നടക്കുന്നത്. ഉമ്മൻ ചാണ്ടിയെ കേരളത്തിലെ പ്രതിപക്ഷവും ഒരുവിഭാഗം മാധ്യമങ്ങളും വേട്ടയാടി എന്നത് സത്യമാണ്. എന്നാൽ അതിനെ പ്രതിരോധിക്കുന്നതിൽ അദ്ദേഹത്തിന്റെ സ്വന്തം പാർട്ടിയിലെ നേതാക്കളും അനുയായികളും എന്തു പ്രവർത്തനമാണ് കാഴ്ചവച്ചത്?

മുങ്ങുന്ന തോണിക്കു ഒരു ഉന്തുകൂടി എന്ന മട്ടിലുള്ള നീക്കങ്ങളാണ് പലരും നടത്തിയത്. ഇപ്പോൾ ഇക്കഥകളിലെ കേന്ദ്രകഥാപാത്രമായി രംഗത്തെത്തിയിരിക്കുന്ന ദല്ലാൾ പറയുന്നത് സോളാർ വിഷയം കത്തിച്ചുനിർത്തുന്നതിൽ യു.ഡി.എഫ് മന്ത്രിസഭയിലെ രണ്ടു മുൻ ആഭ്യന്തരമന്ത്രിമാർക്കു താൽപര്യമുണ്ടായിരുന്നു എന്നാണ്. സി.പി.എം നേതാക്കളായ വി.എസ് അച്യുതാനന്ദനും പിണറായി വിജയനും ദല്ലാളിനെ ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിക്കെതിരേ കരുക്കൾ നീക്കി എന്നതിൽ സത്യമുണ്ടാവാം.

അതേപ്പറ്റി സി.ബി.ഐ അന്വേഷണം വേണം എന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നതും. എന്നാൽ സി.ബി.ഐ അന്വേഷണത്തിൽനിന്ന് എന്താണവർ പ്രതീക്ഷിക്കുന്നത്? തങ്ങളുടെ കൂട്ടത്തിലെ ചിലർ നടത്തിയ അധാർമികമായ ഇടപെടലുകൾ സംബന്ധിച്ച വിഷയങ്ങൾ അത്തരമൊരു അന്വേഷണത്തിൽനിന്ന് ഒഴിവാക്കി നിർത്താൻ കഴിയുമെന്ന് അവർ പ്രതീക്ഷിക്കുന്നുണ്ടോ?
ഒരു കാര്യം വ്യക്തമാണ്: ഈ കുളത്തിൽ തുണിയില്ലാതെ കുളിച്ചവർ പലരുണ്ട്. അവർ സ്വയം കണ്ണടച്ച് ഇരുട്ടാക്കാൻ ശമിച്ചാൽ അത് വിലപ്പോവാൻ സാധ്യതയില്ല. ഇസ്രോ കേസിലെന്നപോലെ ഇത്തവണയും അതിന്റെ ആത്യന്തിക നേട്ടം കൈവരിക്കുന്നത് കേന്ദ്രം ഭരിക്കുന്ന കക്ഷിയായേക്കാം. ഇരുതലമൂർച്ചയുള്ള വാളുമായാണ് പ്രതിപക്ഷം ഇപ്പോൾ കളത്തിലിറങ്ങുന്നത്.

Content Highlights:When the solar case returns



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago
No Image

ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍; ഓം പ്രകാശിനെ അറിയില്ല, കണ്ടതായി ഓര്‍മ്മയില്ല, പ്രയാഗ മാര്‍ട്ടിന്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-10-10-2024

PSC/UPSC
  •  2 months ago