ചോള രാജാവ് ഹിന്ദു ആയിരുന്നില്ലെന്ന് വെട്രിമാരൻ വിവാദം മുറുകി
ചെന്നൈ • രാജ രാജ ചോളന് ഹിന്ദു രാജാവ് ആയിരുന്നില്ലെന്ന ദേശീയ അവാര്‍ഡ് ജേതാവായ സിനിമാ സംവിധായകന് വെട്രിമാരന്റെ പ്രസ്താവന വിവാദമായി. പ്രസ്താവനയെ പിന്തുണച്ച് സിനിമാതാരങ്ങളും രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയപ്പോള്‍ വെട്രിമാരനെതിരേ ബി.ജെ.പി കേന്ദ്രങ്ങള്‍ കടുത്ത വിമര്‍ശനമുന്നയിച്ചു.
ചോള രാജാവ് ഹിന്ദുവായിരുന്നില്ലെന്നും അദ്ദേഹത്തിന്റെ അസ്തിത്വം തന്നെ കവരാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും വെട്രിമാരന് വിമര്‍ശിച്ചിരുന്നു. തിരുവള്ളുവരെ കാവിവല്‍ക്കരിക്കാന്‍ അവര്‍ ശ്രമിച്ചുവരുന്നു. ഇത് ഒരിക്കലും അനുവദിച്ചുകൂടാ എന്നായിരുന്നു വെട്രിമാരന്റെ വാക്കുകള്‍.
ഈ അഭിപ്രായത്തെ പിന്തുണച്ച കമലഹാസന്, ചോള രാജാവിന്റെ കാലത്ത് ഹിന്ദു മതം ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി.
അക്കാലത്ത് വൈനവം, ശിവം, സമനം എന്നിവയാണ് ഉണ്ടായിരുന്നത്. ഇവ മൂന്നും ഒരുമിച്ച് പറയാനറിയാത്ത ബ്രിട്ടീഷുകാരാണ് പിന്നീട് ഹിന്ദു എന്ന പ്രയോഗം നടത്തിയത്. ബ്രിട്ടീഷുകാര്‍ തൂത്തുക്കുടി ടൂട്ടികോറിന്‍ ആക്കിയതുപോലെയാണെന്നും കമൽ പഞ്ഞു.
പൊന്നിയിന്‍ സെല്വന്-1 എന്ന സിനിമയുടെ റിലീസിന്റെ പിറ്റേന്നായിരുന്നു വെട്രിമാരന്റെ പ്രസ്താവന. രാജ രാജ ചോളന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് എഴുതിയ നോവലിനെ ആസ്പദമാക്കിയാണ് പൊന്നിയിന്‍ സെല്വന് നിര്‍മിച്ചത്. ചോളരാജാവ് ഹിന്ദുവായിരുന്നെന്നും രണ്ട് ക്രൈസ്തവ ദേവാലയങ്ങളും ഒരു മസ്ജിദും അദ്ദേഹം നിര്‍മിച്ചിട്ടുണ്ടെന്നും ബി.ജെ.പി നേതാവ് എച്ച്. രാജ പറഞ്ഞു.
തമിഴ്നാട്ടില്‍ രാജ രാജ ചോളന്റെ പേരില്‍ മുമ്പും വിവാദമുണ്ടായിട്ടുണ്ട്.
ചോള രാജാവിന്റെ ഭരണകാലം ദലിതരുടെ ഇരുണ്ട യുഗമായിരുന്നുവെന്ന് സംവിധായകന് പി.എ രഞ്ജിത്ത് 2019ല്‍ അഭിപ്രായപ്പെട്ടത് വലിയ ചര്‍ച്ചയായിരുന്നു. ദലിത് ഭൂമി പിടിച്ചെടുക്കുകയും പലവിധ ജാതീയ അടിച്ചമര്‍ത്തലുകള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."