പോപ്പുലര്‍ ഫ്രണ്ട് ബന്ധം സ്ഥിരീകരിച്ച് ഐ.എന്‍.എല്‍ ദേശീയ പ്രസിഡന്റ് , ആയുധമാക്കാന്‍ വഹാബ് പക്ഷം
ഇ.പി മുഹമ്മദ്
കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച് ഐ.എന്‍.എല്‍ ദേശീയ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാന്‍. പോപ്പുലര്‍ ഫ്രണ്ടിന്റെ ജീവകാരുണ്യ സംഘടനയായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ സ്ഥാപകരിലൊരാളാണ് താനെന്ന് അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയിലെ പിളര്‍പ്പിനു പിന്നാലെ ദേശീയ പ്രസിഡന്റിന്റെ പോപ്പുലര്‍ ഫ്രണ്ട് ബന്ധം ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം പ്രൊഫ. എ.പി അബ്ദുല്‍ വഹാബിനെ പിന്തുണയ്ക്കുന്നവര്‍ രംഗത്തുവന്നിരുന്നു. കാസിം ഇരിക്കൂര്‍ പക്ഷം ഇതു നിഷേധിച്ചതിനു പിന്നാലെയാണ് മുഹമ്മദ് സുലൈമാന്‍ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചത്. നിലവില്‍ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ വൈസ് പ്രസിഡന്റാണ് അദ്ദേഹം.
ഐ.എന്‍.എല്‍ അധ്യക്ഷനായിരിക്കെ പോപ്പുലര്‍ ഫ്രണ്ടിന്റെ പരിപാടികളില്‍ നിരന്തരം പങ്കെടുക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഡല്‍ഹിയില്‍ പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച സമരങ്ങളിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. പാര്‍ട്ടിയില്‍നിന്ന് നേരത്തെ പുറത്തായ കെ.പി ഇസ്മാഈല്‍ കുറച്ചുദിവസങ്ങള്‍ക്കു മുമ്പ് വാര്‍ത്താസമ്മേളനത്തില്‍ ഇത് ആരോപിച്ചതോടെയാണ് സംസ്ഥാനത്തെ ഐ.എന്‍.എല്‍ വിഭാഗീയതയില്‍ ദേശീയ പ്രസിഡന്റിന്റെ പോപ്പുലര്‍ ഫ്രണ്ട് ബന്ധവും ചര്‍ച്ചയായത്.
അന്ന് അബ്ദുല്‍ വഹാബ് ഈ ആരോപണത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയാറായിരുന്നില്ല. എന്നാല്‍ കൊച്ചിയിലെ നേതൃയോഗം കൂട്ടത്തല്ലില്‍ കലാശിച്ച് പാര്‍ട്ടി പിളര്‍ന്നതോടെ വഹാബ് പക്ഷം ദേശീയ പ്രസിഡന്റിനെതിരേ തിരിഞ്ഞു. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു പകരം കാസിം വിഭാഗത്തിനൊപ്പം നിലയുറപ്പിച്ച മുഹമ്മദ് സുലൈമാന്റെ നടപടിയാണ് എതിര്‍വിഭാഗത്തെ ചൊടിപ്പിച്ചത്. ദേശീയ പ്രസിഡന്റിന്റെ നാട്ടില്‍ പാര്‍ട്ടിക്ക് സംസ്ഥാന കമ്മിറ്റി പോലുമില്ലെന്ന് ഇവര്‍ ആരോപിക്കുന്നു.
വിവിധ ജീവകാരുണ്യ സംഘടനകളില്‍ താന്‍ അംഗമാണെന്നും സ്ഥാപക പ്രസിഡന്റ് ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ നിര്‍ദേശപ്രകാരമാണ് ഇങ്ങനെ ചെയ്യുന്നതെന്നുമാണ് റീഹാബ് ഫൗണ്ടേഷനില്‍ പ്രവര്‍ത്തിക്കുന്നതിനെ മുഹമ്മദ് സുലൈമാന്‍ ന്യായീകരിക്കുന്നത്. അതേസമയം, ഇടതുപക്ഷത്തുള്ള പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നത് ഗുരുതര വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരാനാണ് വഹാബ് പക്ഷത്തിന്റെ നീക്കം.
അതിനിടെ, ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ അനുരഞ്ജന നീക്കങ്ങള്‍ തുടങ്ങിയിട്ടുമുണ്ട്. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ സുഹൃത്തുക്കളായ ചിലരാണ് ഇതിനു പിന്നില്‍. ദേവര്‍കോവിലിന് മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നത് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് സി.പി.എമ്മുമായും ഐ.എന്‍.എല്ലുമായും അടുപ്പം പുലര്‍ത്തുന്ന ഇവര്‍. ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് കാസിമിനെ മാറ്റിക്കൊണ്ടുള്ള ഫോര്‍മുലയാണ് ഇവര്‍ മുന്നോട്ടുവയ്ക്കുന്നത്.
കാസിം പക്ഷത്തിനൊപ്പമാണെങ്കിലും പരസ്യമായി പ്രതികരിക്കാന്‍ ദേവര്‍കോവില്‍ ഇതുവരെ തയാറായിട്ടില്ല. കാസിമിന്റെ തീവ്ര നിലപാടുകളാണ് പ്രശ്‌നം വഷളാക്കിയതെന്ന് സി.പി.എം വിലയിരുത്തുന്ന സാഹചര്യത്തില്‍ കരുതലോടെയാണ് മന്ത്രിയുടെ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."