ഇറാഖില്‍ നിന്ന് യു.എസ് സേനാ പിന്മാറ്റം ഈവര്‍ഷം അവസാനത്തോടെ
വാഷിങ്ടണ്‍: 18 വര്‍ഷത്തിനു ശേഷം ഇറാഖില്‍ നിന്നും യു.എസ് സേന പിന്മാറുന്നു. ഇതു സംബന്ധിച്ച കരാറില്‍ പ്രസിഡന്റ് ജോ ബൈഡനും ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമിയും ഒപ്പുവച്ചു. കരാര്‍ പ്രകാരം ഈവര്‍ഷം അവസാനത്തോടെ യു.എസ് സൈനികര്‍ പൂര്‍ണമായി പിന്മാറും.
അഫ്ഗാനില്‍ നിന്ന് ഓഗസ്റ്റ് അവസാനത്തോടെ യു.എസ് സേനാ പിന്മാറ്റം പൂര്‍ത്തിയാകാനിരിക്കെയാണ് ഇറാഖിലെ കാര്യത്തിലും തീരുമാനമായത്. മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷിന്റെ കാലത്താണ് ഇറാഖിലും അഫ്ഗാനിലും യു.എസ് സൈന്യം അധിനിവേശം നടത്തിയത്. തുടര്‍ന്ന് ഭീകരവിരുദ്ധ പോരാട്ടത്തിന്റെ പേരില്‍ അവിടെ സൈനികരെ വിന്യസിച്ചുവരുകയായിരുന്നു. മറ്റു രാജ്യങ്ങള്‍ക്കു വേണ്ടി യു.എസ് സൈനികരെ കൊലയ്ക്കു കൊടുക്കുന്നത് അവസാനിപ്പിക്കാനും ഈയിനത്തിലെ ഭീമമായ ചെലവ് ലാഭിക്കാനുമാണ് ബൈഡന് ഭരണകൂടം സൈനികരെ പിന്‍വലിക്കുന്നത്.
ഇറാഖില്‍ ഐ.എസ് ഭീകരര്‍ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി നിലവില്‍ 2,500 യു.എസ് സൈനികരാണുള്ളത്. അഫ്ഗാനിലെ സൈനിക പിന്മാറ്റം 95 ശതമാനവും പൂര്‍ത്തിയായിക്കഴിഞ്ഞു. ഇറാഖ് സൈനികര്‍ക്ക് പരിശീലനം നല്‍കുകയാണ് ഇപ്പോള്‍ യു.എസ് ചെയ്തുവരുന്നത്. ഈ സേവനം തുടര്‍ന്നും നല്‍കുമെന്ന് ബൈഡന് അറിയിച്ചു.പ്രസിഡന്റ് സദ്ദാം ഹുസൈന് കൂട്ടസംഹാര ആയുധങ്ങള്‍ വികസിപ്പിച്ചതായി ആരോപിച്ചാണ് 2003 മാര്‍ച്ചില്‍ യു.എസ് സേന ഇറാഖില്‍ അധിനിവേശം നടത്തിയത്. സദ്ദാമിനെ അധികാരഭ്രഷ്ടനാക്കിയെങ്കിലും സംഹാര ആയുധങ്ങള്‍ കണ്ടെടുക്കാനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."