ഉൽപന്നത്തിനല്ല, ഉൽപാദനത്തിനാണ് പ്രശ്നം
ഉൾക്കാഴ്ച
മുഹമ്മദ്
വീടിന്റെ മുക്കിലും മൂലയിലും ചിലന്തിവലകൾ നിറഞ്ഞിരിക്കുകയാണ്. കാഴ്ചകണ്ട് മനംമടുത്ത അച്ഛൻ അതെല്ലാം തട്ടിവൃത്തിയാക്കാൻ മകനെ ഏൽപിച്ചു. നിർദേശംപോലെ മകൻ എല്ലാം വൃത്തിയാക്കി. പക്ഷേ, വൈകുന്നേരം വന്നുനോക്കുമ്പോൾ തട്ടിയിടത്തെല്ലാം പുതിയ വലകൾ വീണ്ടും സ്ഥാനമുറപ്പിച്ചിരിക്കുന്നു. അവൻ വിഷമത്തോടെ പറഞ്ഞു: ‘അച്ഛാ, ഞാൻ ചിലന്തിവലകൾ മുഴുവൻ തട്ടിയൊഴിവാക്കിയതാണ്. ഇപ്പോഴിതാ വീണ്ടും വലകൾ...’
അച്ഛൻ പറഞ്ഞു: ‘നീ ചിലന്തിവലകൾ മാത്രമേ തട്ടിയിട്ടുണ്ടാവുകയുള്ളൂ. ചിലന്തികളെ തട്ടിയൊഴിവാക്കിയിട്ടുണ്ടാവില്ല’.
വിഷച്ചെടിയുടെ മുരടു മുറിച്ചതുകൊണ്ടുമാത്രം കാര്യമില്ല. വേരോടെ പിഴുതുമാറ്റണം. തലവേദനയ്ക്ക് വേദനാസംഹാരിയല്ല, വേദനയുടെ മൂലകാരണം കണ്ടുപിടിച്ച് പരിഹരിക്കലാണ് മാർഗം. കുട്ടിയിലെ വികൃതി മാറ്റാൻ അവനെ അടിച്ചൊതുക്കി മൂലക്കിരുത്താം. എന്നാൽ, അതൊരു താൽക്കാലിക പരിഹാരം മാത്രമാണ്. ശരീരത്തിൽനിന്നേ അവൻ വികൃതി ഒഴിവാക്കുകയുള്ളൂ. മനസിൽനിന്ന് വികൃതി മാറിപ്പോകണമെങ്കിൽ മനസിലേക്കിറങ്ങി മാറ്റിയെടുക്കാൻ കഴിയണം. ഹെൽമെറ്റ് ധരിക്കാത്തതിന് അഞ്ഞൂറല്ല, അയ്യായിരം രൂപ പിഴചുമത്താം. എന്നുകരുതി ഇനിമുതൽ എല്ലാവരും ഹെൽമെറ്റ് ധരിക്കാതെ വണ്ടിയോടിക്കുമെന്നു തോന്നുന്നുണ്ടോ? പിഴയടച്ചവർ അവസരം കിട്ടിയാൽ വീണ്ടും ഹെൽമെറ്റ് ഒഴിവാക്കും.
ദുശ്ശീലം മാറ്റേണ്ടത് ശരീരത്തിൽനിന്നല്ല, മനസിന്റെ അകത്തുനിന്നാണ്. മനസിൽനിന്നു പോകാത്ത കാലത്തോളം ശരീരത്തിൽനിന്നു പോകില്ല. മനസ് തീയുൽപാദിപ്പിക്കുന്ന കല്ലാണെങ്കിൽ ദുശ്ശീലങ്ങൾ ആ കല്ലിൽനിന്നുയർന്നു പാറുന്ന തീപൊരികളാണ്. തീപൊരി വെള്ളമൊഴിച്ചാൽ കെടുത്താൻ കഴിയും. കല്ലിലൊളിഞ്ഞിരിക്കുന്ന തീയെ വെള്ളമൊഴിച്ച് കെടുത്താനാകില്ല. അതിനു പരിഹാരം വേറെയാണ്. അടിക്കുകയും വിമർശിക്കുകയും ചെയ്താൽ തൽക്കാലം തെറ്റിൽനിന്നു വിട്ടുനിന്നേക്കും. തെറ്റിനോടുള്ള മനസിന്റെ ആഭിമുഖ്യം ഇല്ലാതാകില്ല. അവസരമൊത്താൽ വീണ്ടും തെറ്റിലേക്കു വഴിമാറും. ശത്രുവിനെ വേണമെങ്കിൽ വാളുപയോഗിച്ച് വകവരുത്താം. ശത്രുതയെ വാളുപയോഗിച്ച് വകവരുത്താനാകില്ല. പൊലിസിനു വേണമെങ്കിൽ കലാപകാരികളെ വരിട്ടിയോടിക്കാം. അതുകൊണ്ട് കലാപം ഇല്ലാതാകില്ല. കലാപം ഇല്ലാതാകാൻ കലാപത്തിനു പ്രേരിപ്പിക്കുന്ന മനസാണ് ഇല്ലാതാകേണ്ടത്. ഉൽപാദനത്തിനു ലൈസൻസ് നൽകുകയും ഉൽപന്നത്തിന് അതു നിഷേധിക്കുകയും ചെയ്യുന്നത് വങ്കത്തമല്ലേ? പ്ലാസ്റ്റിക് കവറുകളുടെ ഉൽപാദനം നിരോധിക്കാതെ പ്ലാസ്റ്റിക് കവറുകൾ നിരോധിച്ചിട്ടെന്തു കാര്യം? മദ്യം അനുവദിക്കുകയും മദ്യപാനം നിരോധിക്കുകയും ചെയ്യുന്നതിലെന്തർഥം?
വേരുകളിലേക്കു ചെന്നിട്ടുവേണം പരിഹാരനടപടികൾ സ്വീകരിക്കാൻ. അല്ലാത്തതെല്ലാം സമയനഷ്ടവും അധ്വാനഷ്ടവും സൃഷ്ടിക്കും.
വ്യഭിചരിക്കരുത് എന്നല്ല, വ്യഭിചാരത്തോടടുക്കരുതെന്നാണു മതശാസന. വ്യഭിചാരത്തിലേക്കു നയിക്കുന്ന നേരിയ സാധ്യതകളെപോലും വച്ചുപൊറുപ്പിക്കരുതെന്നർഥം. വ്യഭിചാരം എന്നത് ഒറ്റയടിക്ക് മുളച്ചുപൊന്തുന്ന വൃക്ഷമല്ല. അതിനുപിന്നിൽ ദിവസങ്ങളോളം നീണ്ട പ്രവർത്തനങ്ങളുണ്ടായിട്ടുണ്ടാകും. അതിലേക്കു ചെന്നുചേരുന്ന നീണ്ട വഴികളുണ്ടാകും. വ്യഭിചാരം അതിന്റെ അവസാനയറ്റം മാത്രമാണ്. ഈ അറ്റത്തെ മാത്രം മുറിച്ചുമാറ്റുകയല്ല, അതിലേക്ക് എത്തിച്ചേരുന്ന എല്ലാ വഴികളെയും വേലകളെയും നശിപ്പിക്കുകയാണു വേണ്ടത്. കുഴപ്പമുള്ള കാര്യങ്ങളെ ഭയന്ന് കുഴപ്പമില്ലാത്ത കാര്യങ്ങളെയും വർജിക്കുന്നവനാണല്ലോ ഭക്തൻ. ഫോൺ വിളിക്കുന്നതു കുഴപ്പമുള്ള കാര്യമല്ല. അതു കുഴപ്പത്തിലേക്കു ഭാവിയിലെപ്പോഴെങ്കിലും നയിക്കുമെന്നു കണ്ടാൽ കുഴപ്പമില്ലാത്ത ആ വിളി വേണ്ടെന്നു വയ്ക്കണം.
എത്ര ശ്രമിച്ചിട്ടും തിന്മയിൽനിന്ന് വിട്ടുനിൽക്കാനാകുന്നില്ലെന്നതാണു ചിലരുടെ പരാതി. തിന്മയ്ക്കിടയിലും തിന്മയിലേക്കു നയിക്കുന്ന സാഹചര്യങ്ങളിലും നിലകൊണ്ടാൽ എങ്ങനെ തിന്മയിൽനിന്നുള്ള വിട്ടുനിൽക്കൽ സുസാധ്യമാകും?
രാജ്യം അഭിമുഖീകരിക്കുന്ന മാരകരോഗമാണല്ലോ വർഗീയത. വർഗീയതയെ ഇല്ലാതാക്കാനായി ഒരാൾ അതിന്റെ വക്താക്കളെ മുഴുവൻ തലയറുത്തു കൊല്ലാനിറങ്ങിയെന്നു കരുതുക. വർഗീയത ഇല്ലാതാകുമോ? വർഗീയതയുടെ വക്താക്കളല്ല, വർഗീയത എന്ന ആശയമാണ് ഇല്ലാതാവേണ്ടത്. വിഷവൃക്ഷമല്ല, അതിന്റെ വേരാണ് ഇല്ലാതാകേണ്ടത്. വേരറ്റിച്ചുകഴിഞ്ഞാൽ മരം താനേ കടപുഴകും. നേരെമറിച്ച് വേരറ്റിക്കാതെ മരം മാത്രം മുറിച്ചുമാറ്റിയാൽ അവിടെനിന്ന് വീണ്ടും മുളച്ചുവരും. ആശയമുണ്ടാകുമ്പോഴാണ് അതിന് അനുയായികളുണ്ടാവുക. അനുയായികളെ ഇല്ലാതാക്കിയാലും ആശയം നിലനിൽക്കും. ആശയം നിലനിൽക്കുമ്പോൾ വീണ്ടും അതിനു പുതിയ അനുയായികൾ വരും. അനുയായികളെ ഇല്ലാതാക്കുന്നതിനുപകരം ആശയത്തെ ഇല്ലാതാക്കിയാൽ പിന്നീട് അതിന് അനുയായികളെ കാണില്ല.
സമൂഹത്തിൽ സമുദ്ധാരണപ്രവർത്തനങ്ങളുമായി പലകാലങ്ങളിൽ അനേകം പ്രവാചകന്മാർ വന്നിട്ടുണ്ട്. അവരാരും തിന്മയുടെ ശക്തികളോടല്ല, തിന്മയോടാണ് ഏറ്റുമുട്ടിയത്. മൂസാ പ്രവാചകൻ (അ) ഫറോവയെ കൊല്ലാനല്ല, ഫറോവയിലെ സത്യനിഷേധിയെ കൊല്ലാനാണു വന്നത്. അബൂജഹ്ലിനെ കഴുത്തറുത്തു കൊല്ലാനല്ല; അവനിലെ ധിക്കാരിയെ കൊന്നൊടുക്കാനാണ് പ്രവാചക തിരുമേനി ശ്രമിച്ചത്.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."