രാജ്യദ്രോഹക്കേസ്: മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ച് ഐഷ സുല്‍ത്താന
കൊച്ചി: ചാനല്‍ ചര്‍ച്ചയ്ക്കിടെ മൊബൈലില്‍ സന്ദേശങ്ങളയച്ചുവെന്നും മുന്‍കൂട്ടി തയാറെടുത്താണ് ബയോവെപ്പണ്‍ പ്രയോഗം നടത്തിയതെന്ന ലക്ഷദ്വീപ് പൊലിസിന്റെ വാദം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ഐഷാ സുല്‍ത്താന ഹൈക്കോടതിയില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചു. ചാനല്‍ ചര്‍ച്ച നടന്ന ജൂണ്‍ ഏഴിന് വൈകിട്ട് ഏഴു മുതല്‍ എട്ടു വരെ തന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നുവെന്നും ഈ സമയത്ത് സന്ദേശങ്ങളയച്ചെന്ന വാദം തെറ്റാണെന്നും മറുപടിയില്‍ പറയുന്നു.
ചര്‍ച്ചയ്ക്കിടെ മൊബൈലില്‍ നോക്കി വായിക്കുന്നതു കണ്ടുവെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ ആരോപണം അടിസ്ഥാന രഹിതമാണ്. സാമൂഹമാധ്യമങ്ങളിലൂടെയുള്ള ചാറ്റിങ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തുവെന്ന ആരോപണവും തെറ്റാണ്. ജൂണ്‍ 20ന് കേസിന്റ അന്വേഷണവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനു മുന്നാകെ ഹാജരായി. ജൂണ്‍ 24ന് ആറു മണിക്കൂറോളം ചോദ്യം ചെയ്യലിനു വിധേയയായിയെന്നും കോടതിയില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇതു സംബന്ധിച്ചു പരാമര്‍ശമില്ലെന്നും മറുപടിയില്‍ പറയുന്നു.
യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് തന്റെ മൊബല്‍ ഫോണ്‍ പൊലിസ് പിടിച്ചുവച്ചത്. ജൂണ്‍ 25ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയത് ജൂലൈ 15 നാണെന്നും ഈ ദിവസങ്ങളില്‍ മൊബൈല്‍ ഫോണ്‍ ആരുടെ കസ്റ്റഡിയിലായിരുന്നുവെന്ന വിവരം തനിക്കറിയില്ലെന്നും ഐഷ വ്യക്തമാക്കി. സീഷര്‍ മഹസര്‍ പ്രകാരം കസ്റ്റഡിയിലെടുത്ത മൊബൈല്‍ ഫോണ്‍ കോടതിയില്‍ ഹാജരാക്കാതിരുന്നത് ഇതിലേക്ക് കള്ളത്തെളിവുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനാവാമെന്നും മറുപടിയില്‍ പറയുന്നു.
ലാപ്‌ടോപ് ഗുജറാത്തിലെ ലാബില്‍ പരിശോധനക്കയച്ചതില്‍ ദുരൂഹതയുണ്ടെന്നും ഐഷ ഉന്നയിച്ചു. ചെല്ലാനത്തെ ദുരിതബാധിതരെ സഹായിക്കാനാണ് പ്രവാസി സുഹൃത്ത് നാലു ലക്ഷം നല്‍കിയത്. ഇതിനു പിന്നില്‍ മറ്റു ഉദ്ദേശങ്ങളില്ല. സാമ്പത്തിക സ്രോതസുകള്‍ സംബന്ധിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഐഷ കോടതിയില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."