ആര് ആര്‍ക്കാണ് നാണക്കേടുണ്ടാക്കുന്നത്
എ.പി കുഞ്ഞാമു
പ്രസിഡന്റും സെക്രട്ടറിയും പരസ്പരം പുറത്താക്കുകയും തുടര്‍ന്ന് പാര്‍ട്ടിയംഗങ്ങള്‍ തെരുവില്‍ തല്ലിപ്പിരിയുകയും ചെയ്തതോടെ ഇന്ത്യന്‍ നാഷനല്‍ ലീഗ് അക്ഷരാര്‍ഥത്തില്‍ത്തന്നെ രണ്ടായി. കേരളത്തില്‍ പല രാഷ്ട്രീയപ്പാര്‍ട്ടികളും പിളരുകയും പരസ്പരം തെറി പറയുകയുമൊക്കെ ചെയ്യാറുണ്ട്. ചെയ്തിട്ടുമുണ്ട്. പക്ഷേ ഇത്രയും നല്ല കാഴ്ചാവിരുന്നൊരുക്കിക്കൊണ്ട് ഒരു കക്ഷിയും പിളര്‍ന്നിട്ടില്ല. രണ്ട് പതിറ്റാണ്ടിലേറെക്കാലം ആറ്റു നോറ്റ് കാത്തിരുന്ന ശേഷം മുന്നണിയില്‍ പങ്കാളിത്തവും നിയമസഭയില്‍ പ്രാതിനിധ്യവുമെന്നല്ല ആദ്യ ടേമില്‍ തന്നെ മന്ത്രിസ്ഥാനം പോലും കിട്ടിയ ശുഭവേളയിലാണ് ഈ അപഹാസ്യമായ തമ്മിലടി എന്നോര്‍ക്കണം. തീര്‍ച്ചയായും അത് ഇടതു മുന്നണിക്ക് നാണക്കേടുണ്ടാക്കും. അതുകൊണ്ടാണ് സി.പി.എം എന്ന വലിയേട്ടന്‍ ഐ.എന്‍.എല്ലിന് മുന്നറിയിപ്പ് കൊടുത്തത്- ഇനിയും ഇമ്മാതിരി തല്ലും തരികിടയും നടത്തിയാല്‍ മുന്നണിക്ക് പുറത്തായിരിക്കും സ്ഥാനം. മന്ത്രിക്കുപ്പായമൊക്കെ ഊരിവച്ച് പുറത്തേക്ക് പോകേണ്ടി വരും. ഇത്തരം നാണക്കേടുകള്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറി ശോഭയാര്‍ന്ന പ്രതിഛായയുമായി കേരളീയ പൊതുമണ്ഡലത്തില്‍ ഉദിച്ചുയര്‍ന്നു നില്‍ക്കുന്ന പിണറായി സര്‍ക്കാരിന് ഭൂഷണമല്ല. അതിനാല്‍ ഷട്ടപ്പ്: ഓര്‍ ഗെറ്റൗട്ട്.
ഇങ്ങനെയൊരു മുന്നറിയിപ്പ് നല്‍കിയതിന്റെ പേരില്‍ ആര്‍ക്കും സി.പി.എമ്മിനെ കുറ്റപ്പെടുത്താനാവുകയില്ല. പക്ഷേ ഏതെങ്കിലുമൊരു ഐ.എന്‍.എല്ലുകാരന്‍ തിരിഞ്ഞുനിന്ന് ഇങ്ങനെ ചോദിക്കുന്നു എന്നുവയ്ക്കുക, ശരി സഖാവേ, ഞങ്ങളുടെ തമ്മില്‍ത്തല്ലു ഭരണത്തിനും മുന്നണി രാഷ്ട്രീയത്തിനും ചീത്തപ്പേരും നാണക്കേടുമുണ്ടാക്കുന്നു. പക്ഷേ ഇടതുമുന്നണി ഭരണവും അതിലെ ഘടകകക്ഷികളും ഈയിടെ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ സര്‍ക്കാരിന്റെയും മുന്നണിയുടെയും പ്രതിഛായ പൊലിപ്പിക്കുകയാണോ അതോ തകര്‍ക്കുകയാണോ ചെയ്യുന്നത്? സി.പി.എമ്മിന്റെയും സി.പി.ഐയുടെയും കാട്ടിക്കൂട്ടലുകളുണ്ടാക്കുന്ന നാണക്കേടുകളോളം വരുമോ എറണാകുളത്തെ തെരുവുകളില്‍ ഐ.എന്‍.എല്ലുകാര്‍ നടത്തിയ കൂട്ടത്തല്ല്? ഒരു മുറംവച്ച് അര മുറത്തെ കുറ്റപ്പെടുത്താമോ?
ഇരുണ്ട പ്രതിഛായ
ഐ.എന്‍.എല്‍ നേതാക്കളും അനുയായികളും നടത്തിയ കൂട്ടത്തല്ലു വലിയ നാണക്കേടാണ്. സമ്മതിച്ചു, എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്ത് നിയമസഭാമന്ദിരത്തില്‍ ഇടതുമുന്നണി എം.എല്‍.എമാര്‍ നടത്തിയ കൂട്ടത്തല്ലോ? അന്നു മുണ്ടുമാടിക്കെട്ടി നെഞ്ചു വിരിച്ചു കണ്ണില്‍ക്കണ്ടതും കൈയില്‍ കിട്ടിയതുമൊക്കെ തട്ടിത്തകര്‍ത്തും വലിച്ചെറിഞ്ഞും ഹീറോ ചമഞ്ഞ ആളാണ് ഇന്ന് വിദ്യാഭ്യാസ മന്ത്രി. അന്നത്തെ കൈയാങ്കളിയുടെ പേരിലെടുത്ത കേസ് പിന്‍വലിക്കണമെന്ന ആവശ്യവുമായി സുപ്രിംകോടതി വരെ പോയി സര്‍ക്കാര്‍. അത് തോന്നിവാസമല്ല ജനകീയ പ്രതിഷേധമാണെന്നും അങ്ങനെയൊക്കെ കാട്ടിക്കൂട്ടാന്‍ പ്രിവിലേജുള്ളവരാണ് എം.എല്‍.എമാര്‍ എന്നുമുള്ള സര്‍ക്കാര്‍ വാദത്തിന്റെ മര്‍മത്തുതന്നെ പ്രഹരിച്ചിരിക്കുന്നു ഇന്നലെ പുറപ്പെടുവിച്ച വിധിയിലൂടെ സുപ്രിംകോടതി. അപ്പോള്‍ ഏതാണ് നാണക്കേട്? എറണാകുളത്ത് കണ്ടതോ തിരുവനന്തപുരത്ത് കാട്ടിക്കൂട്ടിയതോ?
ഐ.എന്‍.എല്‍ നേതാക്കള്‍ എറണാകുളത്ത് അടിച്ചു പിരിഞ്ഞത് ഒരു ഈര്‍ക്കില്‍പ്പാര്‍ട്ടിയെ സംബന്ധിച്ചേടത്തോളം സ്വാഭാവികമായ പരിണതി മാത്രമാണ്. ഒട്ടും ഉള്‍ക്കാഴ്ചയില്ലാതെ അതിവൈകാരികതയുടെ ഭൂമികയില്‍ പണിതുയര്‍ത്തിയ ഒരു പാര്‍ട്ടിയാണത്. മിതമായ ഭാഷയില്‍പ്പറഞ്ഞാല്‍ ചെറിയൊരാള്‍ക്കൂട്ടം. മുസ്‌ലിം ലീഗിന്റെ കാരിക്കേച്ചര്‍ രൂപമെന്നു പറയാവുന്ന ഐ.എന്‍.എല്ലിന് അവരര്‍ഹിക്കുന്ന നേതാക്കളെ ലഭിക്കാനുള്ള യോഗ്യതയേ ഉള്ളൂ. അങ്ങനെയാണോ സി.പി.എം? കരുവന്നൂരിലെ ഒരു സഹകരണ ബാങ്കു തട്ടിപ്പുമായി ബന്ധപ്പെട്ടു അനുദിനം പുറത്തു വരുന്ന കഥകള്‍ മുന്നണിക്കും പാര്‍ട്ടിക്കുമുണ്ടാക്കുന്ന പ്രതിഛായാനഷ്ടവുമായി തുലനപ്പെടുത്തുമ്പോള്‍ പി.എസ്.സി അംഗത്വം വില്‍പനക്കുവച്ച് നാല്‍പ്പതു ലക്ഷം രൂപ ഒപ്പിച്ചെടുക്കാന്‍ ഐ.എന്‍.എല്ലുകാരൊന്ന് ശ്രമിച്ചു നോക്കിയത് മൈനര്‍ ഒഫന്‍സ് മാത്രം. സി.പി.എം ഭാരവാഹികളും അംഗങ്ങളുമായ ബാങ്ക് ഡയരക്ടര്‍ ബോര്‍ഡംഗങ്ങളും ജീവനക്കാരുമാണ് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത് മൂന്നാറില്‍ ആഡംബര റിസോര്‍ട്ട് പണിയുന്നത്. ഷോപ്പിങ് മാളും സൂപ്പര്‍ മാര്‍ക്കറ്റുമുണ്ടാക്കുന്നത്. അത് ഉദ്ഘാടനം ചെയ്യുന്നത് മാര്‍ക്‌സിസ്റ്റ് മന്ത്രി. അതിനെ പിന്തുണക്കുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കള്‍, അത്രത്തോളം വരുമോ എറണാകുളത്ത് ഐ.എന്‍.എല്‍ നടത്തിയ തെരുവുനാടകം?
കരുവന്നൂര്‍ ബാങ്കു തട്ടിപ്പ് കേസിനെക്കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയില്‍ ഒരു സി.പി.എം നേതാവ് പറയുന്നത് കേട്ടു - 'കുറ്റം ചെയ്തവര്‍ക്കെതിരായി പാര്‍ട്ടി നടപടി എടുക്കും. അതാണ് പാര്‍ട്ടിയുടെ പ്രബുദ്ധ പാരമ്പര്യം'. നടപടി എടുത്തത് നാം കണ്ടു. ചിലരെ സസ്‌പെന്‍ഡ് ചെയ്തു, വേറെ ചിലരെ ഏരിയാ കമ്മിറ്റിയില്‍ നിന്ന് ലോക്കല്‍ കമ്മിറ്റിയിലേക്ക് നീക്കി, ഇനിയും ചിലരെ മുന്‍ ബെഞ്ചില്‍ നിന്ന് പിന്‍ബെഞ്ചിലേക്ക് മാറ്റിയിരുത്തി. ഉചിതവും മാതൃകാപരവുമായ ശിക്ഷ. ഇതേക്കുറിച്ചു വലിയ വായില്‍ വര്‍ത്തമാനം പറയുന്നവര്‍ കളമശ്ശേരിയില്‍ പണ്ട് അവിഹിതമായി കോടിക്കണക്കിന് രൂപ സമ്പാദിച്ച ഏരിയാ കമ്മിറ്റി ഭാരവാഹിക്ക് കൊടുത്ത ശിക്ഷ അയാള്‍ക്ക് വല്ല പോറലും വരുത്തിവെച്ചുവോ എന്നും വിശദീകരിക്കണം. ഇത്തരം പരമാവധി ശിക്ഷകള്‍ പാര്‍ട്ടി പലപ്പോഴും അഴിമതിക്കാര്‍ക്ക് നല്‍കാറുണ്ട്. അവര്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരാറുമുണ്ട്. ഇതാണ് മഹത്തായ കമ്യൂണിസ്റ്റ് പാരമ്പര്യം. അതില്‍ നാണക്കേടില്ലേ?
ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രതിഛായക്ക് കാര്യമായ പോറലേല്‍പിച്ച സംഗതിയാണ് മുട്ടില്‍ മരംമുറി വിവാദം. അതിന്റെ പിന്നിലാരാണെന്ന് പകല്‍ വെളിച്ചം പോലെ വ്യക്തമാണ്. നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ പറയാന്‍ തുടങ്ങിയിട്ടും കാലമേറെയായി. പക്ഷേ കോടതി കര്‍ക്കശമായ ഭാഷയില്‍ ചോദിക്കേണ്ടി വന്നു അറസ്റ്റിനും മറ്റു നടപടികള്‍ക്കും തുടക്കം കുറിക്കാന്‍. ഇത് മുന്നണിയുടെയും സര്‍ക്കാരിന്റെയും പ്രതിഛായ വര്‍ധിപ്പിക്കുകയാണോ അതോ തകര്‍ക്കുകയാണോ ചെയ്യുക? ഐ.എന്‍.എല്‍ ഉണ്ടാക്കുന്ന നാണക്കേട് ചൂണ്ടിക്കാട്ടി കണ്ണുരുട്ടുന്നവര്‍ ഇതുകൂടിയൊക്കെ ഓര്‍ക്കുന്നത് നന്നായിരിക്കും.
യഥാ രാജാ തഥാ പ്രജാ...
ഇതൊക്കെ ചൂണ്ടിക്കാണിക്കുമ്പോള്‍ ലഭിക്കുന്ന പൊതുമറുപടിയാണ് വിചിത്രം. എന്നിട്ടും രണ്ടു തവണ ഞങ്ങളെ ജനങ്ങള്‍ തെരഞ്ഞെടുത്തില്ലേ, തുടര്‍ഭരണം ജനകീയമായ അംഗീകാരത്തിന്റെ തെളിവല്ലേ എന്നാണ് ചോദ്യം. ഈ ചോദ്യം വെളിപ്പെടുത്തുന്നത് നമ്മുടെ നാട്ടിലെ രാഷ്ട്രീയം തിന്മയോട് സമരസപ്പെട്ടിരിക്കുന്ന എന്നു തന്നെയാണ്. സര്‍ക്കാര്‍ നടത്തുന്ന അഴിമതികളെ ജനങ്ങളുടെ അംഗീകാരമെന്ന മുട്ടുയുക്തികൊണ്ട് ന്യായീകരിക്കുന്നതാണ് ഏറ്റവും പ്രതിലോമമായ രാഷ്ട്രീയം. നിര്‍ഭാഗ്യവശാല്‍ എല്ലാ തെറ്റുകളും ന്യായീകരിക്കപ്പെടുന്നതും തെറ്റുകള്‍ക്കുമേല്‍ തെറ്റുകളുമായി മുന്നോട്ടുപോകാന്‍ ഭരണവര്‍ഗത്തിനു ധൈര്യം നല്‍കുന്നതും ഈ യുക്തിയാണ്. പ്രബുദ്ധമെന്നൊക്കെ പറയുന്ന കേരളീയ രാഷ്ട്രീയം ഏറെ പ്രതിലോമമാണെന്ന് വേണം ഇതില്‍ നിന്ന് നിഗമിക്കുവാന്‍. നരേന്ദ്ര മോദിയെ വീണ്ടും ഇന്ത്യാ മഹാരാജ്യം തങ്ങളുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തില്ലേ എന്ന സംഘ്പരിവാറിന്റെ ചോദ്യം തന്നെയാണ് ഇടതുപക്ഷവും ചോദിക്കുന്നത് എന്നതാണ് സങ്കടകരം. അല്ലെങ്കിലും ജനാധിപത്യ മൂല്യങ്ങളുടെ പ്രയോഗവല്‍ക്കരണത്തില്‍ ഒരേ തൂവല്‍പക്ഷികളോ ഇരുകൂട്ടരും .
നമുക്ക് ഐ.എന്‍.എല്ലിലേക്ക് തന്നെ വരാം. ഇരുകൂട്ടരും ഇടതുമുന്നണിയില്‍ത്തന്നെ ഉറച്ചുനില്‍ക്കുമെന്നാണ് പറയുന്നത്. ഇടതു മുന്നണി നല്‍കുന്ന തണല്‍ ഇരുവിഭാഗത്തിനും ആവശ്യമാണ്. ഒരുപക്ഷേ മുസ്‌ലിം സമുദായത്തെ കൂടെനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഇരുകൂട്ടരെയും ഒന്നിപ്പിക്കാനോ ഭിന്നിച്ചാല്‍ തന്നെ രണ്ടു വിഭാഗങ്ങളെയും മുന്നണിയില്‍ തന്നെ നിര്‍ത്താനോ ഉള്ള ഔദാര്യം പിണറായിയും കൂട്ടരും കാണിച്ചു കൂടെന്നില്ല. സി.പി.എമ്മിന്റെ ഈ ഔദാര്യക്കിറ്റ് സ്വീകരിച്ച് ഐ.എന്‍.എല്‍ അടങ്ങിയിരുന്നുകൊള്ളും. അങ്ങനെയൊരു രാഷ്ട്രീയമാണല്ലോ കേരളത്തില്‍ ഉരുവം കൊണ്ടുവരുന്നത്. ഈ രാഷ്ട്രീയബോധത്തിന്റെ വാഴ്ചക്കാലത്ത് തെരുവില്‍ തല്ലുന്നതിന്റെ നാണക്കേടൊക്കെ ഇടതുമുന്നണി മറന്നോളും. ഇടതുസ്ഥാനാര്‍ഥിക്ക് പൂജ്യം വോട്ട് നല്‍കി ഹവാലക്കാരനെ മുനിസിപ്പല്‍ കൗണ്‍സിലറാക്കിയ കൊടുവള്ളി മോഡല്‍ രാഷ്ട്രീയമുണ്ടാക്കിയ നാണക്കേട് സഹിച്ചവരാണല്ലോ അവര്‍. അതുമായി ജീവിക്കുന്നവരാണല്ലോ അവര്‍. സംപൂജ്യനും അയാളെ തോല്‍പിച്ച ഹവാലക്കാരനെന്ന് വിധിയെഴുതി പാര്‍ട്ടിയും മുന്നണിയും നിരാകരിച്ച ആളും ഇടതുപക്ഷത്തുണ്ട് ഇപ്പോഴും. മുന്നണി സ്ഥാനാര്‍ഥിയുടെ ദയനീയ പരാജയമുണ്ടാക്കിയ നാണക്കേടിന്റെ പേരില്‍ ഒരു നടപടിയുമെടുത്തിട്ടില്ല ആരും. അതില്‍പ്പരം വലുതാണോ എറണാകുളത്തു ഐ.എന്‍.എല്‍ ഉണ്ടാക്കിയ നാണക്കേട്? ഒരു ദേശത്തിന് അവര്‍ അര്‍ഹിക്കുന്ന മുന്നണിയും ഭരണവും ലഭിക്കുന്നു. ഈ മുന്നണിക്ക് അവര്‍ അര്‍ഹിക്കുന്ന ഘടകകക്ഷികെളയും ലഭിക്കുന്നു. അപ്പോള്‍ പ്രതിഛായയേയും നാണക്കേടിനേയും കുറിച്ച് ഏറെപ്പറയേണ്ടതില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."