കൈയാങ്കളിക്കേസില്‍ കനത്ത തോല്‍വി
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: കേരളാ നിയമസഭയിലുണ്ടായ കൈയാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രിംകോടതിയില്‍ നിന്ന് കനത്ത തിരിച്ചടി. കേസില്‍ പ്രതികളായ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള ആറ് പ്രതികളും വിചാരണ നേരിടണമെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് വിധിച്ചു.
സഭാംഗങ്ങള്‍ക്കുള്ള പരിരക്ഷ ക്രിമിനല്‍ കുറ്റത്തില്‍നിന്നുള്ള പരിരക്ഷയല്ലെന്ന് വ്യക്തമാക്കിയാണ് കോടതിയുടെ നടപടി. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപേക്ഷ തള്ളിയ കോടതി, മാര്‍ച്ച് 12ലെ ഹൈക്കോടതി വിധി ശരിവച്ചു. മുന്‍ മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍, മുന്‍ എം.എല്‍.എമാരായ കെ.കുഞ്ഞമ്മദ്, സി.കെ സദാശിവന്‍, കെ. അജിത് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
ഹരജി പിന്‍വലിക്കണമെന്ന് സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ആവശ്യപ്പെട്ട പബ്ലിക് പ്രോസിക്യൂട്ടറുടെ നടപടിയെ വിമര്‍ശിച്ച കോടതി, പ്രോസിക്യൂട്ടര്‍ സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് ഓര്‍മിപ്പിക്കുകയും ചെയ്തു. വിധിയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ കേസിന്റെ വിചാരണാനടപടികള്‍ പുനരാരംഭിക്കും.
ബാര്‍കോഴ വിവാദത്തില്‍ ഉള്‍പ്പെട്ട ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന കെ.എം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് 2015 മാര്‍ച്ച് 13ന് നിയമസഭയില്‍ എല്‍.ഡി.എഫ് എം.എല്‍.എമാര്‍ നടത്തിയ പ്രതിഷേധരീതികളാണ് കൈയാങ്കളിയില്‍ കലാശിച്ചത്. പ്രതിഷേധത്തിനിടയിലും മന്ത്രി ബജറ്റ് അവതരിപ്പിച്ചതിനു പിന്നാലെ പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ അക്രമംകാണിക്കുകയായിരുന്നു.
സ്പീക്കറുടെ ഡയസ് കൈയേറുകയും വാച്ച് ആന്‍ഡ് വാര്‍ഡ് സംഘവുമായി ഏറ്റുമുട്ടുകയും ചെയ്തു. ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ കൈയേറ്റവും ഉന്തുംതള്ളും അടിപിടിയും നടന്നു.
കൈയാങ്കളി നടത്തിയ എം.എല്‍.എമാര്‍ക്കെതിരേ ക്രിമിനല്‍ നടപടി ചട്ടത്തിലെ 321ാം വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിസമ്മതിച്ചിരുന്നു. ഇതിനെതിരേ സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി.
ഈ നടപടി ചോദ്യംചെയ്ത് സര്‍ക്കാര്‍ നല്‍കിയ ഹരജിയാണ് ഇപ്പോള്‍ സുപ്രിംകോടതിയും തള്ളിയിരിക്കുന്നത്. സര്‍ക്കാരിന് പുറമേ മന്ത്രി വി.ശിവന്‍കുട്ടി, ഇ.പി ജയരാജന്‍, കെ.ടി ജലീല്‍ എം.എല്‍.എ, കെ. കുഞ്ഞമ്മദ്, സി.കെ സദാശിവന്‍, കെ. അജിത് എന്നിവര്‍ പ്രത്യേകമായും ഹരജി നല്‍കിയിരുന്നു.
ബാര്‍ക്കോഴ കേസില്‍ കെ.എം മാണിയെ ശത്രുപക്ഷത്ത് നിര്‍ത്തിയാണ് സഭയില്‍ കൈയാങ്കളിയുണ്ടായതെങ്കില്‍ മാണിയുടെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് (എം) ഇപ്പോള്‍ ഇടതു മുന്നണിയിലായ സാഹചര്യത്തില്‍ കേസിന്റെ വിചാരണാ വേളയില്‍ സര്‍ക്കാരിന് പ്രതിസന്ധി സൃഷ്ടിക്കും. സുപ്രിംകോടതി മറ്റുള്ള വിഷയങ്ങളില്‍ വ്യക്തത വരുത്തിയതോടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നു മാത്രമായിരിക്കും സി.ജെ.എം കോടതി ഇനി പരിശോധിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."