കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ഇ.ഡി അന്വേഷണം തുടങ്ങി
സ്വന്തം ലേഖകന്‍
തൃശൂര്‍: സി.പി.എം നേതാക്കള്‍ പ്രതികളായ 300 കോടിയുടെ കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പ്രാഥമിക അന്വേഷണം തുടങ്ങി. കഴിഞ്ഞദിവസം ബാങ്കിലെത്തി ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിച്ചു. ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. തട്ടിപ്പ് കേസിലെ പ്രതികളുടെ ബിനാമി ഇടപാടുകള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തും. പ്രതികളുടെ വീട്ടില്‍ നിന്നും കണ്ടെടുത്ത രേഖകള്‍ പരിശോധിച്ചപ്പോഴാണ് ബിനാമി ഇടപാടുകള്‍ സംബന്ധിച്ച് സൂചന ലഭിച്ചത്. തേക്കടിയിലെ റിസോര്‍ട്ടില്‍ പ്രതികള്‍ക്കുള്ള നിക്ഷേപം സംബന്ധിച്ചും അന്വേഷണം നടക്കുകയാണ്. ബാങ്കിലെ സോഫ്റ്റ്‌വെയറില്‍ നടത്തിയ ക്രമക്കേടുകള്‍ സംബന്ധിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. ഇതില്‍ വ്യാപകമായ കൃത്രിമത്വം നടത്തിയതായി സഹകരണ വകുപ്പ് നടത്തിയ പരിശോധനയില്‍ തെളിഞ്ഞിരുന്നു. വിരമിച്ച ജീവനക്കാരുടെ യൂസര്‍ ഐ.ഡി ഉപയോഗിച്ചും തട്ടിപ്പ് നടന്നതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്. ബാങ്കിലെ ഏറ്റവും താഴേത്തട്ടിലുള്ള ചില ജീവനക്കാര്‍ക്കുപോലും കംപ്യൂട്ടറിന്റെ യൂസര്‍ ഐ.ഡിയും രഹസ്യകോഡും അറിയാമായിരുന്നു എന്നാണ് ലഭ്യമായ വിവരം. ഇവര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടോയെന്നതും അന്വേഷണവിധേയമാക്കും. അതേസമയം, പ്രതികളെ ഇതുവരെ അറസ്റ്റുചെയ്യാന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം പ്രതികള്‍ കസ്റ്റഡിയിലായി എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നുവെങ്കിലും പൊലിസ് നിഷേധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."