ഇന്ന് ലോക മാനസിക ആരോഗ്യ ദിനം; മാനസിക ആരോഗ്യത്തിന് മുന്‍ഗണന നല്‍കണം
മനുഷ്യ ശരീരത്തിലെ അദൃശ്യ സാന്നിധ്യമാണ് മനസ്. എന്നാല്‍ മനുഷ്യന്റെ ജീവിതത്തെ നിയന്ത്രിക്കുന്ന കേന്ദ്രവുമാണിത്. സെപ്തംബര്‍ 10 ലോക മാനസികാരോഗ്യ ദിനമാണ്. 'മാനസികാരോഗ്യവും സൗഖ്യവും ആഗോള മുന്‍ഗണനയാക്കുക' എന്നതാണ് ഈ വര്‍ഷത്തെ മാനസികാരോഗ്യ ദിനം മുന്നോട്ടുവെക്കുന്ന സന്ദേശം. നമ്മുടെ ജീവിതത്തില്‍ പല തരത്തിലുള്ള മുന്‍ഗണനാ ക്രമങ്ങളുണ്ടാവും. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ നാം ചെയ്തു തീര്‍ക്കുന്ന കാര്യങ്ങള്‍ ഈ മുന്‍ഗണനയുടെ അടിസ്ഥാനത്തിലാവും. കൃത്യാന്തര ബാഹുല്യങ്ങളുണ്ടെങ്കിലും നാം മുന്‍ഗണന നിശ്ചയിച്ച കാര്യങ്ങള്‍ സമയവും ഊര്‍ജ്ജവും പണവും കണ്ടെത്തി നാം ചെയ്തു തീര്‍ക്കും. നമ്മുടെ ജീവിതത്തില്‍ മാനസിക ആരോഗ്യത്തിന് നാം ഏതു തരത്തിലുള്ള പരിഗണനയാണ് നല്‍കിയിരിക്കുന്നത് എന്നത് വളരെ പ്രസക്തമായ ചോദ്യമാണ്.
മനുഷ്യ ശരീരത്തിലുണ്ടാവുന്ന പല രോഗങ്ങളേയും പ്രതിരോധിച്ചു നിര്‍ത്തുന്നതും കലശലാക്കുന്നതും മനസ്സിന്റെ ഇടപെടലായിരിക്കും. മനക്കരുത്ത് കൊണ്ട് വലിയ രോഗങ്ങളെ തോല്‍പിച്ച മനുഷ്യരുടെ വീര കഥകള്‍ നാം കേള്‍ക്കാറുണ്ട്. വൈദ്യ ലോകം അതിജയിക്കില്ലെന്നു വിധി എഴുതിയ രോഗങ്ങളെ വരെ മാനിസക പ്രതിരോധം കൊണ്ട് കീഴ്‌പെടുത്തിയവരുടെ ജീവിതം നാം മനോഹരമായി കാണാറുണ്ട്. എന്നാല്‍ നാം നമ്മുടെ ജീവിതത്തില്‍ മാനസിക രോഗങ്ങള്‍ക്കും മാനസിക ആരോഗ്യത്തിനും ശാരീരിക ആരോഗ്യത്തെ പോലെ മുന്‍ഗണ നല്‍കാറുണ്ടോ എന്ന ചോദ്യത്തിന് ബഹുഭൂരിപക്ഷം പേരുടേയും ഉത്തരം ഇല്ല എന്നായിരിക്കും. എന്നാല്‍ നാം ശാരീരിക ആരോഗ്യത്തെ പോലയോ അതിനേക്കാള്‍ മുകളിലോ പരിഗണിക്കേണ്ടത് മാനസിക ആരോഗ്യമാണെന്ന തിരിച്ചറിവിലേക്ക് നമ്മുടെ സമൂഹം ഇനിയും എത്തിച്ചേരേണ്ടതുണ്ട്. ഈ രീതിയില്‍ നമ്മുടെ ജീവിതത്തിന്റെ മുന്‍ഗണനയിലേക്ക് മാനസിക ആരോഗ്യം കടന്നുവരേണ്ടത് എറ പ്രധാനമാണ്.
കോവിഡാനന്തര കാലം മനുഷ്യന്‍ പല തരത്തിലുള്ള പ്രായാസങ്ങള്‍ നേരിട്ട കാലമാണ്. ബിസ്‌നസ് നഷ്ടം, കച്ചവട നഷ്ടം, ജോലി നഷ്ടം, വീട് തകര്‍ന്നു പോവല്‍ തുടങ്ങിയ പല തരത്തിലുള്ള പ്രതിസന്ധികള്‍ നേരിട്ടപ്പോള്‍ പലരും തെന്നിവീഴുകയും ആത്മഹത്യയിലേക്ക് വരേ എത്തുകയും ചെയ്തു. ഇതില്‍ പലരും അപ്രതീക്ഷിതമായി സംഭവിച്ച ജീവിത പ്രതിസന്ധികളെ നേരിടാനുള്ള മാനസിക കരുത്തും ശേഷിയും ഇല്ലാത്തത് കാരണമാണ് പതറിപ്പോയത്. എന്നാല്‍ യഥാര്‍ത്ഥ സമയത്ത് മാനസിക പിന്തുണയും ആവശ്യമായവര്‍ക്ക് വിദഗ്ധ ചികിത്സയും ലഭിച്ചിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല. പ്രളയം, കോവിഡ് പോലുള്ള ദുരന്തങ്ങളെ അതിജയിക്കാന്‍ കഴിയാതെ വരുന്നവര്‍ അനുഭവിക്കുന്ന മാനസിക രോഗവുമായി ബന്ധപ്പെട്ട പ്രതിഭാസമാണ് പി.ടി.എസ്.ഡി (ജീേെ േൃമൗാമശേര െേൃല ൈറശീെൃറലൃ) ഇതിന് പല തരത്തിലുള്ള ലക്ഷണങ്ങളുണ്ട്. തനിക്ക് സംഭവിച്ച ദുരന്തം ആവര്‍ത്തിക്കുന്നതായോ ഇപ്പോള്‍ സംഭവിക്കുന്നതായോ തോന്നുക. സംഭവുമായി ബന്ധപ്പെട്ട ചിത്രങ്ങളും ചിന്തകളും പേടി സ്വപനങ്ങളും മനസിലേക്ക് നുഴഞ്ഞ്കയറി വരിക, ആഘാതത്തിന്റെ യഥാര്‍ത്ഥമോ പ്രതീകാത്മകമോ ആയ ഓര്‍മ്മപ്പെടുത്തലുകളില്‍ തീവ്രമായ വിഷമം തോന്നുക എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. ഈ രോഗാവസ്ഥയില്‍ എത്തിപ്പെട്ടിട്ടും മതിയായ ചികിത്സ തേടാതെ നരക ജീവിതം നയിക്കുന്ന അനേകം പേര്‍ നമ്മുടെ സമൂഹത്തിലുണ്ടാവും. വിദഗ്ധമായ ചികിത്സ ലഭിച്ചാല്‍ അതിജയിക്കാന്‍ കഴിയുന്നവരാണ് ഇവരെല്ലാം. എന്നാല്‍ ഞാന്‍ ഇപ്പോള്‍ അനുഭവിക്കുന്നത് ഒരു മാനസിക രോഗമാണെന്നും ഇതിനു ചികിത്സയുണ്ടെന്നുമുള്ള തിരിച്ചറിവ് അവര്‍ക്കുണ്ടാവാത്തത് കാരണം അവര്‍ ഈ ദുരിതത്തില്‍ തന്നെ ജീവിച്ചുകൊണ്ടിരിക്കുന്നു. അവരുടെ ബന്ധുക്കളോ സുഹൃത്തുക്കളേ ഈ രീതിയിലുള്ള സഹായങ്ങളും നിര്‍ദേശങ്ങളും നല്‍കുന്നവരല്ലെങ്കില്‍ ജീവിതം ബഹു കഷ്ടം തന്നെയായിരിക്കും.
മാനസിക രോഗത്തില്‍ പലതും സൈക്യാട്രിക് ചികിത്സ കൊണ്ട് ഭേദമാവുന്നതാണ്. ശാരീരിക രോഗ ശമനത്തിന് ഉപയോഗിക്കുന്ന മരുന്നുകളെ പോലെ മാനസിക രോഗ ശമനത്തിനും ഫലപ്രദമായ മരുന്നുകളുണ്ട്. മിക്ക രോഗങ്ങളും ഇത്തരത്തിലുള്ള ചികിത്സ കൊണ്ടും മരുന്നുകള്‍ കൊണ്ടും ഭേദമാവും. ദീര്‍ഘ നാള്‍ തുടര്‍ച്ചയായി മരുന്നുകള്‍ ഉപയോഗിക്കേണ്ടിവരുന്നത് വളരെ കുറഞ്ഞ രോഗങ്ങള്‍ക്ക് മാത്രമാണ്. ആളുകള്‍ക്കനുസരിച്ച് മാനസിക രോഗങ്ങളുടേയും അസ്വസ്ഥതകളുടേയും രീതികളിലും ശമന മാര്‍ഗങ്ങളിലും മാറ്റമുണ്ടാവും. ചിലര്‍ വളരെ പെട്ടെന്ന് തകര്‍ന്ന് പോവും. മറ്റു ചിലര്‍ ഒരു പരിധി വരെ പിടിച്ചു നില്‍ക്കും. അതിനാല്‍ രോഗിയുടെ മാനസിക നിലയറിഞ്ഞു വേണം ചികിത്സ നടത്താന്‍. സ്വയം ചികിത്സ ഇതിനു ഫലപ്രദമല്ല. മനസിനെ അപഗ്രഥിക്കാനും വായിക്കാനും കഴിവുള്ള വിദഗ്ധനായ ഒരു മാനസികാരോഗ്യ വിദഗ്ധനു മാത്രമേ മികച്ച ചികിത്സ നല്‍കാന്‍ കഴിയുകയുള്ളൂ.
ജീവിതത്തെ കുറിച്ച് കൃത്യമായ കാഴ്ച്ചപ്പാട് ഉണ്ടായിരിക്കണം. പ്രതീക്ഷകളെ പോലെ തന്നെ നിരാശയും ഉണ്ടാവും എന്ന മനസിലാക്കണം. തിരിച്ചടിയുമുണ്ടാവുമ്പോള്‍ പിടിച്ചു നില്‍ക്കാനും കഴിയണം. പ്രതീക്ഷകള്‍ തെറ്റുമ്പോള്‍ ബൈപാസ് ചെയ്യാനോ അമിത വേഗതയില്‍ സഞ്ചരിക്കാനോ ശ്രമിക്കരുത്. നമ്മുടെ മുന്നിലുള്ള പടികള്‍ സാവധാനം കഴറിപ്പോവണം. ഇപ്പോള്‍ എത്തിയതില്‍ തന്നെ സ്തുതി പറയുകയും ദൈവത്തിന് നന്ദി അറിയിക്കുകയും ചെയ്യണം. അത്യന്തികമായി വിജയവും പരാജയവും ദൈവം നിര്‍ണയിക്കുന്നതാണെന്ന കരുത്ത് വിശ്വാസിക്ക് വലിയ ആശ്വാസമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."