HOME
DETAILS

പിന്നോക്ക രാഷ്ട്രീയത്തിന്റെ മുന്നണിപ്പോരാളി

  
backup
October 11 2022 | 03:10 AM

mulayam-sing-yadavu-2022-oct-11

കെ.പി നൗഷാദ് അലി
9847524901

ലഖ്നൗവിലൂടെയല്ലാതെ ഡൽഹിയിലേക്ക് വിജയപാതയില്ലയെന്ന അലിഖിത വിശ്വാസത്തിന് ഇന്ത്യയിൽ രാഷ്ട്രീയ ഭേദമില്ല. പതിനഞ്ച് കോടി വോട്ടർമാരും 80 ലോക്സഭ സീറ്റും 403 അംഗ അസംബ്ലിയും അതിന് അടിവരയിടുന്നു. ഇന്ത്യയിൽ ഏറ്റവുംകൂടുതൽ ബ്രാഹ്മണ വോട്ടുകളുള്ള യു.പിയിൽ ഠാക്കൂർ വോട്ടുകളും നിർണായകമാണ്. മുന്നോക്ക രാഷ്ട്രീയം കൃത്യമായ മേധാവിത്വം പുലർത്തുന്ന യു.പിയിൽ 9% വരുന്ന യാദവവോട്ടുകളുടെ ഭാഗിക പിന്തുണയിൽനിന്ന് രാഷ്ട്രീയ തേർ തെളിച്ചുതുടങ്ങിയ മുലയം സിങ് മൂന്നുതവണ മുഖ്യമന്ത്രിയായി. പ്രധാനമന്ത്രി സ്ഥാനത്തേക്ക് അവസാന നിമിഷം വരെയും പരിഗണിക്കപ്പെട്ട് രണ്ടുവർഷം പ്രതിരോധമന്ത്രി പദവിയും വഹിച്ചാണ് രാഷ്ട്രീയ വിദ്യാർഥികൾക്ക് വലിയ പാഠങ്ങൾ അവശേഷിപ്പിച്ച് യാത്രയാകുന്നത്.
മറ്റു പല സംസ്ഥാനങ്ങളിൽനിന്ന് വിഭിന്നമായി സംഘ്പരിവാർ രാഷ്ട്രീയത്തിനു തുടക്കം മുതൽ ഉത്തർപ്രദേശിൽ കൃത്യമായ വേരോട്ടമുണ്ട്. 1967ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 98 സീറ്റും 20% വോട്ടും യു.പിയിൽ ജനസംഘം നേടിയിരുന്നു. ജനസംഘവും ലോക്ദളുമടക്കം ലയിച്ച് ജനതപാർട്ടിയായി നേരിട്ട 1977 ലെ തെരഞ്ഞെടുപ്പിൽ 425ൽ 350 ലധികം സീറ്റുമായി ആധികാരിക വിജയം അവർ യു.പിയിൽ നേടി. 1977ലെ രാം നരേഷ് യാദവ് മന്ത്രിസഭയിൽ അംഗമായാണ് മുലയം സിങ് യാദവ് യു.പിയിലെ മുഖ്യധാര നേതൃപദവിയിലേക്കുള്ള യാത്ര തുടങ്ങിയത്. സഹകരണ സ്ഥാപനങ്ങളിൽ ദലിത് സംവരണമേർപ്പെടുത്തി മുലായം തന്റെ വരവറിയിച്ചു.


ഇറ്റാവ ജില്ലയിലെ സെയ്ഫയ് ഗ്രാമത്തിൽ ദരിദ്ര കർഷകരുടെ മകനായി പുല്ലു മേഞ്ഞ കുടിലിലാണ് 1939ൽ മുലായം ജനിക്കുന്നത്. വരണ്ടുണങ്ങിയ ഭൂമിയും അലഞ്ഞുതിരിയുന്ന കന്നുകാലികളും മാത്രമുള്ള തന്റെ ഗ്രാമത്തിൽ എല്ലാവർക്കുമായി ഒരു കിണർ മാത്രമാണുണ്ടായിരുന്നതെന്ന് മുലായം പിന്നീട് അനുസ്മരിച്ചിരുന്നു. പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ മുലായം സംസ്ഥാന തലത്തിൽ അറിയപ്പെട്ട ഗുസ്തിതാരം കൂടിയായിരുന്നു. ഇത്തരം സാഹചര്യങ്ങളെ മറികടക്കാനും അർധാവസരങ്ങൾ പോലും മുതലെടുക്കുവാനുമുള്ള സിദ്ധി മുലായത്തിനു ജന്മസിദ്ധമായിരുന്നു. അതദ്ദേഹത്തെ യു.പിയിലെയും രാജ്യത്തെയും ശ്രദ്ധാകേന്ദ്രമാക്കി മാറ്റി.


രാഷ്ട്രീയ പരിണാമങ്ങൾ ഗണിച്ചെടുത്തുള്ള കൃത്യമായ ചുവടുകൾ മുലായമിന് വലിയ നേട്ടങ്ങളുണ്ടാക്കിക്കൊടുത്തു. വിദ്യാർഥി കാലഘട്ടം അവസാനിക്കുമ്പോൾ തന്നെ രാം മനോഹർ ലോഹ്യയുമായി ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞത് 1967ൽ ഇരുപത്തിയെട്ടാം വയസ്സിൽ നിയമസഭയിലെത്താൻ അദ്ദേഹത്തെ സഹായിച്ചു. സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി ടിക്കറ്റിലാണ് അദ്ദേഹം എം.എൽ.എയായത്. 1967ൽ ചൗധരി ചരൺസിങ് കോൺഗ്രസ് വിട്ടു പുറത്തുവന്നു ഭാരതീയ ക്രാന്തി ദൾ രൂപീകരിച്ചു ഉത്തർപ്രദേശിന്റെ ആദ്യ കോൺഗ്രസ് ഇതര മുഖ്യമന്ത്രിയായി മാറിയിരുന്നു. കർഷകരുടെ വികാരമായ ചരൺസിങ്ങിനൊപ്പമായിരുന്നു പിന്നീടുള്ള മുലായം സിങ്ങിന്റെ രാഷ്ട്രീയം. 1980ൽ ജനതാ പാർട്ടിയിൽനിന്നു മാറി ചരൺസിങ് ലോക്ദൾ പുനരുജ്ജീവിപ്പിച്ചപ്പോൾ മുലായം യു.പി സംസ്ഥാന പ്രസിഡൻ്റായി. 1986ൽ ചരൺസിങ് രോഗാതുരനായപ്പോൾ മകൻ അജിത് സിങ്ങിന്റെയും എച്ച്.എൻ ബഹുഗുണയുടെയും നേതൃത്വത്തിൽ ലോക്ദൾ ഭിന്നിച്ച സമയം മുലായം യു.പിയിലെ പ്രതിപക്ഷ നേതാവായിരുന്നു. തന്റെ രാഷ്ട്രീയ ഭാവിക്കു നല്ലത് ബഹുഗുണയാണെന്ന് മനസ്സിലാക്കിയ മുലായം, ദേവിലാലിനോപ്പം അജിത് സിങ്ങിനെ തള്ളിപ്പറഞ്ഞു. പ്രതിപക്ഷ നേതൃപദവി ഇതോടെ നഷ്ടമായി. കോൺഗ്രസിനെതിരേ ഒരിക്കൽകൂടി സോഷ്യലിസ്റ്റ് പാർട്ടികൾ ദേശീയതലത്തിൽ പരസ്പരം ലയിച്ചു ജനതദൾ രൂപീകരിച്ചു. 1989ലെ യു.പി നിയമസഭ തെരഞ്ഞെടുപ്പിൽ ജനതദൾ 208, കോൺഗ്രസ് 94, ബി.ജെ.പി 57 എന്നായിരുന്നു കക്ഷിനില. അജിത്ത്‌ സിങ്ങിനെ മുഖ്യമന്ത്രിയാക്കാൻ ചരടുവലിച്ച വി.പി സിങ്ങിനെ, എസ്. ചന്ദ്രശേഖറിന്റെയും ദേവിലാലിന്റെയും പിന്തുണയിൽ മറികടന്ന് മുലായം സിങ് ആദ്യമായി യു.പി മുഖ്യമന്ത്രിയായി. ബി.ജെ.പി മന്ത്രിസഭയെ പിന്തുണച്ചു.


മുഖ്യമന്ത്രിയായതിനു ശേഷം യു.പി രാഷ്ട്രീയത്തിൽ സ്വന്തമായി വഴിവെട്ടാനുള്ള നീക്കങ്ങളിലാണ് മുലായം ശ്രദ്ധ കേന്ദ്രീകരിച്ചത്. യാദവർക്കു പുറമെ മറ്റു പിന്നോക്ക ഹിന്ദു വിഭാഗങ്ങളെയും 20% മുസ് ലിംകളെയും കൂടെ നിർത്തിയാൽ യു.പിയിൽ അജയ്യനാവാമെന്ന ലക്ഷ്യത്തിലേക്ക് മുലായം കരുക്കൾ നീക്കി. ഷാബാനു ബീഗം കേസിലെ സുപ്രിംകോടതി വിധിക്കെതിരേ പരസ്യനിലപാടു സ്വീകരിച്ചും 1989 നവംബറിൽ കർസേവകർക്കെതിരേ കണ്ടാലുടൻ വെടിവയ്ക്കാൻ ഉത്തരവിട്ടും തന്റെ മൃതശരീരത്തിൽ ചവിട്ടിയല്ലാതെ ബാബരി മസ്ജിദ് തകർക്കാൻ സാധ്യമല്ല എന്ന തലവാചകവുമായി ടൈം മാഗസിനിൽ നിറഞ്ഞു നിന്നും മുലായം വടികൾ നീട്ടിയെറിഞ്ഞു. ഇതിനിടെ 1990ലെ സ്വാതന്ത്ര്യദിന പ്രഭാഷണത്തിൽ സർക്കാർ സർവിസിൽ ഒ.ബി.സി വിഭാഗത്തിനു 27% സംവരണം നൽകാനായി മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുമെന്ന് പ്രധാനമന്ത്രി വി.പി സിങ് പ്രഖ്യാപിച്ചു. ഇതോടെ ആളിപ്പടർന്ന സമരങ്ങൾക്കിടയിൽ യു.പിയിലെ മണ്ഡൽരാഷ്ട്രീയ നായകനായി മുലായം സിങ് മാറി. ഇതിനിടെ ചന്ദ്രശേഖറിനൊപ്പം ജനതാദൾ (എസ്) രൂപീകരണത്തിൽ പങ്കാളിയായ മുലായം ബി.ജെ.പി പിന്തുണ പിൻവലിച്ചശേഷം കോൺഗ്രസ് പിന്തുണയിൽ ഭരണം തുടർന്നു. മാസങ്ങൾക്കകം കോൺഗ്രസ് പിന്തുണ പിൻവലിച്ചു. 1991ൽ യു.പി വീണ്ടും തെരഞ്ഞെടുപ്പിലേക്ക് പോയി. രഥയാത്രകളുടെ ബലത്തിൽ 221 സീറ്റുമായി ബി.ജെ.പി ആദ്യമായി അധികാരം പിടിച്ചു. 92 സീറ്റു നേടിയ ജനതാദൾ മുഖ്യ പ്രതിപക്ഷമായി. ചരിത്രത്തിലാദ്യമായി 46 സീറ്റുമായി കോൺഗ്രസ് മൂന്നാമതായി. അടുത്ത വർഷം മുലായം തന്റെ സ്വന്തം കക്ഷിയായ സമാജ് വാദി പാർട്ടി പ്രഖ്യാപിച്ചു.


ബാബരി മസ്ജിദ് തകർച്ചയെ തുടർന്ന് യു.പി സർക്കാർ പിരിച്ചുവിടപ്പെട്ടു. 1993ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കൻഷിറാമുമായി മുലായം സഖ്യം ചെയ്തു. ബി.ജെ.പിയുടെ 177 നെതിരേ എസ്.പി-ബി.എസ്.പി സഖ്യം 176 സീറ്റു നേടി. 28 സീറ്റു ലഭിച്ച കോൺഗ്രസിൻ്റെയും സ്വതന്ത്രരുടെയും പിന്തുണയിൽ മുലായം വീണ്ടും മുഖ്യമന്ത്രിയായി. മായാവതിയുടെ മുഖ്യമന്ത്രി മോഹവും കൻഷിറാമിന്റെ അനാരോഗ്യവും രണ്ടുവർഷം പിന്നിട്ടതോടെ ഭരണത്തെ വീഴ്ത്തി. ആയുധമേന്തിയ എസ്.പി കേഡറുകൾ ബി.എസ്.പി ക്യാമ്പ് ആക്രമിച്ചു എം.എൽ.എമാരെ കടത്തിയതടക്കമുള്ള വലിയ നാണക്കേടുകൾക്ക് അന്നു ലഖ്‌നൗ സാക്ഷ്യം വഹിച്ചു. 1996ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.പിയിൽ ഒറ്റയ്ക്ക് 17 സീറ്റുകൾ എസ്.പി നേടി. ഡൽഹിയിലെ കൂട്ടുകക്ഷി സർക്കാരിനെ നയിക്കാൻ മുലായമെത്തുന്നുവെന്ന വാർത്തകൾ പരന്നു. വി.പി സിങ്ങും ലാലു യാദവും ചേർന്ന് നടത്തിയ നീക്കങ്ങൾ വഴിയടച്ചു. സമാനമായി സ്വന്തം പാർട്ടി വഴിമുടക്കിയപ്പോൾ ജ്യോതിബസുവും പുറത്തുപോയി. വിധി ദേവഗൗഡക്കൊപ്പമായിരുന്നു.


1996ലെ ഐക്യമുന്നണി മന്ത്രിസഭയിൽ മുലായം പ്രതിരോധ മന്ത്രിപദവിയിൽ രണ്ടു വർഷം തുടർന്നു. പാകിസ്താനല്ല, ചൈനയാണ് ശത്രുവെന്ന പ്രഖ്യാപനവും സ്വതന്ത്ര പരമാധികാര ടിബറ്റിനു വേണ്ടിയുള്ള വാദങ്ങളും അന്നു ആഗോള മാധ്യമങ്ങളിൽ വരെ വാർത്തയായിരുന്നു. 2002ൽ മായാവതിക്കുള്ള പിന്തുണ ബി.ജെ.പി പിൻവലിച്ചതിനെ തുടർന്ന് 2003മുതൽ 2007 വരെ മുഖ്യമന്ത്രി പദവിയിൽ മുലായം അവസാന ഊഴം നിർവഹിച്ചു. 1999 ലെ വാജ്പേയ് സർക്കാരിന്റെ പതനത്തെ തുടർന്ന് മന്ത്രിസഭയുണ്ടാക്കാനുള്ള കോൺഗ്രസ് നീക്കത്തെ പൊളിച്ച മുലായം പക്ഷേ ആണവ കരാറിനെ തുടർന്ന് ഇടതുപക്ഷം പിന്തുണ പിൻവലിച്ച ഒന്നാം യു.പി.എ സർക്കാരിനെ നിർണായക നിമിഷത്തിൽ പിന്തുണച്ചു. പാർലമെന്ററി രംഗത്തെ സ്ത്രീസംവരണത്തെ എതിർത്ത് ലോക്സഭയിൽ സ്വീകരിച്ച ശക്തമായ നിലപാടും കൂട്ട ബലാത്സംഗങ്ങളുടെ സാധുതയെ ചോദ്യംചെയ്തും ആൺകുട്ടികളെ ന്യായീകരിച്ചു അക്കാലത്തെ യു.എൻ സെക്രട്ടറി ജനറൽ ബാൻ കി മൂണുമായി വാഗ്വാദം നടത്തിയതുമൊക്കെ വലിയ വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. എന്നാൽ യു.പിയിലെ ഗ്രാമീണ രാഷ്ട്രീയ കരുത്തിനെ അവയ്ക്ക് സ്പർശിക്കാൻ കഴിഞ്ഞിരുന്നില്ല.
ഒ.ബി.സി -മുസ്‌ലിം- ദലിത് രാഷ്ട്രീയത്തിലൂടെ ദേശീയ പാർട്ടികളെ പ്രതിരോധിച്ചുനിർത്തി പ്രാദേശിക ഭീമൻമാരായി വളരാം എന്ന ആത്മവിശ്വാസം പ്രാദേശിക പാർട്ടികൾക്ക് നൽകിയത് മുലായം സിങ്ങാണ്. കോൺഗ്രസ് വിരുദ്ധത ലക്ഷ്യമിട്ടാണ് മുലായത്തിന്റെ ആദ്യ നീക്കങ്ങളെങ്കിലും യു.പിയിൽ ഇന്നത്തെ സംഘ്പരിവാർ രാഷ്ട്രീയത്തിനു മുന്നിലെ വലിയ ഭീഷണി മുലായം അവശേഷിപ്പിച്ചു മടങ്ങുന്ന രാഷ്ട്രീയമാണ്. ഇരുപതു ശതമാനം ദലിത് വോട്ടുവിഹിതമുള്ള യു.പിയിൽ മായാവതിയുടെ ബോധപൂർവമായ അശ്രദ്ധ ഇല്ലായിരുന്നുവെങ്കിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് ഫലം മറിച്ചാകുമായിരുന്നു. തെരഞ്ഞെടുപ്പുകളെ ഹിന്ദു-മുസ്‌ലിം പോരാട്ടമായി വിഭജിക്കുന്ന ബി.ജെ.പി രാഷ്ട്രീയം ഉത്തരേന്ത്യയിൽ മുട്ടു വിറക്കുന്ന രണ്ടു യാദവ നേതാക്കളിൽ പ്രമുഖനാണ് വിടവാങ്ങുന്നത്. കൃത്യമായ അടിത്തറയും, കർമനിരതമായ കേഡറുകളും സ്വന്തമായുള്ള എസ്.പിയുടെ രണ്ടാം തലമുറ നേതൃത്യം അഖിലേഷിനു കീഴിൽ സജ്ജമാണ്. ശൂന്യതയിൽ നിന്ന് അധികാര ഗിരി ശൃംഗങ്ങൾ താണ്ടിയ നേതാജിയുടെ ഓർമകൾ ജനാധിപത്യ മതേതര രാഷ്ട്രീയത്തിനു എന്നും ആത്മവിശ്വാസമേകുമെന്ന കാര്യത്തിൽ തർക്കമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago
No Image

ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍; ഓം പ്രകാശിനെ അറിയില്ല, കണ്ടതായി ഓര്‍മ്മയില്ല, പ്രയാഗ മാര്‍ട്ടിന്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-10-10-2024

PSC/UPSC
  •  2 months ago
No Image

പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് മുറി നല്‍കിയില്ല; പ്രതിഷേധവുമായി അന്‍വര്‍

Kerala
  •  2 months ago