നരബലി നടത്തിയത് സാമ്പത്തിക അഭിവൃദ്ധിക്കായി; ഇരയായത് ലോട്ടറി വില്‍പനക്കാര്‍, കൊലക്ക് തുമ്പായത് കാണാതായ പത്മത്തിനായി നടത്തിയ അന്വേഷണം
പത്തനംതിട്ട: ഇലന്തൂര്‍ കുഴിക്കാലയില്‍ രണ്ട് സ്ത്രീകളെ നരബലിക്കിരയാക്കിയത് ദമ്പതികളുടെ സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടിയെന്ന് റിപ്പോര്‍ട്ടുകള്‍. ഇലന്തൂരില്‍ താമസിക്കുന്ന ദമ്പതികള്‍ ആഭിചാരപൂജയുടെ ഭാഗമായാണ് സ്ത്രീകളെ എത്തിച്ച് നരബലിക്കിരയാക്കിയത്. കൊച്ചിയില്‍ നിന്ന് പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റ് മുഹമ്മദ് ഷാഫിയെന്ന ഷിഹാബാണ് ഇവര്‍ക്ക് സ്ത്രീകളെ എത്തിച്ചുനല്‍കിയത്. ഷിഹാബ് തന്നെയാണ് നരബലി ചെയ്താല്‍ സാമ്പത്തിക അഭിവൃദ്ധിയുണ്ടാകുമെന്ന് ദമ്പതികളായ ഭഗവന്ത്‌ലൈല എന്നിവരെ പറഞ്ഞു വിശ്വസിപ്പിച്ചതും. മൃതദേഹങ്ങള്‍ കഷണങ്ങളാക്കി കുഴിച്ചിട്ടെന്നാണ് വിവരം.
പൊന്നുരുന്നി സ്വദേശി പത്മത്തിനെ കാണാനില്ലെന്ന പരാതിയാണ് സംഭവത്തില്‍ അന്വേഷണത്തിന് തുമ്പായത്. കടവന്ത്രയില്‍ ലോട്ടറി വില്‍പ്പനക്കാരിയായിരുന്നു പത്മം. പൊന്നുരുന്നിയില്‍ തനിച്ചായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. പത്മത്തിന്റെ ബന്ധുക്കള്‍ തമിഴ്‌നാട്ടിലാണ് താമസം. പത്മത്തെ എല്ലാ ദിവസവും മകന്‍ ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്നു. എന്നാല്‍ സെപ്തംബര്‍ 26ന് മകന്‍ വിളിച്ചപ്പോള്‍ ഇവരെ ഫോണില്‍ കിട്ടിയില്ല. അടുത്ത ദിവസങ്ങളിലും മകന് ഇവരെ ഫോണില്‍ കിട്ടിയില്ല. ഫോണില്‍ കിട്ടാതായതോടെ പത്മത്തിന്റെ വീടിനടുത്ത് താമസിക്കുന്നവരെ ബന്ധപ്പെടുകയും പത്മം വീട്ടില്‍ ഇല്ലെന്ന് തിരിച്ചറിയുകയുമായിരുന്നു. തുടര്‍ന്ന് മകന്‍ എത്തി കടവന്ത്ര പൊലിസില്‍ പരാതി നല്‍കുകയുമായിരുന്നു.
പത്മത്തിന്റെ ഫോണ്‍ സിഗ്‌നല്‍ അന്വേഷിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നത്. സംഭവത്തില്‍ ഏജന്റായി പ്രവര്‍ത്തിച്ച ഷിഹാബിനൊപ്പം പത്മം തിരുവല്ലയിലേക്ക് പോയിരുന്നു. തിരുവല്ലയിലാണ് പത്മത്തിന്റെ ഫോണ്‍ സിഗ്‌നല്‍ അവസാനമായി ലഭിച്ചത്.
ടവര്‍ ലൊക്കേഷന്‍ തിരഞ്ഞ് പോയ പൊലിസ് തിരുവല്ലയിലെത്തുകയായിരുന്നു. വിശദമായ അന്വേഷണത്തില്‍ പെരുമ്പാവൂര്‍ സ്വദേശിയും പിന്നാലെ തിരുവല്ലക്കാരായ ദമ്പതികളും പിടിയിലായി. തുടര്‍ന്നാണ് മറ്റൊരു സ്ത്രീയെ കൂടി ആഭിചാരക്രിയകള്‍ക്കായി കൊലപ്പെടുത്തിയതായ വിവരം അറിയുന്നത്. കാലടി സ്വദേശിനി റോസ്ലിന്‍ (50) എന്ന സ്ത്രീയെ ജൂണില്‍ കൊലപ്പെടുത്തിയതെന്നാണ് വിവരം. കൊല്ലപ്പെട്ട ഇരുവരും ലോട്ടറിക്കച്ചവടം നടത്തിയിരുന്നു.
ആഭിചാരക്രിയകള്‍ ചെയ്യുന്നയാളാണ് ഇലന്തൂരിലെ ദമ്പതികളിലെ പുരുഷന്‍. നരബലി നടത്തിയാല്‍ സാമ്പത്തിക അഭിവൃദ്ധിയുണ്ടാകുമെന്നറ പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റ് ഷിഹാബ് ഇയാളോട് പറയുകയായിരുന്നു. തുടര്‍ന്ന് ഷിഹാബ് തന്നെ കൊച്ചിയില്‍ നിന്ന് സ്ത്രീകളെ ഇലന്തൂരിലെത്തിച്ചു. മന്ത്രവാദത്തിന്റെ ഭാഗമായി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."