വാഹന രജിസ്ട്രേഷൻ, പാർക്കിംഗ് ഫീസ്; 28 വ്യത്യസ്ത സേവനങ്ങളുമായി ആർ.ടി.എയുടെ പുതിയ സ്മാർട്ട് കിയോസ്കുകൾ
വാഹന രജിസ്ട്രേഷൻ, പാർക്കിംഗ് ഫീസ്; 28 വ്യത്യസ്ത സേവനങ്ങളുമായി ആർ.ടി.എയുടെ പുതിയ സ്മാർട്ട് കിയോസ്കുകൾ
ദുബൈ: നിങ്ങളുടെ വാഹന രജിസ്ട്രേഷൻ കാർഡ് പുതുക്കണോ, പാർക്കിംഗ് ഫീയോ പിഴയോ അടയ്ക്കണോ, അല്ലെങ്കിൽ നിങ്ങളുടെ നോൾ കാർഡ് റീചാർജ് ചെയ്യണോ? റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (ആർ.ടി.എ) പുതിയ അത്യാധുനിക സ്‌മാർട്ട് കിയോസ്‌ക് ഉപയോഗിച്ച് നിങ്ങൾക്ക് ഈ സേവനങ്ങൾ എല്ലാം എളുപ്പത്തിൽ ചെയ്യാവുന്നതാണ്. 28 വ്യത്യസ്ത തരം ഡിജിറ്റൽ സേവനങ്ങളാണ് കിയോസ്‌ക് നൽകുന്നത്.
വാഹന ലൈസൻസിംഗ്, പാർക്കിംഗ്, നോൾ, റവന്യൂ മാനേജ്‌മെന്റ് സേവനങ്ങൾ (ലൈസൻസ്, സെയിൽസ് ഇൻവോയ്സ് മുതലായവ), ഉപയോക്താക്കൾക്ക് പണം, ക്രെഡിറ്റ് കാർഡ്, സ്‌മാർട്ട്‌ഫോണുകളിൽ NFC സാങ്കേതികവിദ്യ വഴിയുള്ള പേയ്‌മെന്റ് എന്നിവ ഉൾപ്പെടെ വിവിധ പേയ്‌മെന്റ് ഓപ്ഷനുകൾ തുടങ്ങി 28 വ്യത്യസ്ത തരം ഡിജിറ്റൽ സേവനങ്ങൾ കിയോസ്‌ക് നൽകും. 24 മണിക്കൂറും കിയോസ്കുകൾ ഉപയോഗിക്കാവുന്നതാണ്.
ഉപഭോക്തൃ സന്തോഷം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 32 സ്മാർട്ട് കിയോസ്‌കുകളാണ് ദുബൈയുടെ വിവിധ ഭാഗങ്ങളിൽ ആർ.ടി.എ സ്ഥാപിച്ചിട്ടുള്ളത്. ഫിംഗർപ്രിന്റ് സെൻസർ, ക്രെഡിറ്റ്, ഡെബിറ്റ് അല്ലെങ്കിൽ എമിറേറ്റ്സ് ഐഡി ഇൻസേർഷൻ യൂണിറ്റ്, എൻ.എഫ്.സി ടാപ്പിംഗ് യൂണിറ്റ്, പേയ്‌മെന്റിനായി കാർഡ് വിശദാംശങ്ങൾ നേരിട്ട് നൽകുന്നതിനുള്ള കീപാഡ് എന്നിവ ഉപയോഗിച്ച് കിയോസ്കുകൾ പ്രവർത്തിപ്പിക്കാവുന്നതാണ്. എല്ലാവർക്കും ദൃശ്യമാകുന്ന തരത്തിൽ വലിയ ഇന്ററാക്ടീവ് സ്‌ക്രീനാണ് ഈ മെഷീനിൽ ഉള്ളത്.
ആർ.ടി.എയുടെ പ്രധാന കെട്ടിടം, ഉപഭോക്തൃ സന്തോഷ കേന്ദ്രങ്ങൾ, പ്രധാന സേവന ദാതാക്കളുടെ കേന്ദ്രങ്ങൾ, ദുബൈ എമിറേറ്റിലെ നിരവധി സുപ്രധാന സ്ഥലങ്ങൾ എന്നിവയുൾപ്പെടെ 21 സ്ഥലങ്ങളിലായി 32 കിയോസ്‌കുകൾ സ്ഥാപിച്ചിട്ടുണ്ട്. കിയോസ്‌കുകളുടെ പ്രകടനം നിരീക്ഷിക്കുന്നതിനും തുടർച്ചയായി സേവനങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള ഒരു ഓട്ടോമേറ്റഡ് ഇന്റലിജന്റ് പെർഫോമൻസ് മോണിറ്ററിംഗ് ഫീച്ചറാണ് പുതിയ കിയോസ്‌കുകളുടെ സവിശേഷതയെന്ന് ആർ.ടി.എ പ്രസ്താവിച്ചു. ഇത് ഉപഭോക്താക്കൾക്ക് മുഴുവൻ സമയവും ഫലപ്രദവും ഉയർന്ന നിലവാരമുള്ളതുമായ സേവനങ്ങൾ നൽകുന്നതിന് സഹായിക്കുന്നു.
ഡിജിറ്റൽ സേവനങ്ങളിലൂടെ ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ ചെയ്യുക എന്ന ലക്ഷ്യത്തോടെ 2021-ലാണ് സ്മാർട്ട് കിയോസ്‌കുകൾ അപ്‌ഗ്രേഡ് ചെയ്യുന്നതിനുള്ള പദ്ധതി ആർ.ടി.എ ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."