HOME
DETAILS
MAL
സി.പി.എം കണ്ണുരുട്ടി ഐ.എന്‍.എല്ലില്‍ അനുരഞ്ജന നീക്കം
backup
July 30 2021 | 18:07 PM
ഇ.പി മുഹമ്മദ്
കോഴിക്കോട്: ഒറ്റപ്പാര്‍ട്ടിയായി മാത്രമേ മുന്നണിയില്‍ തുടരാനാകൂ എന്ന് സി.പി.എം നേതൃത്വം അന്ത്യശാസനം നല്‍കിയതോടെ ഐ.എന്‍.എല്ലില്‍ സമവായത്തിനു നീക്കം. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ മധ്യസ്ഥതയിലാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കുന്നത്. രണ്ടുദിവസമായി തിരുവനന്തപുരത്തുള്ള പ്രൊഫ. എ.പി അബ്ദുല്‍ വഹാബ് ഇന്നലെ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. വഹാബ് പക്ഷത്തെ പ്രമുഖ നേതാക്കളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
പിളര്‍പ്പൊഴിവാക്കി യോജിച്ചുപോകാനുള്ള ഫോര്‍മുല കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കണമെന്നും അല്ലെങ്കില്‍ മന്ത്രിയെ പിന്‍വലിക്കുന്നതുള്‍പ്പെടെ കടുത്ത നടപടിയിലേക്കു പോകേണ്ടിവരുമെന്നുമാണ് സി.പി.എം നിലപാട്. വൈകീട്ട് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും യോജിച്ചുപോകണമെന്ന് ഐ.എന്‍.എല്‍ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി.
കഴിഞ്ഞ ദിവസങ്ങളില്‍ വഹാബുമായുള്ള കൂടിക്കാഴ്ചയില്‍ കോടിയേരി ബാലകൃഷ്ണന്‍ എത്രയും വേഗം യോജിപ്പിലെത്തണമെന്ന ആവശ്യമാണ് മുന്നോട്ടുവച്ചത്. ഒത്തുതീര്‍പ്പ് ഫോര്‍മുല ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് വഹാബ് കോടിയേരിയെ അറിയിച്ചു. ഇക്കാര്യത്തില്‍ നിലപാടറിയിക്കാമെന്ന് കാസിം ഇരിക്കൂര്‍ പക്ഷവും അറിയിച്ചു. കാസിമിനൊപ്പം നില്‍ക്കുന്ന മന്ത്രി ദേവര്‍കോവില്‍ മുന്‍കൈയെടുത്തതോടെയാണ് അനുരഞ്ജനത്തിന്റെ വാതില്‍ തുറന്നത്. രമ്യതയിലെത്തിയില്ലെങ്കില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെടുമെന്ന തിരിച്ചറിവിലാണ് ദേവര്‍കോവില്‍ സമവായ നീക്കത്തിനു മുന്നിട്ടിറങ്ങിയത്.
ദേശീയ നേതൃത്വവുമായി മന്ത്രിക്കുള്ള അടുത്ത ബന്ധം പ്രശ്‌നപരിഹാരത്തിനു ഗുണം ചെയ്യുമെന്നാണ് സമവായം ആഗ്രഹിക്കുന്നവരുടെ വിലയിരുത്തല്‍. വഹാബിനെയും കാസിമിനെയും മുഖ്യ ഭാരവാഹിത്വത്തില്‍നിന്ന് മാറ്റിക്കൊണ്ടുള്ള ഫോര്‍മുലയാണ് ഇപ്പോള്‍ മുന്നിലുള്ളത്. ഇരുവിഭാഗവും നിലവില്‍ ഈയൊരു നീക്കത്തിന് തയാറല്ല. കാസിമിനെ മാറ്റിയാല്‍ ഒന്നിച്ചുപോവുന്നതില്‍ പ്രശ്‌നമില്ലെന്ന നിലപാടാണ് മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ വഹാബ് മുന്നോട്ടുവച്ചത്. മന്ത്രിസ്ഥാനത്ത് ദേവര്‍കോവില്‍ തുടരുന്നതില്‍ എതിര്‍പ്പില്ലെന്നും വഹാബ് അറിയിച്ചു.
അനുരഞ്ജനത്തിന്റെ സാധ്യതകള്‍ അടഞ്ഞിട്ടില്ലെന്ന സന്ദേശമാണ് കൂടിക്കാഴ്ചയ്ക്കുശേഷം ഇരുവരുടെയും വാക്കുകളില്‍ പ്രതിഫലിച്ചത്. പാര്‍ട്ടിയെ ചോര നീരാക്കി വളര്‍ത്തിയവര്‍ ഐക്യമാണ് ആഗ്രഹിക്കുന്നതെന്നും ആ വികാരത്തിനൊപ്പം നില്‍ക്കുമെന്നുമാണ് വഹാബിന്റെ പ്രതികരണം. യോജിപ്പുണ്ടാക്കാന്‍ ശ്രമിക്കുമെന്ന് ദേവര്‍കോവിലും പറഞ്ഞു. അതേസമയം, കാസിം വിഭാഗം ഐക്യശ്രമത്തിന് പച്ചക്കൊടി കാട്ടാന്‍ മടിക്കുകയാണ്. ദേശീയ പ്രസിഡന്റിനെ തീവ്രവാദിയെന്ന് വിളിച്ചവരുമായി ചേര്‍ന്നുപോകാനാവില്ലെന്നാണ് കാസിമിനൊപ്പമുള്ള നേതാക്കള്‍ പറയുന്നത്.
അതിനിടെ, സംസ്ഥാന കമ്മിറ്റി ഓഫിസില്‍ വഹാബ് വിഭാഗം ഓഗസ്റ്റ് 10 വരെ കയറരുതെന്ന കോടതിവിധി സമവായ നീക്കത്തിന് തിരിച്ചടിയായിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിയുടെ പേരില്‍ യോഗം വിളിക്കുന്നതിനും വിലക്കുണ്ട്. കാസിമും ബി. ഹംസ ഹാജിയും നല്‍കിയ ഹരജിയിലാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയുടെ ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."