ദ ഗ്രീന്‍ റോഡ് ഐറിഷ് മനോഹരിതയിലേക്കുള്ള ഹരിത പാത
ദിവ്യ ജോണ്‍ ജോസ്
അയര്‍ലണ്ടില്‍ വന്ന ആദ്യകാലങ്ങളില്‍ ജോലിചെയ്തിരുന്ന സ്ഥലത്തിനടുത്തായി താമസിച്ചിരുന്ന ദമ്പതികളെപ്പറ്റി പലപ്പോഴും ഓര്‍മിക്കാറുണ്ട്. അവരുടെയൊപ്പമുള്ള ചിത്രങ്ങള്‍ കാണുമ്പോഴോ അവര്‍ പറഞ്ഞ കാര്യങ്ങള്‍ ഓര്‍ക്കുമ്പോഴോ ഒരിക്കലെങ്കിലും അവരെ വിളിക്കണമെന്നാഗ്രഹിച്ചിട്ടുണ്ട്. തീര്‍ച്ചയായും അവര്‍ക്ക് മൊബൈല്‍ഫോണ്‍ ഇല്ലായിരുന്നു എന്നാണ് ഓര്‍മ. ടെലഫോണ്‍ ഉണ്ടായിരുന്നോ എന്നോര്‍ക്കുന്നില്ല, അവരുടെ നമ്പര്‍ ഒന്നുംതന്നെ വാങ്ങാതെയാണ്, കുറച്ചു മാസങ്ങള്‍ക്കുശേഷം അന്ന് അവിടം വിടുന്നത്.
തീര്‍ത്തും അപരിചിതമായ ഒരു രാജ്യത്ത്, വ്യത്യസ്തങ്ങളായ ഭക്ഷണവും വസ്ത്രങ്ങളും ജീവിതരീതികളുമുള്ള ഒരു സ്ഥലത്തു വന്നുപെട്ടതിന്റെ ആകുലതകള്‍ കുറയ്ക്കുന്നതിന് ആ ഭാര്യയും ഭര്‍ത്താവും അറിഞ്ഞോ അറിയാതെയോ കാരണമായിട്ടുണ്ട്. അടുത്തുള്ള ടൗണിലേക്കും പള്ളിയിലേക്കും മറ്റും അവരുടെ കാറിലാണ് പോയിക്കൊണ്ടിരുന്നത്. ചില വൈകുന്നേരങ്ങളില്‍ നടക്കാന്‍ പോകുമ്പോഴും അവര്‍ കൂടാറുണ്ട്. ഇതിനിടയില്‍ പങ്കുവയ്ക്കുന്ന ഒരുപാടു വിശേഷങ്ങള്‍, ആ രാജ്യത്തെക്കുറിച്ചുള്ള ഒരു ഇന്‍ട്രോയായിട്ടാണ് എനിക്കിപ്പോഴും തോന്നുന്നത്. പരസ്പരം വിവരങ്ങള്‍ അന്വേഷിക്കാന്‍ മാത്രമുള്ള ഒരു ദൃഢബന്ധമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും സന്തോഷത്തോടെ അവരെ ഓര്‍മിക്കാനുള്ളത്രയും സൗഹൃദം മനസിലുണ്ടായിരുന്നു; ഇപ്പോഴുമുണ്ട്.
അവിടെവച്ചും പിന്നീടും പരിചയപ്പെട്ട പലരും പുതിയ രാജ്യത്തെ ജീവിതം അനായാസമാക്കുന്ന കുറുക്കുവഴികളായി. വാര്‍ത്തകള്‍ കണ്ടും യാത്രകള്‍ ചെയ്തും ബാക്കി പൂരിപ്പിക്കാന്‍ ശ്രമിച്ചു. അതിനിടയില്‍ വായനയില്‍ വന്നുപെട്ട സമകാലീന ഐറിഷെഴുത്തുകാരുടെ ലേഖനങ്ങളും ഫിക്ഷനുകളും മറ്റൊരു കോണിലൂടെ ആ രാജ്യത്തെ കാണിച്ചുതന്നു.
അച്ഛന്‍ കഥാപാത്രങ്ങളില്ലാത്ത നോവലുകള്‍
ജോണ്‍ ബോയ്ന്‍, ജോണ്‍ ബാന്‍വില്‍, മീവ് ബിന്‍ചി, സ്റ്റീഫന്‍ ബാരി, സെസിലിയ അഹണ്‍ തുടങ്ങിയവരുടെ കഥകള്‍ പരിചയമുള്ള പരിസരങ്ങളില്‍ നടക്കുന്നവയാണെന്നുള്ള കൗതുകമുണ്ടാക്കിയിട്ടുണ്ട്. റിയാലിറ്റിഫിക്ഷന്‍ വിഭാഗത്തില്‍ വരുന്ന പുസ്തകങ്ങള്‍ ഒരു പരിധിവരെ കഥ നടക്കുന്ന പരിസരങ്ങളെ സത്യസന്ധമായി ആവിഷ്‌കരിക്കുന്നതായും തോന്നിയിട്ടുണ്ട്. സാലി റൂണിപോലെയുള്ള പുതിയ തലമുറയിലെ എഴുത്തുകാരുടെ പുസ്തകങ്ങളിലൂടെ അത് തുടരുന്നു. അത്തരത്തിലുള്ള എഴുത്തുകള്‍കൊണ്ട് ആകര്‍ഷിച്ച ഒരു എഴുത്തുകാരിയാണ് ആന്‍ എന്റൈറ്റ്.
2007ല്‍ അവരുടെ 'ഗാദറിങ്‌സ്' എന്ന പുസ്തകം, മാന്‍ബുക്കര്‍പ്രൈസിന് അര്‍ഹമായി. 2011ല്‍ ഗാര്‍ഡിയന്‍പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ അവരുടെ രാഷ്ട്രീയബോധത്തെ അടിവരയിടുന്ന പ്രസ്താവനകള്‍ വായിച്ചത് ഓര്‍മവരുന്നു. 2020ന്റെ തുടക്കത്തില്‍ ഇതേ പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പ്രധാനമായും ഏറ്റവും പുതിയ പുസ്തകമായ 'ആക്ട്രസ്റ്റ്' എന്ന നോവലിനെക്കുറിച്ചും പറയുന്നു. ആദ്യനോവല്‍, 1995ല്‍ പുറത്തിറങ്ങിയ 'ദ വിഗ്ഗ് മൈ ഫാദര്‍ വോര്‍' എന്ന പേരിലാണെങ്കിലും അവരുടെ നോവലുകളില്‍ അച്ഛന്‍കഥാപാത്രങ്ങള്‍ ഇല്ലേയില്ല എന്നു പറയാം.
അവരുടെ അഭിമുഖങ്ങള്‍ ശ്രദ്ധിച്ചാല്‍ അപാരമായ നര്‍മബോധമുള്ള ഒരു വ്യക്തികൂടിയാണെന്നു വ്യക്തമാകും. ആനിന്റെ 'മേക്കിങ് ബേബീസ്', ഒരു ജെര്‍ണലുപോലേ സ്വന്തം പ്രഗ്‌നന്‍സിയും രണ്ടു കുഞ്ഞുങ്ങളെ രണ്ടു വയസുവരെ വളര്‍ത്തിക്കൊണ്ടുവരുന്ന രസകരമായ അനുഭവങ്ങളുമാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
അയര്‍ലണ്ടിലെ വെസ്റ്റ്‌കോസ്റ്റിന്റെ പ്രകൃതിഭംഗിയുടെ പശ്ചാലത്തലത്തില്‍പ്പറയുന്ന 'ദ ഗ്രീന്‍ റോഡ്' നല്ലൊരു വായനയായിരുന്നു. ഈ നോവല്‍ രണ്ടു ഭാഗങ്ങളായ് എഴുതിയിരിക്കുന്നു.
ഈ പ്രദേശങ്ങള്‍ എത്ര കണ്ടാലും വീണ്ടുംവീണ്ടും നമ്മെ തിരിച്ചുവിളിക്കുന്നത്ര ഭംഗിയുള്ളതാണെന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല. ഇതില്‍പ്പറയുന്ന അരന്‍ ഐലന്റ്, ക്ലിഫ്‌സ് ഓഫ് മോഹര്‍, ബറന്‍ എന്ന സ്ഥലങ്ങളെല്ലാം സന്ദര്‍ശിച്ചിട്ടുണ്ടെന്നുള്ളതുകൊണ്ട്, പഴയ കാഴ്ചകളെ മുന്നില്‍ കൊണ്ടുവരുന്നുണ്ടായിരുന്നു വായന. ക്ലിഫ്‌സുകള്‍/ഭീകരന്മാരായ മലയിടുക്കുകളുടെ ദൂരക്കാഴ്ച എത്ര കണ്ടാലും മതിവരില്ല. ഒരു കാമറയിലും പൂര്‍ണമായും പകര്‍ത്താനാകാത്ത പ്രകൃതിയാണിതെന്നു തോന്നും. ഒരുപാടു ചരിത്രങ്ങള്‍ പറയുന്ന സ്ഥലമാണ് ഇതൊക്കെ. മഹത്തായ അറ്റ്‌ലാന്റിക് സമുദ്രത്തിനെ നോക്കിക്കാണുന്നത് വിവരിക്കാനാകാത്ത അനുഭൂതിയാണ്. മലകളും അവയെ തൊട്ടുതഴുകിപ്പോകുന്ന മേഘങ്ങളും താഴ്‌വാരങ്ങളും മേയുന്ന ആടുകളും പശുക്കളും പൂക്കളും മരങ്ങളും വെസ്റ്റ്‌കോസ്റ്റിനെ മനോഹരമാക്കുന്നു. ഈയൊരു കാഴ്ചകളെ ആന്‍ പലപ്പോഴും ഓര്‍മിപ്പിക്കുന്നുണ്ട്.
ഭര്‍ത്താവിന്റെ മരണശേഷം, ആ ഒരു ജീവിതസാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുന്ന റോസ്‌ലിന്‍ ആണ് കേന്ദ്രകഥാപാത്രമെങ്കിലും അവരുടെ നാലുമക്കളും പലതരം ജീവിതങ്ങളെ തുറന്നുകാട്ടുന്നു.
ഹാന്ന, ഡാന്‍, എമ്മറ്റ്, കോണ്‍സ്റ്റന്‍സ് ഇവര്‍ നാലുപേരുടെയും ജീവിതപരിസരങ്ങളിലൂടെ വളരുന്ന നോവല്‍, കേന്ദ്രകഥാപാത്രവും ഇവരുടെയുമെല്ലാം അമ്മയുമായ, വിധവയും വൃദ്ധയുമായ റോസലീനില്‍ എത്തുന്നു.
മക്കള്‍ക്ക് ഒരു ക്രിസ്തുമസ് കാലത്ത്, ആശംസാകാര്‍ഡുകള്‍ക്കൊപ്പം അയക്കുന്ന കത്തുകളാണ് ഏറ്റവും ഹൃദയസ്പര്‍ശിയായ വായന സമ്മാനിക്കുന്നത്. പല സ്ഥലങ്ങളിലായി ചിതറിപ്പോയ മക്കളെ തിരിച്ചുവിളിക്കുന്ന അമ്മ, അവരെല്ലാം ജനിച്ചുവളര്‍ന്ന, ഓര്‍മകളുടെ ശേഷിപ്പായ വീട് വില്‍ക്കാന്‍ തീരുമാനിക്കുന്നു എന്നും അവരെ അറിയിക്കുന്നു.
ഭാഷാ മനോഹാരിത
കാവ്യാത്മകമായ ഭാഷ പലയിടത്തും വൈകാരികമായ സന്ദര്‍ഭങ്ങളെ വിവരിക്കാന്‍ നോവലിസ്റ്റ് സ്വീകരിച്ചിട്ടുള്ളത് വായനയെ മനോഹരമാക്കുന്നുണ്ട്. റോസലീന്റെ ഏകാന്തതയില്‍നിന്നു വരുന്ന നെടുവീര്‍പ്പുകളായാണ് പലതും വിവരിക്കപ്പെടുന്നത്. അതില്‍ ചെറിയചെറിയ കവിതകളും ഉണ്ട്.
സഹോദരങ്ങള്‍ കണ്ടിട്ട് വര്‍ഷങ്ങളായെന്നും പരസ്പരം ഒരു തരത്തിലുമുള്ള അടുപ്പങ്ങള്‍ ഇല്ലായെന്നും അത് എന്തുകൊണ്ടെന്നാണ് എന്നുമൊക്കെ പിന്നീടുള്ള വായനയില്‍ തെളിയുന്നുണ്ട്. ക്രിസ്തുമസിന് എല്ലാവരും എത്തിച്ചേരുന്നു. പഴയ പലതും പരസ്പരം ഓര്‍മിച്ചെടുക്കുന്നു. ഡാന്‍, വിവാഹം കഴിക്കാന്‍ പോകുന്നു എന്നു പ്രഖ്യാപിക്കുന്നു. ടൊറന്റോയില്‍നിന്നുള്ള ഒരാളായിരിക്കും അതെന്നും അയാള്‍ പറഞ്ഞുവയ്ക്കുന്നു. ഡാന്‍ ഒരു സ്വവര്‍ഗാനുരാഗിയാണെന്നുള്ളത് മുന്നേ വായിച്ചെടുക്കാവുന്നതാണ്. വിവാഹത്തോടുള്ള കുടുംബാംഗങ്ങളുടെ പ്രതികരണങ്ങളെ സൂക്ഷ്മവും ഹൃദ്യമായും ഹ്രസ്വമായും ആന്‍ വിവരിക്കുന്നുണ്ട്.
ഗേ മാര്യേജ് റഫറണ്‍ഡം, 2015ലാണ് ജനങ്ങളുടെ യെസ് (ഥഋട) വോട്ടുകളെ മാനിച്ചുകൊണ്ട് അയര്‍ലണ്ടില്‍ നിയപരമായി അംഗീകരിച്ചത്. ഈ നോവല്‍ 2015ലാണ് പബ്ലിഷ് ചെയ്യുന്നതും. ഇതിനെപ്പറ്റി വലിയ പരാമര്‍ശങ്ങളൊന്നും നോവലില്‍ ഇല്ലെങ്കിലും ആന്‍ എന്റൈറ്റിന്റെ ചില അഭിമുഖങ്ങളില്‍ അവര്‍ അതിനെപ്പറ്റി പറയുന്നുമുണ്ട്.
നോവലിന്റെ അവസാനഘട്ടങ്ങളിലെത്തുമ്പോള്‍ നടക്കാനിറങ്ങിയ റോസലീനെ കാണാതാകുന്നു. കാണാതാകുന്നതിനും തൊട്ടുമുന്‍പ് ഒരുയര്‍ന്ന സ്ഥലത്തുനിന്നുകൊണ്ട്, മുന്‍പില്‍ അവ്യക്തമായിക്കാണുന്ന ചെറുദ്വീപുകളും മലനിരകളും നോക്കിനില്‍ക്കേ, അവരുടെ ചില ചിന്തകളിലൂടെ കടന്നുപോകുന്നു. ചിതറിപ്പോയതും കൂട്ടിയോജിപ്പിക്കാനാകുമോ എന്ന് വീണ്ടുംവീണ്ടും സംശയിക്കുന്ന മക്കളെ ഓര്‍ക്കുന്നു. മരിച്ചുപോയ ഭര്‍ത്താവുമൊത്ത് കുന്നുകളും കാടുകളും കയറിയിറങ്ങിയതും ഓര്‍ക്കുന്നു. അയാളുമൊത്തുള്ള നാല്‍പതു വര്‍ഷങ്ങളെ കണ്ണീരോടെയും നെടുവീര്‍പ്പോടെയും ഓര്‍ക്കുന്നു. മനസ് പതറിയ ഏതോ നിമിഷത്തില്‍ അവര്‍ താഴോട്ടു പതിക്കുന്നു!
പിന്നീട് മക്കള്‍ ഒരേ മനസോടെ തെരച്ചിലാരംഭിക്കുകയും കുറച്ചേറെ നേരത്തിനുശേഷം റോസലീനെ കണ്ടെടുക്കുകയുംചെയ്യുന്നു. പീന്നീടുള്ള കുറച്ചു വായന പ്രതീക്ഷിക്കുന്നപോലെ ശുഭമായി കാര്യങ്ങള്‍ പര്യവസാനിപ്പിക്കുന്നില്ല. റോസലീനും മക്കളും അവരുടെ ജീവിതത്തിലെ മുള്ളുകളിലും കല്ലുകളിലും തട്ടിത്തടഞ്ഞ് മുന്നോട്ടുതന്നെ പോകുന്നു.
ഐറിഷ് പശ്ചാത്തലത്തില്‍ എഴുതിയ ഈ നോവല്‍ ഫ്രഞ്ചിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ക്ലെയര്‍, ലിമറിക്ക്, ഡബ്ലിന്‍, കോനിമാര തുടങ്ങിയ സ്ഥലങ്ങളെല്ലാം വന്നുപോകുന്നതുകൊണ്ട് വ്യക്തിപരമായ ഒരു ഇഷ്ടം നോവല്‍ വായിക്കുമ്പോള്‍ ഉണ്ടായി. വിധവയും അമ്മയുമായ റോസ്‌ലീന്റെ വ്യഥകള്‍, ഏകാന്തത, മക്കളെക്കുറിച്ചുള്ള ആശങ്കകള്‍, മുന്നോട്ടുള്ള ജീവിതം അങ്ങനെയങ്ങനെ കഥ പരന്നുകിടക്കുന്നു.
ആന്‍, ഡബ്ലിനിലാണ് താമസിക്കുന്നത്. ഏഴു നോവലുകളുപ്പെടെ കുറച്ചു ചെറുകഥകളും ഇവരുടെ പേരിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."