മന്ത്രി വീണാ ജോര്‍ജിനെതിരായ പരാമര്‍ശം: കെ.എം ഷാജിക്കെതിരെ വനിതാ കമ്മിഷന്‍ കേസെടുത്തു
മന്ത്രി വീണാ ജോര്‍ജിനെതിരായ പരാമര്‍ശം: കെ.എം ഷാജിക്കെതിരെ വനിതാ കമ്മിഷന്‍ കേസെടുത്തു
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന് മുസ് ലിം ലീഗ് നേതാവ് കെ.എം ഷാജിക്കെതിരെ കേരള വനിതാ കമ്മിഷന്‍ കേസ് രജിസ്ട്രര്‍ ചെയ്തു. അധിക്ഷേപ പ്രസംഗം സംബന്ധിച്ച് മലപ്പുറം ജില്ലാ പൊലിസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു.
തന്റെ കര്‍മ്മ രംഗത്ത് ശക്തമായ ഇടപെടലുകള്‍ നടത്തുകയും മികച്ച രീതിയില്‍ ജനപിന്തുണ നേടുകയും ചെയ്ത ഒരു സ്ത്രീയെയാണ് തികച്ചും വൃത്തികെട്ട രീതിയിലുള്ള പദപ്രയോഗങ്ങള്‍ ഉപയോഗിച്ചുകൊണ്ട് കെ എം ഷാജി അപമാനിച്ചിരിക്കുന്നത്. ഇത്തരത്തില്‍ രാഷ്ട്രീയ അശ്ലീലം വിളമ്പുന്ന ആളുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നു വരേണ്ടതുണ്ട്. അനുചിതമായ പ്രസ്താവനയില്‍ ഉപയോഗിച്ച 'സാധനം' എന്ന വാക്കു തന്നെ മതി അദ്ദേഹം ഏത് രീതിയിലാണ് സ്ത്രീ സമൂഹത്തെ കാണുന്നത് എന്ന് തെളിയിക്കാന്‍.
മുന്‍പ് നമ്പൂതിരി സമുദായത്തിനിടയില്‍ ഉണ്ടായിരുന്ന സ്മാര്‍ത്തവിചാരം എന്ന മനുഷ്യത്വ വിരുദ്ധമായ വിചാരണ രീതിയില്‍ കുറ്റാരോപിതയായ സ്ത്രീയെ വിളിക്കുന്ന പേരായിരുന്നു 'സാധനം'എന്നത്. കെ എം ഷാജിയെ പോലെയുള്ളവരുടെ മനസില്‍ നിന്നും തികട്ടിവരുന്ന ഫ്യൂഡല്‍ മാടമ്പിത്തരത്തിന്റെ പ്രതിഫലനമാണ് ഇത്തരം സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍. ആധുനിക കാലത്തും പിന്തിരിപ്പന്‍ ചിന്താഗതി വച്ച് പുലര്‍ത്തുന്ന കെ.എം. ഷാജിയെ പോലുള്ളവരെ ഒറ്റപ്പെടുത്താന്‍ നമ്മുടെ സമൂഹം തയാറാവണമെന്നും വനിത കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
അന്തവും കുന്തവം തിരിയാത്ത ഒരു സാധനമാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രിയെന്നായിരുന്നു കെ എം ഷാജിയുടെ പരാമര്‍ശം. മുഖ്യമന്ത്രിയെ പുകഴ്ത്താനുള്ള പ്രസംഗമാണ് ആരോഗ്യമന്ത്രിയാകാനുള്ള യോഗ്യതയെന്നും കെ എം ഷാജി പറഞ്ഞിരുന്നു. ആരോഗ്യമന്ത്രിക്ക് ഒരു കുന്തവും അറിയില്ല. വീണാ ജോര്‍ജ് ഷോ കളിച്ച് മുഖ്യമന്ത്രിയെ പുകഴ്ത്തി നടക്കുകയാണ്. ശൈലജ ടീച്ചര്‍ പ്രഗത്ഭ അല്ലെങ്കിലും നല്ല ഒരു കോഡിനേറ്റര്‍ ആയിരുന്നുവെന്നും അവരെ വെട്ടിക്കളഞ്ഞുവെന്നും മലപ്പുറം കുണ്ടൂര്‍ അത്താണിയില്‍ മുസ്ലിം ലീഗ് വേദിയില്‍ സംസാരിക്കവെ കെ എം ഷാജി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."