ഫിഫ അറബ് കപ്പ് ടിക്കറ്റ് വില്‍പ്പന തുടങ്ങി; ആദ്യ മത്സരം ബഹ്‌റൈനും ഖത്തറും തമ്മില്‍
ദോഹ: ലോക കപ്പിന് മുന്നോടിയായി ഖത്തറില്‍ നടക്കുന്ന വമ്പന്‍ ഫുട്‌ബോള്‍ മമാങ്കമായ ഫിഫ അറബ് കപ്പിനുള്ള ടിക്കറ്റ് വില്‍പ്പനയ്ക്ക നാളെ തുടക്കമാവും. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 18വരെ നീളുന്ന മല്‍സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ക്ക് ഇന്ന് അര്‍ധരാത്രി 12 മണി മുതല്‍ FIFA.com വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
വിസാ കാര്‍ഡ് കൈയിലുള്ളവര്‍ക്കാണ് ആദ്യഘട്ടത്തില്‍ ടിക്കറ്റുകള്‍ക്ക് അപേക്ഷിക്കാനുള്ള അവസരം. ആഗസ്ത് 3 മുതല്‍ ആഗസ്ത് 17 വരെയാണ് വിസാ പ്രീസെയില്‍. ഈ തിയ്യതിക്കുള്ളില്‍ ലഭിക്കുന്ന അപേക്ഷകള്‍ അനുവദിക്കപ്പെട്ട ടിക്കറ്റുകളേക്കാള്‍ കൂടുതലാണെങ്കില്‍ നറുക്കെടുപ്പിലൂടെയാണ് ടിക്കറ്റിന് അര്‍ഹരായവരെ തിരഞ്ഞെടുക്കുക. സപ്തംബര്‍ മധ്യത്തോടെ വിജയികള്‍ക്കും അല്ലാത്തവര്‍ക്കും വിവരം ലഭിക്കും.
സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 12 വരെയാണ് ടിക്കറ്റ് വില്‍പ്പനയുടെ രണ്ടാം ഘട്ടം. ആദ്യമെത്തുന്നവര്‍ക്ക് ആദ്യം എന്ന നിലയിലാണ് ഈഘട്ടത്തില്‍ ടിക്കറ്റ് ലഭിക്കുക. അവസാന മിനിറ്റ് ടിക്കറ്റ് വില്‍പ്പന നവംബര്‍ 2ന് ആരംഭിച്ച് ടൂര്‍ണമെന്റ് അവസാനിക്കുന്നത് വരെ നീളും.
ഗ്രൂപ്പ് സ്റ്റേജിലെ കാറ്റഗറി നാലില്‍ 25 റിയാല്‍ മുതല്‍ ഫൈനല്‍ മല്‍സരത്തിന്റെ കാറ്റഗറി ഒന്നില്‍ 245 റിയാല്‍ വരെയാണ് ടിക്കറ്റ് നിരക്ക്. ഓരോ കളികള്‍ക്കുമുള്ളതോ തിരഞ്ഞെടുക്കപ്പെട്ട ടീമുകളുടെ ടിക്കറ്റ് സീരീസ് ആയോ ടിക്കറ്റ് വാങ്ങാനുള്ള സൗകര്യമുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ FIFA.com/tickest എന്ന ലിങ്കില്‍ ലഭ്യമാണ്.
ആറ് സ്റ്റേഡിയങ്ങള്‍ വേദിയാവും
ഖത്തറും ബഹ്‌റൈനും തമ്മില്‍ അല്‍ബൈത്ത് സ്റ്റേഡിയത്തിലാണ് അറബ് കപ്പിന്റെ ഉദ്ഘാടന മല്‍സരം. ലോക കപ്പിനായി ഒരുക്കിയ ആറ് സ്റ്റേഡിയങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റില്‍ ഒരു ദിവസം തന്നെ ഒന്നിലേറെ മല്‍സരങ്ങള്‍ കാണാന്‍ കാണികള്‍ക്ക് അവസരമൊരുങ്ങും. അല്‍ തുമാമ സ്റ്റേഡിയത്തിലാണ് ഫൈനല്‍. റാസ് അബൂ അബൂദ്, അഹ്മദ് ബിന്‍ അലി, എജുക്കേഷന്‍ സിറ്റി, അല്‍ ജനൂബ് എന്നിവയാണ് മറ്റ് മല്‍സര വേദികള്‍. 16 ടീമുകള്‍ തമ്മില്‍ 19 ദിവസങ്ങള്‍ക്കിടെ 32 മല്‍സരങ്ങളാണ് നടക്കുക.
ഫാന്‍ ഐഡി
കളിയാരാധകര്‍ക്ക് ഖത്തറിലേക്കും സ്റ്റേഡിയത്തിലേക്കും പ്രവേശിക്കുന്നതിന് അംഗീകരിക്കപ്പെട്ട ഫാന്‍ ഐഡി അപേക്ഷാ നമ്പര്‍ വേണം. ഫാന്‍ ഐഡി സ്മാര്‍ട്ട് കാര്‍ഡുകള്‍ ഫാന്‍ ഐഡി സര്‍വീസ് സെന്ററില്‍ നിന്ന് ശേഖരിക്കാവുന്നതാണ്. അപേക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കു. ഫാന്‍ ഐഡിയുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും നിയന്ത്രിക്കുന്നത് ഖത്തറാണ്. ഫിഫയ്ക്ക് ഇതുമായി ബന്ധമില്ല.
കോവിഡ് നിയന്ത്രണം
മല്‍സരത്തില്‍ പങ്കെടുക്കുന്നവരും കാണികളും കോവിഡുമായി ബന്ധപ്പെട്ട് ഖത്തര്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശിക്കുന്ന നിയന്ത്രണങ്ങള്‍ പാലിക്കേണ്ടി വരും. സ്റ്റേഡിയങ്ങളില്‍ പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങള്‍ ഫിഫ വെബ്‌സൈറ്റില്‍ ലഭിക്കും. നിലവില്‍ പൂര്‍ണമാവും വാക്‌സിനെടുത്തവര്‍ക്ക് മാത്രമാണ് പ്രവേശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."