പെഗാസസ്: എന്‍.ഡി.എയില്‍ ഭിന്നത
കടുത്ത നീക്കങ്ങളുമായി പ്രതിപക്ഷം
ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ചോര്‍ത്തല്‍ വിവാദത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി എന്‍.ഡി.എയ്ക്കുള്ളില്‍ ഭിന്നത.
വിഷയത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു അധ്യക്ഷനുമായ നിതീഷ് കുമാര്‍ രംഗത്തുവന്നതോടെയാണ് മുന്നണിക്കുള്ളിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. വിഷയത്തില്‍ ദിവസങ്ങളായി പാര്‍ലമെന്റില്‍ പ്രതിഷേധം അറിയിച്ചുവരുന്ന പ്രതിപക്ഷനടപടിയെ ന്യായീകരിച്ച അദ്ദേഹം, വിഷയം സഭ ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇതാദ്യമായാണ് ഒരു എന്‍.ഡി.എ നേതാവ് പെഗാസസില്‍ അന്വേഷണം ആവശ്യപ്പെടുന്നത്.
പെഗാസസ് വിഷയത്തില്‍ എല്ലാകാര്യങ്ങളും പൊതുജനമധ്യത്തില്‍ പരസ്യമാക്കണം. ഫോണ്‍ചോര്‍ത്തലിനെക്കുറിച്ച് ദിവസങ്ങളായി കേള്‍ക്കുകയാണ്. പാര്‍ലമെന്റിലും വിഷയം ചര്‍ച്ചയാവണം. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെയും ജനങ്ങളുടെയും സംശയം ദൂരീകരിക്കേണ്ടതുണ്ടെന്നും നിതീഷ് പറഞ്ഞു.
അതേസമയം, പെഗാസസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ പ്രതിപക്ഷം നിലപാട് കടുപ്പിച്ചു.
വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ മറുപടി പറയണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രതിപക്ഷം അറിയിച്ചു. പാര്‍ലമെന്റില്‍ വിഷയം ചര്‍ച്ചചെയ്യാത്ത സാഹചര്യത്തില്‍ സഭയ്ക്ക് പുറത്ത് 'മോക്ക് പാര്‍ലമെന്റ്' നടത്താനാണ് പ്രതിപക്ഷ ആലോചന.
ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്.
പ്രതിപക്ഷ കക്ഷികളുടെ സഭാ നേതാക്കള്‍ രാവിലെ 9.30ന് ചേരുന്ന യോഗത്തില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."