ഹിജാബ് ; പ്രത്യാശ നൽകുന്ന വിധി
ഹിജാബ് കേസിലെ സുപ്രിംകോടതി വിധി മതവിശ്വാസവും തങ്ങളുടെ അസ്തിത്വവും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന ന്യൂനപക്ഷങ്ങൾക്ക് മാത്രമല്ല, മത, സാംസ്‌കാരിക വൈവിധ്യങ്ങൾ നിലനിന്നുകാണണമെന്നാഗ്രഹിക്കുന്ന മതേതരവിശ്വാസികൾക്കും ചെറുതല്ലാത്ത പ്രത്യാശയ്ക്ക് വകനൽകുന്നതാണ്. ഒരാഴ്ചയിലേറെ നീണ്ട വാദപ്രതിവാദം നടന്ന ബെഞ്ചിലെ രണ്ടു ജഡ്ജിമാരുടെയും പ്രതികരണങ്ങളിൽ നിന്നുതന്നെ വ്യത്യസ്തമായ വിധി പുറപ്പെടുവിക്കാനുള്ള സാധ്യത തെളിഞ്ഞിരുന്നു.പ്രതീക്ഷിച്ചതുപോലെത്തന്നെ ബെഞ്ചിലെ രണ്ടു ജഡ്ജിമാരും വ്യത്യസ്ത വിധികളാണ് പുറപ്പെടുവിച്ചത്. ഇതിലൂടെ അവരുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തു. രണ്ടു പേരുടെയും വിധിപ്പകർപ്പുകൾ നൂറോളം പേജുള്ളവയാണ്. മുതിർന്ന ജഡ്ജി ഹേമന്ത് ഗുപ്ത, ഹിജാബ് നിരോധിച്ച കർണാടക സർക്കാരിന്റെ നടപടി ശരിവയ്ക്കുകയും വിഷയത്തിലെ ഹൈക്കോടതി വിധി സാധൂകരിക്കുകയും ചെയ്തു. മറ്റൊരു ജഡ്ജി സുധാൻഷു ധൂലിയ, ഹിജാബ് ധരിച്ച് പഠിക്കാനുള്ള മുസ്‌ലിം പെൺകുട്ടികളുടെ ഭരണഘടനാപരമായ അവകാശം സംരക്ഷിക്കപ്പെടേണ്ടതാണെന്നും വിധിച്ചു. ഭരണഘടനാപരമായും ധാർമികമായും പരിശോധിക്കുകയാണെങ്കിൽ, രണ്ടു ജഡ്ജിമാരും വിധിയിലൂടെ വ്യക്തമാക്കുന്നത് ഭിന്ന ധ്രുവങ്ങളിലുള്ള ആശയമാണ്. പ്രധാനമായും മതേതരത്വം എന്ന ഭരണഘടനാപരമായ സങ്കൽപം, ഒഴിവാക്കാൻ കഴിയാത്ത മതപരമായ ആചാരത്തിന് (എസൻഷ്യൻ റിലീജ്യസ് പ്രാക്ടീസ്) നൽകുന്ന ഭരണഘടനാപരമായ സംരക്ഷണം, ഇന്ത്യൻ പൗരൻമാർക്കിടയിൽ ഉണ്ടാവേണ്ട സാഹോദര്യം, വ്യക്തിസ്വാതന്ത്ര്യം, ജനാധിപത്യം, പൗരന്റെ ഇച്ഛകൾക്ക് ഭരണകൂടം അനുവദിച്ച് കൊടുക്കേണ്ട ന്യായമായ ഇളവുകൾ (റീസണബിൾ അക്കമഡേഷൻ) എന്നിവയിലെല്ലാം ജഡ്ജിമാർ തികച്ചും വ്യത്യസ്തമായ ആശയപ്രകടനമാണ് നടത്തിയിരിക്കുന്നത്.
ജസ്റ്റിസ് ഹേമന്ത് ഗുപ്ത തന്റെ വിധിയിൽ മതേതരത്വം എന്ന ആശയത്തിന് വളരെ നെഗറ്റീവായ വ്യാഖ്യാനമാണ് നൽകിയിരിക്കുന്നത്. പൊതുവിടങ്ങളിൽ എല്ലാതരത്തിലുമുള്ള മത, വിശ്വാസ പ്രകടനങ്ങളും വിലക്കുന്നതാണ് മതേതരത്വമെന്നാണ് ഗുപ്ത പറഞ്ഞത്. മറിച്ച് മതേതരത്വമെന്നത് പൗരന്റെ വിശ്വാസങ്ങളും ആചാരങ്ങളും സ്വത്വവും നിലനിർത്തി തന്നെ ഒരു ബഹുസ്വര സമൂഹത്തിൽ ഭരണഘടന എങ്ങനെ പ്രവർത്തിക്കണമെന്നതാണ് സുധാൻഷു ധൂലിയ വ്യാഖ്യാനിച്ചത്. അതുകൊണ്ടുതന്നെ ഭാവിയിൽ പൗരന്റെ വ്യക്തിസ്വാതന്ത്ര്യത്തെയും വൈവിധ്യത്തെയും കുറിച്ചുള്ള ചർച്ചകളിൽ ധൂലിയയുടെ വിധിയിലെ പരാമർശങ്ങൾ ആഘോഷിക്കപ്പെടുകതന്നെ ചെയ്യും.
ഹിജാബ് ഒഴിച്ചുകൂടാനാവാത്ത മതാചാരമാണെങ്കിൽ തന്നെയും സ്‌കൂളിന്റെ സ്വഭാവം നിലനിർത്തുന്നതിനു വേണ്ടി അത്തരം ആചാരങ്ങൾ വിലക്കപ്പെടാമെന്നും യൂനിഫോം പബ്ലിക് ഓർഡർ എന്ന പദത്തിന്റെ വ്യാഖ്യാനത്തിൽ വരുമെന്നും അതു സംരക്ഷിക്കുന്നതിന് വേണ്ടി ഹിജാബ് ധരിക്കാനുള്ള അവകാശം നിയന്ത്രിക്കാമെന്നുമാണ് ഗുപ്ത പറഞ്ഞത്. എന്നാൽ ഒഴിച്ചുകൂടാനാവാത്ത മതാചാരം അല്ലെങ്കിൽ പോലും അതു തികച്ചും വ്യക്തിസ്വാതന്ത്ര്യത്തിന്റെ കാര്യമാണെന്നും വ്യക്തിയുടെ വസ്ത്രസ്വാതന്ത്ര്യത്തിൽ പബ്ലിക് ഓർഡറിന്റെയോ മറ്റോ കാര്യം പറഞ്ഞ് സർക്കാരിന് ഇടപെടുന്നതിന് പരിധിയുണ്ടെന്നുമാണ് ജസ്റ്റിസ് ധൂലിയ പറഞ്ഞത്. ധൂലിയയുടെ വിധിയിൽ, ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള വ്യക്തിപരമായ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണെന്നും അത് പബ്ലിക് ഓർഡറിനും ക്രമസമാധാനത്തിനും ഭംഗം വരാത്തിടത്തോളം കാലം അതിൽ ഇടപെടാനുള്ള ഭരണകൂട ഉത്തരവുകൾക്ക് ഭരണഘടനാ സാധുതയുണ്ടായിരിക്കില്ലെന്നും പറയുന്നു. വ്യക്തിസ്വാതന്ത്ര്യം ഭരണഘടനാപ്രകാരം സംരക്ഷിക്കപ്പെടേണ്ട ഉന്നത മൂല്യങ്ങളിലൊന്നാണെന്നും ജ. ധൂലിയ പറയുന്നു. ഇത് കേവലം വ്യക്തിസ്വാതന്ത്ര്യത്തിന്റെ മാത്രം പ്രശ്‌നമാണെന്നും അതിൽ കവിഞ്ഞതോ കുറഞ്ഞതോ ഒന്നുമില്ലെന്നും അദ്ദേഹം എടുത്തുപറയുന്നുമുണ്ട്, വിധിയുടെ ആകത്തുകയും ഇതാണ്. ധൂലിയയുടെ വിധി വ്യക്തിസ്വാതന്ത്ര്യത്തിന്റെ വലിയ ഒരു വഴി തുറന്നിടുമ്പോൾ ഗുപ്തയുടെ വിധി മതാവകാശത്തിന് മാത്രമല്ല വ്യക്തിസ്വാതന്ത്ര്യത്തനും സങ്കുചിതമായ വ്യാഖ്യാനമാണ് നൽകുന്നത്.
മതപരവും സാംസ്‌കാരികവുമായ വൈവിധ്യങ്ങൾ നിലനിർത്തി പൗരൻമാരെ സാഹോദര്യത്തിലൂടെ കൊണ്ടുപോകണമെന്നാണ് ഭരണഘടന പറയുന്നത്. അത് വൈവിധ്യം നിലനിർത്തി തന്നെയാണെന്നും ധൂലിയ പറയുന്നു. സാംസ്‌കാരിക വൈവിധ്യം നിലനിർത്തി വ്യക്തികൾക്ക് എല്ലാ സ്വാതന്ത്ര്യവും നിലനിർത്തിയും എല്ലാവരും പരസ്പരം അംഗീകരിച്ചും മനസ്സിലാക്കിയും ബഹുമാനിച്ചുമുള്ള സാഹോദര്യ സങ്കൽപ്പമാണ് ധൂലിയ മുന്നോട്ടുവച്ചത്. എന്നാൽ ഭരണഘടനാപരമായ സാഹോദര്യം എന്ന സങ്കൽപ്പത്തിന് പൗരൻമാർ അവരുടെ വൈവിധ്യങ്ങൾ ഉപേക്ഷിക്കണമെന്ന രീതിയിലാണ് ജ. ഗുപ്ത വ്യാഖ്യാനിച്ചത്. വൈവിധ്യങ്ങളില്ലാത്ത എല്ലാവരും ഒരുപോലെയുള്ള ഉട്ടോപ്യൻ തുല്യതയെക്കുറിച്ചും നാസി കാഴ്പ്പാടുള്ള ഏകതയെക്കുറിച്ചുമാണ് അദ്ദേഹം പറഞ്ഞുവയ്ക്കുന്നത്. ജനാധിപത്യ സംവിധാനത്തിൽ പൗരന്റെ ഇച്ഛകൾക്ക് കൊടുക്കേണ്ട ന്യായമായ അനുവാദത്തിന്റെ കാര്യത്തിലും ഇരു ജഡ്ജിമാർക്കിടയിലും അഭിപ്രായ വ്യത്യാസമുണ്ടായി.
നിശ്ചയിച്ച യൂനിഫോമിന്റെ അതേ നിറത്തിലുള്ള ശിരോവസ്ത്രം ധരിക്കാനുള്ള അവകാശം പബ്ലിക് ഓർഡറിനെയോ ധാർമികതയെയോ ഹനിക്കുന്നില്ലനുമായിരുന്നു ഹരജിക്കാരുടെ അഭിഭാഷകർ വാദിച്ചത്. അത്തരത്തിലുള്ള വസ്ത്രധാരണത്തിന് അനുവദിക്കുന്നത് വ്യത്യസ്ത ഇച്ഛകൾക്ക് ഭരണകൂടം അനുവദിച്ചു നൽകേണ്ട ന്യായമായ ഇളവാണെന്നും വാദമുണ്ടായി. ഇത് പൗരൻമാരുടെ ഇച്ഛകൾക്ക് ഒരു ന്യായമായ സൗകര്യം ഒരുക്കലാണെന്നും അത് നിലനിർത്തണമെന്നും ഹരജിക്കാർ വാദിച്ചു. ഈ വാദം പോലും തള്ളിക്കളയണമെന്നാണ് ഗുപ്തയുടെ നിലപാട്. അത്തരത്തിലുള്ള ന്യായമായ അനുവാദം പോലും സാധ്യമല്ലെന്നും പൗരൻമാരെല്ലാം തുല്യരായിരിക്കണമെന്നും ആ തുല്യതയെന്നുള്ളത് എല്ല അർഥത്തിലുമുള്ള ഏകതയാണെന്നും ഗുപ്ത നിലപാടെടുത്തപ്പോൾ ഇത്തരം ന്യായമായ ഇളവുകൾ ജനാധിപത്യ സംവിധാനത്തിൽ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നാണ് ധൂലിയ വിധിയിൽ എഴുതിയത്.
ഹിജാബ് ധരിച്ച് മുസ്‌ലിം പെൺകുട്ടികൾ സ്‌കൂളിലേക്ക് വരരുതെന്ന് സർക്കാർ ഉത്തരവിടുമ്പോൾ അത് ആരുടെ നന്മയ്ക്ക് വേണ്ടിയാണെന്ന പ്രസക്തമായ ചോദ്യവും ധൂലിയ ഉന്നയിച്ചു. 'ഞാൻ ഈ വിധി എഴുതുമ്പോൾ വിദ്യാർഥികളുടെ പഠിക്കാനുള്ള അവകാശത്തെക്കുറിച്ചാണ് ഓർക്കുന്നത്. സർക്കാരിന്റെ മുൻഗണനാ വിഷയം കുട്ടികളുടെ പഠനമായിരിക്കണം. സ്‌കൂൾ യൂനിഫോം ആയിരിക്കരുത്. ഒരിക്കലും ഹിജാബ് ധരിക്കരുതെന്ന് സർക്കാർ ഉത്തരവിടുമ്പോൾ ഹിജാബ് ധരിക്കുന്നത് മതാചാരത്തിന്റെയും അന്തസിന്റെയും ഭാഗമായി കരുതുന്ന വിദ്യാർഥികളെ സർക്കാർ ഓർക്കണമായിരുന്നു. അതായിരുന്നു എന്റെ മനസിലുണ്ടായിരുന്നത്. പഠനവും യൂനിഫോമും ഒരു സമസ്യയായി ഉയരുമ്പോൾ സർക്കാർ പഠനത്തിനാണ് പ്രാമുഖ്യം നൽകേണ്ടത്. പെൺകുട്ടികളുടെ പഠനം മുടക്കുന്ന രീതിയുള്ള ഒരുനീക്കവും പുരോഗമന സമൂഹത്തിന് ചേർന്നതല്ല'- ധൂലിയ എഴുതി.
ഹിജാബ് വിലക്കിയുള്ള ഉത്തരവും അത് ശരിവച്ചുള്ള ഹൈക്കോടതി വിധിയെയും തുടർന്ന് ആയിരക്കണക്കിന് മുസ്‌ലിം വിദ്യാർഥിനികൾ വിദ്യാലയങ്ങളിൽ നിന്ന് മാറ്റിനിർത്തപ്പെട്ടിട്ടുണ്ടെന്ന് കണക്കുകൾ നിരത്തി സമസ്തക്ക് വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചിരുന്നു. PUCL ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകൾ നടത്തിയ ഫീൽഡ് സ്റ്റഡിയിലെ റിപ്പോർട്ടുകളും സംസ്ഥാന ബാലാവകാശ കമ്മിഷന്റെ രേഖകളും ഹാജരാക്കി 16000ൽ കൂടുതൽ കുട്ടികൾ വാർഷിക പരീക്ഷപോലും എഴുതാനാവാതെ പുറത്തുനിൽക്കുന്നുണ്ടെന്ന് കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു.
വിധിന്യായത്തിന്റെ തുടക്കത്തിൽ തന്നെ ധൂലിയ, പ്രമുഖ ഇംഗ്ലീഷ് നിയമജ്ഞൻ ലോർഡ് ആറ്റ്കിനെ ഉദ്ധരിക്കുന്നുണ്ട്. ഞങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായിരിക്കുന്നു. ഈ അഭിപ്രായ വ്യത്യാസം നീതി നടപ്പാക്കുന്നതിന് വേണ്ടിയുള്ളതായതിനാൽ ഞാൻ ആ അഭിപ്രായ വ്യത്യാസത്തിൽ ഉറച്ചുനിൽക്കുന്നു. യോജിപ്പ് നല്ല കാര്യമാണ്. പക്ഷേ നീതി നടപ്പാക്കേണ്ടത് അതിനെക്കാൾ നല്ല കാര്യമാണ്- ധൂലിയ ഉദ്ധരിച്ചു. അതുകൊണ്ടുതന്നെ ആത്യന്തികമായി നീതി നടപ്പാകുമെന്ന പ്രതീക്ഷ നിലനിർത്തിക്കൊണ്ടാണ് സുപ്രിംകോടതിയുടെ വിധിവന്നിരിക്കുന്നത്. ഭിന്ന വിധിയാണെങ്കിലും ഈ വിധി വലിയ പ്രത്യാശ നൽകുന്നുണ്ട്.വിഷയത്തിൽ യോജിച്ച തീർപ്പിലെത്താത്തതുകൊണ്ട് കേസ് മൂന്നംഗ ബെഞ്ചിന് വിടുന്നതായും ഉത്തരവിലുണ്ട്. ഇനി മൂന്നംഗ ബെഞ്ചാവും കേസ് പരിഗണിക്കുക. ഈ മാസം 16ന് വിരമിക്കുന്ന ഗുപ്ത എന്തായാലും ആ ബെഞ്ചിൽ ഉണ്ടാകില്ല. ചീഫ് ജസ്റ്റിസാണ് ബെഞ്ച് നിർണയിക്കുക. അതിൽ ധൂലിയയും ഉണ്ടാവുമോ എന്നും ചീഫ് ജസ്റ്റിസാവും തീരുമാനിക്കുക.
(ഹിജാബ് കേസിൽ സമസ്തയ്ക്കുവേണ്ടി സുപ്രിംകോടതിയിൽ ഹാജരായ അഭിഭാഷകനാണ് ലേഖകൻ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."