അവലോകന യോഗങ്ങൾ വോട്ടിനുവേണ്ടിയോ?
ഭരണനേട്ടങ്ങൾ ജനങ്ങളെ നേരിട്ട് ബോധ്യപ്പെടുത്താൻ രണ്ടുമാസക്കാലം നീണ്ടുനിൽക്കുന്ന തീവ്രയജ്ഞ പരിപാടിക്കൊരുങ്ങിയിരിക്കുകയാണ് എൽ.ഡി.എഫ് സർക്കാർ. ഇതിനായുള്ള മേഖലാതല അവലോകന യോഗത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. കേരളപ്പിറവി ദിനത്തിൽ തിരുവനന്തപുരത്ത് ആരംഭിക്കുന്ന 'കേരളീയം', നവംബർ 18 മുതൽ ഡിസംബർ 24 വരെ 140 നിയോജക മണ്ഡലങ്ങളിലും സംഘടിപ്പിക്കുന്ന ജനസദസ് ഇതൊക്കെയാണ് തുടർപരിപാടികൾ. എന്നാൽ ഇത് സർക്കാർ പരിപാടിയല്ല, സി.പി.എം പരിപാടിയാണ്, ലക്ഷ്യം വോട്ടാണ് എന്നൊക്കെ ആക്ഷേപിച്ച് പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്. ജനസദസ് മാത്രമല്ല, 'കേരളീയ'വും ബഹിഷ്‌കരിക്കുമെന്ന് യു.ഡി.എഫ് പ്രഖ്യാപിക്കുകയും ചെയ്തു.
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നിയോജക മണ്ഡല അവലോകന യോഗങ്ങൾ ഇന്നുമുതലാണ് ആരംഭിക്കുന്നത്. തിരുവനന്തപുരത്തിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി ഇത്തരത്തിലുള്ള നാല് അവലോകന യോഗങ്ങൾ ചേരും. മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളിലേക്കിറങ്ങിയാൽ സാധാരണക്കാരുടെ ഒട്ടനവധി ജീവൽപ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാവും എന്നതിൽ തർക്കമില്ല. ജനങ്ങളുടെ യഥാർഥ പ്രശ്‌നങ്ങൾ കണ്ടെത്തി അവയ്ക്ക് സാധ്യമായ പരിഹാരങ്ങൾ കാണാൻ ജില്ലകൾതോറും സംഘടിപ്പിച്ച ജനസമ്പർക്കംകൊണ്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞിരുന്നു. ഇതിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാരുടെ ജീവിതത്തിനാണ് കരുതലും തുണയുമായത്. തുടർന്നുവന്ന എൽ.ഡി.എഫ് സർക്കാർ ജനസമ്പർക്കം വേണ്ടെന്നുവച്ചു. ഇപ്പോൾ മുഖ്യമന്ത്രി മന്ത്രിമാർക്കൊപ്പം 140 മണ്ഡലങ്ങളിലും പര്യടനം നടത്തുന്നത് ജനസമ്പർക്കത്തിന്റെ മറ്റൊരു മുഖം തന്നെയാണ്. അത് നല്ലതുമാണ്.
പക്ഷേ, രാഷ്ട്രീയ ലക്ഷ്യമുണ്ടാകുന്നതാണ് കല്ലുകടിയാകുന്നത്.
മണ്ഡല പര്യടനകാലത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നരമാസം സെക്രട്ടേറിയറ്റിന് പുറത്തായരിക്കും. ഒരു ദിവസംപോലും പരിപാടിക്ക് ഒഴിവില്ല. ദിവസവും നാലു മണ്ഡലങ്ങളിൽ പര്യടനം എത്തും. ബുധനാഴ്ചകളിൽ നടക്കുന്ന മന്ത്രിസഭാ യോഗത്തിനായി ചീഫ് സെക്രട്ടറി പര്യടനസ്ഥലത്തെത്തും. 15 മിനിറ്റാണ് ഓരോ കേന്ദ്രത്തിലും മുഖ്യമന്ത്രി സംസാരിക്കുക. എല്ലാ യോഗത്തിലും വിവിധ വകുപ്പു മേധാവികൾ പങ്കെടുക്കും. പരിപാടിയുടെ പകുതി ചെലവ് സർക്കാർ വഹിക്കും. പകുതി സ്‌പോൺസർഷിപ്പിലൂടെ കണ്ടെത്തണമെന്നാണ് നിർദേശം.
സ്‌പോൺസർമാരെ കണ്ടെത്താനും പരിപാടി സംഘടിപ്പിക്കാനുമൊക്കെയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത് അതത് മണ്ഡലങ്ങളിലെ എൽ.ഡി.എഫ് കമ്മിറ്റികളാണ്. ബഹിഷ്‌കരണ ഭീഷണിയുള്ളതിനാൽ യു.ഡി.എഫ് എം.എൽ.എമാരുള്ള മണ്ഡലങ്ങളിൽ പരിപാടിക്ക് കൂടുതൽ ആളുകളെ പങ്കെടുപ്പിക്കണമെന്ന നിർദേശമുണ്ടെന്നും വാർത്തയുണ്ട്.
140 എം.എൽ.എമാരിൽ 99 പേരാണ് ഭരണമുന്നണിക്കുള്ളത്. 41 പേർ മറുപക്ഷത്താണ്. ഇതിനർഥം ഇത്രയും എം.എൽ.എമാർ സർക്കാർ സംഘടിപ്പിക്കുന്ന ജനസദസിൽ പങ്കെടുക്കില്ലെന്നാണ്. പിന്നെയെങ്ങനെ ഇത് സർക്കാർ പരിപാടിയാകുമെന്നത് പ്രതിപക്ഷത്തുനിന്ന് മാത്രമല്ല പൊതുജനങ്ങളിൽനിന്നും ഉയരുന്ന ചോദ്യമാണ്.
ഓരോ മണ്ഡലത്തിൻ്റെയും പദ്ധതി അവലോകനവും വികസന കാര്യങ്ങളുമൊക്കെ ചർച്ച ചെയ്യുമ്പോൾ അതത് എം.എൽ.എമാരുടെ സാന്നിധ്യം അനിവാര്യമാണ്. അതില്ലാതെയുള്ള ഇത്തരം വികസന സദസുകൾ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രചാരണ മാമാങ്കം തന്നെയായേ വിലയിരുത്താനാകൂ. അതിനാൽ ഗൂഢ രാഷ്ട്രീയലക്ഷ്യം മാറ്റിവച്ച് പ്രതിപക്ഷ പാർട്ടികളെയും എം.എൽ.എമാരെയും പങ്കെടുപ്പിക്കാനുള്ള ശ്രമം സർക്കാരിൽനിന്ന് ഉണ്ടാകേണ്ടതുണ്ട്. അല്ലാതെ, സർക്കാർ നേട്ടങ്ങളെ ജനങ്ങളിലെത്തിക്കാൻ പൊതുഖജനാവിൽ നിന്ന് ഇത്രയും തുക ചെലവഴിച്ച് പരിപാടി നടത്തേണ്ടതുണ്ടോ? സംസ്ഥാന ജാഥ നടത്തി സി.പി.എമ്മിനോ ഇടതുമുന്നണിക്കോ പ്രചാരണം നടത്തിയാൽ പോരെ?
സർക്കാർ ചെലവിൽ രാഷ്ട്രീയ പരിപാടിയാക്കി ജനസദസിനെ മാറ്റേണ്ട ആവശ്യമുണ്ടോ എന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ചോദ്യം പ്രസക്തം തന്നെയാണ്. പ്രതിപക്ഷവുമായി ഒരു ആലോചനയും നടത്താതെയാണ് ഇത്തരം പരിപാടി സംഘടിപ്പിച്ചതെന്നതും ഗൗരവതരമാണ്. മന്ത്രി പര്യടനത്തിന്റെ ഉദ്ഘാടനം നടക്കുന്നത് മഞ്ചേശ്വരത്താണ്. അവിടെ മുസ്‌ലിം ലീഗിന്റെ കെ.എം അഷ്‌റഫാണ് എം.എൽ.എ. തുടക്കത്തിൽ തന്നെ എം.എൽ.എയുടെ സാന്നിധ്യമില്ലാതെ മണ്ഡലത്തിന്റെ വികസനകാര്യം ചർച്ച ചെയ്തുകൊണ്ടാണ് മന്ത്രിപര്യടനം തുടങ്ങുന്നത് എന്നത് ദൗർഭാഗ്യകരമാണ്.
പതിവു കോൺഗ്രസ് വിരുദ്ധതകൊണ്ട് കേരളത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാനാവില്ലെന്ന തിരിച്ചറിവിൽ നിന്നുള്ള രാഷ്ട്രീയനീക്കം മാത്രമാണോ ഈ വികസന പര്യടനമെന്ന ചോദ്യവും ഉയരുന്നുണ്ട്. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ഇൻഡ്യയുടെ ഭാഗമാണ് സി.പി.എം. ഇൻഡ്യയുടെ ഏകോപന സമിതിയിൽനിന്ന് സി.പി.എം വിട്ടുനിന്നതോടെ പാർട്ടിയുടെ ബി.ജെ.പി വിരുദ്ധതയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കേരളത്തിൽ വകസനം പറഞ്ഞ് വോട്ടു നേടാനാകുമോയെന്ന സി.പി.എം ചിന്തയിൽ നിന്നുണ്ടായതാണോ ഈ മന്ത്രിപര്യടനം. കരുവന്നൂർ, മാസപ്പടി, ധൂർത്ത് തുടങ്ങി ഒട്ടനവധി ആരോപണങ്ങൾ സർക്കാർ നേരിടുമ്പോൾ മുഖംമിനുക്കാനുള്ള തന്ത്രവും ഇതിനു പിന്നിലുണ്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്.
മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടെത്തി സർക്കാർ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാലേ സാധാരണക്കാർക്ക് ബോധ്യമാകൂവെന്ന് കരുതുന്നത് മൗഢ്യമാണ്. സർക്കാരിന്റെ ഒന്നും രണ്ടും വാർഷികാഘോഷങ്ങൾ കഴിഞ്ഞതാണ്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനുശേഷം സർക്കാരിനും സി.പി.എമ്മിനും വന്ന വീണ്ടുവിചാരമാണോ ഇത്തരം ജനസദസുകൾക്ക് പിന്നിലെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റംപറയാനാവില്ല. സർക്കാരിനെ മുന്നിൽനിർത്തി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടു നേടാനുള്ള തന്ത്രം മാത്രമാക്കി ഇത്തരം പരിപാടികളെ മാറ്റരുത്. രൂക്ഷ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കേരളത്തിന് ഇത് മറ്റൊരു ധൂർത്തുമാകരുത്.
Content Highlights:Review meetings for votes?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."