ദുർമന്ത്രവാദ-ആഭിചാരക്രിയകൾക്കെതിരായ നിയമം; വൈകിപ്പിച്ചത് ഉന്നത ഉദ്യോഗസ്ഥ ലോബി
ഫൈസൽ കോങ്ങാട്
പാലക്കാട് • ദുർമന്ത്രവാദ-ആഭിചാരക്രിയകൾക്കെതിരേ നിയമസഭയുടെ മുന്നിലെത്തുന്ന ബില്ലുകൾ നിയമമാകാതെ വൈകിപ്പിക്കുന്നതിനു പിന്നിൽ ഉന്നത ഉദ്യോഗസ്ഥ ലോബി. സർക്കാർ മുൻകൈയെടുത്ത് തയ്യാറാക്കിയ ബില്ലുകൾപോലും ചുവപ്പുനാടയിൽ കുരുങ്ങുന്നതിനു പിന്നിൽ ഉന്നത ഉദ്യോഗസ്ഥ സംഘമാണെന്ന് നിയമസഭയിലെ മുതിർന്ന ഉദ്യോഗസ്ഥൻ സുപ്രഭാതത്തോട് വ്യക്തമാക്കി.
അഡീഷണൽ ഡി.ജി.പി ആയിരുന്ന എ. ഹേമചന്ദ്രൻ അന്ധവിശ്വാസത്തിന്റെ പേരിലുള്ള ചൂഷണങ്ങൾ തടയൽ-2014 എന്ന പേരിൽ സർക്കാരിനുവേണ്ടി കരട് ബില്ല് തയ്യാറാക്കിയിരുന്നു. നിരവധി പഠനങ്ങൾക്കും ചർച്ചകൾക്കും ശേഷം തയ്യാറാക്കിയ കരടിനെക്കുറിച്ച് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല വലിയ വിപ്ലവം സംഭവിക്കാൻ പോകുന്നുവെന്ന നിലയിൽ പ്രഖ്യാപനങ്ങൾ നടത്തിയെങ്കിലും പിന്നീടൊന്നും സംഭവിച്ചില്ല. ഇരകളെ പരുക്കേൽപ്പിക്കുകയോ വധിക്കുകയോ ചെയ്താൽ പുതിയ നിയമങ്ങൾക്കു പുറമെ ഐ.പി.സി പ്രകാരമുള്ള മറ്റുവകുപ്പുകളും ബാധമാക്കുന്നതായിരുന്നു ബിൽ. അന്ധവിശ്വാസത്തിന്റെ പേരിൽ നടക്കുന്ന കുറ്റകൃത്യങ്ങൾക്ക് ഏഴ് വർഷം വരെ തടവും രണ്ടുലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന ശിക്ഷയായിരുന്നു നിർദേശിച്ചിരുന്നത്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2018 ആഗസ്റ്റിൽ ദുർമന്ത്രവാദവും അന്ധവിശ്വാസ പ്രവൃത്തികളും നിരോധിക്കാൻ എം.എൽ.എ ആയിരുന്ന പി.ടി തോമസ് സ്വന്തംനിലയിൽ തയ്യാറാക്കി സ്വകാര്യ ബില്ല് അവതരിപ്പിച്ചിരുന്നു. ഈയവസരത്തിൽ അന്ധവിശ്വാസം കൊടുകുത്തിവാഴുന്ന ഉദ്യോഗസ്ഥ ലോബി സർക്കാരിൽ സമ്മർദം ചെലുത്തിയും തെറ്റിദ്ധാരണയുണ്ടാക്കിയും ഇതുമായി ബന്ധപ്പെട്ട് സമഗ്ര നിയമം പരിഗണനയിലാണെന്നും തോമസിന്റെ ബില്ലിനെ പിന്തുണക്കുന്നില്ലെന്നും സർക്കാരിനെകൊണ്ട് പറയിപ്പിക്കുകയായിരുന്നു.
പിന്നീട് ജസ്റ്റിസ് കെ.ടി തോമസ് അധ്യക്ഷനായ ഭരണപരിഷ്‌കരണ കമ്മിഷൻ 2019ൽ തയ്യാറാക്കിയ ദുർമന്ത്രവാദ-ആഭിചാരക്രിയകൾ തടയലും ഇല്ലാതാക്കലും ബിൽ ഉടൻ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചെങ്കിലും വെളിച്ചം കണ്ടില്ല. എന്നാൽ സർക്കാർ തന്നെ നിർദേശിച്ചതനുസരിച്ചാണ് കമ്മിഷൻ പ്രസ്തുത ബില്ല് തയ്യാറാക്കിയതെന്നതാണ് ഏറെ വിചിത്രം.
2021 ആഗസ്റ്റിൽ ഇതേ നിയമസഭയിൽ കെ.ഡി പ്രസേനൻ അവതരിപ്പിച്ച കേരള അന്ധവിശ്വാസ-അനാചാര നിർമാർജ്ജന ബില്ലിനും അകാലചരമമായിരുന്നു വിധിക്കപ്പെട്ടത്. അടുത്ത നിയമസഭാ സമ്മേളനത്തിൽ പ്രസ്തുത ബിൽ നിയമമാക്കുമെന്ന് സർക്കാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നുണ്ടെങ്കിലും ഉന്നത ഉദ്യോഗസ്ഥ ലോബി ചരടുവലികളും തുടങ്ങിയിട്ടുണ്ട്. ഐ.എ.എസ്സിലും ഐ.പി.എസ്സിലും ഉയർന്ന ഉദ്യോഗസ്ഥരിൽ പലരും കടുത്ത അന്ധവിശ്വാസത്തിന്റെ പിടിയിലാണെന്നാണ് നിയമസഭാ ഉദ്യോഗസ്ഥൻ സുപ്രഭാതത്തോട് വെളിപ്പെടുത്തി. അതേസമയം, ബില്ല് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമമാക്കാൻ സമയമെടുക്കുമെന്നതിനാൽ ഓർഡിനൻസ് ഇറക്കാൻ സർക്കാർ ആലോചിക്കുന്നതായി സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."