കെ.എം.അഭിജിത്ത് കെ.എസ്.യു സംസ്ഥാന അധ്യക്ഷ സ്ഥാനമൊഴിയുന്നു; രാജി അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും പുനഃസംഘടന നടക്കാത്തതില്‍ പ്രതിഷേധിച്ചെന്ന് സൂചന
തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ കെ.എം.അഭിജിത്ത് പദവിയൊഴിയും. ഇതുമായി ബന്ധപ്പെട്ട് ഇന്ന് നേതൃത്വത്തിന് കത്ത് നല്‍കും. അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും പുനഃസംഘടന നടക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി.
2017ലാണ് അഭിജിത്തിനെ അധ്യക്ഷനായി തെരഞ്ഞെടുത്തത്. കെ.എസ്.യുവിന്റെ ഭരണഘടനാ പ്രകാരമുള്ള കാലാവധി രണ്ട് വര്‍ഷം മാത്രമെന്നിരിക്കെ അഞ്ചുവര്‍ഷമായിട്ടും സംഘടനാ തെരഞ്ഞെടുപ്പ് നടന്നില്ല. കോഴിക്കോട് നടന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ കെഎസ്.യു സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിക്കാനുള്ള തീരുമാനമെടുത്തിരുന്നു. രണ്ടാഴ്ചക്കുള്ളില്‍ പുനഃസംഘടനാ നടപടികള്‍ ആരംഭിക്കുമെന്നതായിരുന്നു തീരുമാനം. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാമിനായിരുന്നു ഇതുമായി ബന്ധപ്പെട്ട ചുമതല. എന്നാല്‍ തീരുമാനം കൈകൊണ്ട് രണ്ട് മാസമായിട്ടും നടപടികളിലേക്ക് നീങ്ങിയില്ല. തുടര്‍ന്നാണ് അഭിജിത്ത് രാജിയിലേക്ക് നീങ്ങുന്നത്.
ഉച്ചക്ക് ഇന്ദിരാഭവനില്‍ വെച്ച് നടക്കുന്ന കെ.എസ്.യു കലാശാലയുടെ പ്രത്യേക പതിപ്പിന്റെ പ്രകാശനച്ചടങ്ങിനു ശേഷം എകെ ആന്റണിയുടെ സാന്നിധ്യത്തില്‍ രാജി പ്രഖ്യാപിക്കാനാണ് അഭിജിത്തിന്റെ തീരുമാനം.
എ ഗ്രൂപ്പിലെ അമല്‍ ജോയി, വി ഡി സതീശന്റെ അനുയായി അലോഷി സേവ്യര്‍ എന്നിവരുടെ പേരുകളാണ് അദ്ധ്യക്ഷ പദവിയിലേക്ക് സജീവമായി പരിഗണിക്കുന്നത്. കെഎസ്യു എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നു അലോഷ്യസ് നിലവില്‍ എന്എസ്യുഐ ദേശീയ കോര്‍ഡിനേറ്ററാണ്. അമല്‍ ജോയ് കെഎസ്യു വയനാട് ജില്ലാ സെക്രട്ടറിയും.
പ്രസിഡന്റും വൈസ് പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാരും സെക്രട്ടറിമാരുമടങ്ങുന്ന 37 അംഗ സംസ്ഥാന കമ്മിറ്റിയാണ് നിലവിലേത്. എന്നാല്‍ പുനഃസംഘടന നടക്കുന്നതോടെ ജില്ലാ പ്രസിഡന്റുമാരും സംസ്ഥാന കമ്മിറ്റിയുടെ ഭാഗമായി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."