ജയലളിതയുടെ മരണം: ശശികലക്കെതിരേ അന്വേഷണ റിപ്പോര്‍ട്ട്
വിശദ അന്വേഷണം വേണമെന്ന് ജ.അറുമുഖസ്വാമി കമ്മിഷൻ
ചെന്നൈ • 2016ല്‍ ജയലളിത ആശുപത്രിയില്‍ വച്ച് മരിച്ചതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ഇതേക്കുറിച്ച് അന്വേഷിച്ച ഹൈക്കോടതി മുന്‍ ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മിഷൻ ശുപാര്‍ശ ചെയ്തു. അന്നത്തെ ചീഫ് സെക്രട്ടറി ഡോ. രാമമോഹന റാവുവിനെതിരേയും ജയലളിതയുടെ തോഴി വി.കെ ശശികലയ്ക്കെതിരേയും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്ന എ. അറുമുഖസ്വാമിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിശദ റിപ്പോര്‍ട്ട് നല്‍കിയത്. അന്നത്തെ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ സര്‍ക്കാരാണ് കമ്മിഷനെ നിയോഗിച്ചത്. അപ്പോളോ ആശുപത്രിയില്‍ വച്ചുണ്ടായ മരണത്തിലെ ദുരൂഹതകളെ കുറിച്ചും ഗൂഢോലോചനയുണ്ടെങ്കില്‍ അതേപ്പറ്റിയും ചികില്‍സ, നിയമപരമായ കാര്യങ്ങള്‍ എന്നിവയുമെല്ലാം അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ആഗസ്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്നലെയാണ് സര്‍ക്കാര്‍ നിയമസഭയില്‍ വച്ചത്. ചീഫ് സെക്രട്ടറിക്ക് പുറമേ അന്നത്തെ ആരോഗ്യമന്ത്രി വിജയ ഭാസ്‌കര്‍, ആശുപത്രി ചെയര്‍മാന്‍ ഡോ. പ്രതാപ് റെഡ്ഡി എന്നിവര്‍ക്കെതിരേയും ഗുരുതര പരാമര്‍ശമാണ് റിപ്പോര്‍ട്ടിലുള്ളത്. അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി അധികൃതര്‍ കഴിഞ്ഞ വര്‍ഷം സുപ്രിംകോടതിയെ സമീപിച്ചിരുന്നു. മുന്‍ ജഡ്ജിയുടെ അന്വേഷണം നിഷ്പക്ഷമല്ലെന്നും വൈദ്യസേവനങ്ങള്‍ സംബന്ധിച്ച കാര്യങ്ങളില്‍ പരിജ്ഞാനമില്ലെന്നും കോടതിയെ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."