HOME
DETAILS
MAL
മമ്പ്രം കിസ്സ
backup
August 08 2021 | 02:08 AM
തിരൂരങ്ങാടിക്കടുത്ത വെന്നിയൂരിലാണ് കപ്രാട്ട് പണിക്കരുടെ വീട്. കണ്ണെത്താദൂരത്തോളം പടര്‍ന്നുകിടക്കുകയാണ് ആ പുരാതന ജന്മികുടുംബത്തിന്റെ സാമ്രാജ്യം. പാടമായും പറമ്പായും സ്ഥാവരജംഗമ വസ്തുക്കളായും കണക്കില്ലാത്ത സ്വത്തുക്കള്‍.
പതിനൊന്നാം നൂറ്റാണ്ടില്‍ ആറങ്ങോട് സ്വരൂപത്തിനുകീഴില് വെള്ളാട്ടര രാജാക്കന്മാരുടെ പടനായകന്മാരായിരുന്നുവെത്രെ കപ്രാട്ടെ പണിക്കന്മാര്. പിന്നീടെപ്പോഴോ അവര്‍ സാമൂതിരിയുടെ പടനായകന്മാരായി. നാട്ടിലെ ഒട്ടുമിക്ക ഭൂമിയും ഈ കുടുംബത്തിന്റെ കൈകളിലായിരുന്നു. സാമൂഹികമായ ഉച്ചനീചത്വങ്ങള്‍ കൊടുകുത്തി വാഴുന്ന മണിമാളിക. പരമ്പരാഗത മാമൂലുകള്‍ കണിശതയോടെ പരിപാലിച്ചുവന്നിരുന്ന അകത്തളങ്ങള്‍. അതായിരുന്നു കപ്രാട്ടെ തറവാട് വീട്.
മമ്പുറം സയ്യിദ് അലവി തങ്ങളുമായി നല്ല സൗഹൃദത്തിലായിരുന്നു തറവാട്ടുകാരണവരായ അധികാരി കൃഷ്ണപ്പണിക്കര്‍.
പണിക്കരുടെ അടിയാളര്‍ ഭൂരിഭാഗവും ചെറുമക്കളായിരുന്നു. ഇവരുടെ അധീനതയിലുള്ള പാടത്തിന്റെ കരയിലെ ചാളകളിലായിരുന്നു ഇവര്‍ കൂട്ടത്തോടെ താമസിച്ചിരുന്നത്.
ചിരുതയും മുണ്ടിച്ചിയും കാളിയും ചക്കിയും കോതയും മാതയും മാത്തനും ചാത്തനും കണ്ണപ്പനും കാരിയും അവരുടെ മക്കളും പേരമക്കളുമെല്ലാമായി ഒരുവലിയ ജനവിഭാഗം.
ഭൂമിയുടെ ഉടമസ്ഥാവകാശം ജന്മിയുടെ പേരില്‍ തന്നെയാണ്. എന്നാലും ജോലി കഴിഞ്ഞുള്ള സമയം ഒന്നു നടുനിവര്‍ത്താനും കൂലിയായി കിട്ടുന്ന നെല്ലുകൊണ്ട് ഇത്തിരി കഞ്ഞിവച്ച് കുഞ്ഞുങ്ങള്‍ക്ക് വിളമ്പാനുമുള്ള ഇടത്താവളം. അത്രയേ കരുതാവൂ. ജന്മി നിശ്ചയിക്കുന്ന കൂലിയായിരുന്നു നല്‍കിയിരുന്നത്. അതില്‍ നിന്ന് തന്നെ നികുതിയും ഒടുക്കണം. അല്ലാത്തപക്ഷം അടിമകളാക്കി വില്‍ക്കാം, അതിനുവരെ ജന്മിക്ക് അവകാശമുണ്ടായിരുന്നു. അയിത്തം ലംഘിച്ചാല്‍ അവയവങ്ങള്‍ ഛേദിക്കാം. തല്ലാം, കൊല്ലാം. ജന്മിക്കെതിരെ സംസാരിച്ചാല്‍ നാവറുത്തു മാറ്റും. അല്ലെങ്കില്‍ കൊന്നു കുഴിച്ചുമൂടും. ഇതൊക്കെയായിരുന്നു നാട്ടുനടപ്പുകള്‍.
ആരുംചോദ്യം ചെയ്യില്ല. ഒരു പൊലിസും കൈയ്യാമം വയ്ക്കില്ല. ഒരു കോടതിയും ശിക്ഷിക്കില്ല. അതൊക്കെ ജന്മിയുടെ ജന്മാവകാശമായിരുന്നു.
എങ്കിലും അടിയാളര്‍ക്ക് കപ്രാട്ടെ ജന്മിയുടെ ഭൂമിയില്‍ വേറെവേറെ ചാളകളുണ്ട്. അവര്‍ കുടുംബമായവിടെ താമസിക്കുന്നുണ്ട്. കൊയ്ത്തുകഴിഞ്ഞാല്‍ ചാളകള്‍ മേയണം. ഇല്ലെങ്കില്‍ മഴയെല്ലാം ചാളക്കകത്തുപെയ്യും. അതിനു പുല്ലോ തകിടോ കിട്ടണം. അടുത്ത കൊയ്ത്തുകാലത്തു ചാള മേയണമെങ്കില്‍ ഇപ്പഴേ തമ്പ്രാക്കളുടെ കാലില്‍ വീണുതുടങ്ങണം. തമ്പുരാട്ടിമാരോട് കെഞ്ചണം. എന്നാലും വെറുതെ തരില്ല. നാട്ടിലൊന്നുമില്ലാത്ത വിലയാണ് കാര്യസ്ഥന് കിട്ടുണ്ണി നായര്‍ അതിന്റെ കണക്കിലെഴുതുക.
പാടത്തും പറമ്പിലും തറവാട്ടുവീടിന്റെ ചായ്പ്പിലുമെല്ലാമായി പത്തുനൂറുപേര് ഇങ്ങനെ മരിച്ചുജീവിക്കുന്നു. പുലര്‍ച്ചെ വെളിച്ചമുണരുമ്പോള്‍ തുടങ്ങുന്ന പണി നേരം ഇരുട്ടിയാലേ അവസാനിക്കൂ. അപ്പോഴും തമ്പ്രാക്കളുടെ മനസുനിറയില്ല. മുഖം തെളിയില്ല. തമ്പുരാട്ടിമാരുടെ ആട്ടും തുപ്പും അടങ്ങില്ല.
തറവാട്ടിലെ അടിച്ചുതളിക്കാരിയാണ് ചിരുത. ആരോഗ്യവതിയാണ് അവള്. ധൈര്യശാലി. ഏതാണ്ട് മുപ്പത് വയസ്. ചിരുതക്കു ചക്കി എന്നും പേരുണ്ട്. ചെറുപ്പത്തിലേ ചിരുതക്ക് മാതാപിതാക്കളേ നഷ്ടമായി. കഷ്ടിച്ചാണ് ചിരുത ജീവിച്ചുവന്നത്. വയസറിയിച്ചപ്പോള്‍ ചാത്തനവളെ മംഗലം കഴിച്ചു. ചാത്തനും ചിരുതക്കും രണ്ടു കുട്ടികളുണ്ടായി. സുന്ദരിയും കേളനും. അവര്‍ ചാളകളില്ക്കിടന്നു വളരുന്നുണ്ട്. ആയിടെയാണ് ശരീരമാസകലം ചിരുതക്ക് ഒരു ചൊറിച്ചില്‍ തുടങ്ങിയത്. വല്ലാത്ത അസഹ്യതതോന്നി. ജോലിയെപോലും ബാധിക്കുന്നു. ചാത്തനും അടുത്തുകിടക്കാന് മടുപ്പ്. മക്കള്‍ക്കും വല്ലാത്ത അകല്‍ച്ച. ഒരുപാട് വൈദ്യന്മാരുടെ നിര്‍ദേശങ്ങള്‍ കേട്ടു. നിരവധി നാട്ടു ചികിത്സകള്‍ ചെയ്തു. പരിഹാരം മാത്രമുണ്ടായില്ല.
കാളിയാണ് ആദ്യം പറഞ്ഞത്.
മമ്പ്രത്തെ തങ്ങളെ ഒന്നുപോയി കണ്ടോക്ക്...മാറും.
പിന്നാലെ മാത്തനും പറഞ്ഞു. മാത്തന് പറഞ്ഞതുകേട്ട് ചിരുതയുടെ ചെറുമന് ചാത്തനും അതിനു സമ്മതം മൂളി.
എത്രാളാപ്പൊ ദെണ്ണംവന്നാ മമ്പറ്ത്ത്ക്ക് പായ്ണ്... മ്മളെ കൂട്ടത്തിലുള്ളോരുംണ്ടിമ്മിണി.
അവര്‍ പറയുന്നത് സത്യം തന്നെയാണ്. അനുഭവത്തിലൂടെ അറിഞ്ഞവരുടെ സാക്ഷ്യപത്രങ്ങളാണത്. മമ്പര്‍ത്തെ തങ്ങള്‍ ഭൂമിയിലെ ദൈവത്തിന്റെ അവതാരമാണത്രെ. അദ്ദേഹത്തോട് മനസുതുറന്ന് പ്രശ്നങ്ങള്‍ പറയാം. ഹൃദയം തുറന്ന് കേള്‍ക്കും. ഉചിതമായ പരിഹാരമാര്‍ഗം പറഞ്ഞുതരും. ഉറപ്പാണ്.
ചിരുത അകലെ നിന്നു കണ്ടിട്ടുണ്ട് മമ്പ്രത്തെ തങ്ങളെ. കപ്രത്തെ തറവാട്ടില്‍ കാരണവര്‍ പണിക്കരെ കാണാന്‍ വന്നിട്ടുണ്ട്. അന്നൊരിക്കലാണ് ദിവ്യപരിവേശമുള്ള ആ മുഖമവള്‍ കണ്ടത്. ശുഭാപ്തിവിശ്വാസമുള്ള വാക്കുകള്‍ കേട്ടത്. നിലാവുദിച്ചതുപോലുള്ള മുഖത്തെ പുഞ്ചിരി ദര്‍ശിച്ചത്. കപ്രത്ത് വലിയ ഒരുക്കങ്ങളെല്ലാം നടത്തിയിരുന്നു. തങ്ങളെ സ്വീകരിക്കാന്‍. അന്ന് ചിരുതക്കും കാളിക്കും പിടിപ്പതുപണിയുമുണ്ടായിരുന്നു. അദ്ദേഹത്തിനിഷ്ടപ്പെട്ട ഭക്ഷണമൊക്കെ ഉണ്ടാക്കിയിരുന്നു.
എന്നാല്‍ തങ്ങളതിലൊന്നും തൊട്ടില്ല. ലളിതമായെന്തോ കഴിച്ചെന്നു മാത്രം.
ജാതീയമായ പീഡനങ്ങളാലും കുടിയാന് വിരുദ്ധ നിലപാടുകളാലും കീഴാള ജീവിതം നരകതുല്യമായിരുന്ന കാലം കൂടിയായിരുന്നു അത്.
പത്താം നൂറ്റാണ്ടു മുതല്‍ തന്നെ യമനിലെ ഹളര്‍മൗത്തില്‍ നിന്ന് സയ്യിദുമാരായ സൂഫിവര്യന്മാര് മതപ്രബോധനത്തിനായി യാത്ര തുടങ്ങിയിരുന്നു. കേരളത്തിലേക്കെത്തിയ ആദ്യ ആധ്യാത്മികജ്ഞാനി ആയിരുന്നു ശൈഖ് സയ്യിദ് ജിഫ്രി.
പിന്നീട് സയ്യിദ് ജിഫ്രിയുടെ ക്ഷണപ്രകാരം സയ്യിദ് ഹസന് ജിഫ്രിയും കേരളത്തിലേക്കുവന്നു. 1754ല്‍ അദ്ദേഹം കൊയിലാണ്ടിയിലാണ് കപ്പലിറങ്ങിയത്. കുറച്ചുകാലം സയ്യിദ് ജിഫ്രിയോടൊപ്പം കോഴിക്കോട് താമസിച്ചു. പിന്നീട് ഉള്‍നാടുകളില്‍ മതപ്രബോധനത്തിനായി പൊന്നാനിയിലേക്ക് തിരിച്ചു. ഇവിടെനിന്ന് തിരൂരങ്ങാടി ഖാസി അല്ലാമാ ജമാലുദ്ദീന്‍ മഖ്ദൂമിന്റെ ക്ഷണം സ്വീകരിച്ച് തിരൂരങ്ങാടി ജുമുഅത്ത് പള്ളിയിലുമെത്തി.
ഹസന് ജിഫ്രിയുടെ മഹത്വം കമ്മുമൊല്ലക്ക് വേഗം മനസിലായി. സ്ഥലത്തെ പ്രമാണിയും പള്ളി കൈകാര്യകര്ത്താവുമായിരുന്നു കമ്മുമൊല്ല. മഖ്ദൂം കുടുംബാംഗമായ അദ്ദേഹം മമ്പുറത്തെ ഒരുവീടും പറമ്പും ഹസന് ജിഫ്രിക്ക് വിട്ടുകൊടുത്തു. ആ വീട് മമ്പുറം പഴയമാളിയേക്കല്‍ എന്നപേരിലറിയപ്പെട്ടു. കമ്മുമൊല്ലയുടെ പുത്രി ശരീഫ ഫാത്തിമയെ ഹസന് ജിഫ്രിക്ക് വിവാഹവും കഴിപ്പിച്ചുകൊടുത്തു.
വീടിനടുത്തായി അദ്ദേഹം ഒരു സ്രാമ്പിയ പണിതു. അവിടം കേന്ദ്രീകരിച്ച് മതപ്രചാരണം തുടങ്ങി. ഏറനാട്ടിലും വള്ളുവനാട്ടിലും ഉള്‍പ്രദേശങ്ങളില്‍ ഇസ്ലാമിക മത പ്രബോധനമാരംഭിച്ചത് ഹസന് ജിഫ്രിയാണ്. പിന്നീട് ഒട്ടേറെ ശിഷ്യസമ്പത്തിനുടമയായി അദ്ദേഹം. പല ഉള്‍പ്രദേശങ്ങളിലേക്കും ശിഷ്യരെ പ്രബോധനാവശ്യാര്‍ഥം അദ്ദേഹം പറഞ്ഞയച്ചു.
ജന്മിത്ത പീഡനങ്ങള്‍ക്കിരയായ അടിയാള ജനങ്ങള്‍ക്ക് ആശ്വാസമായി അദ്ദേഹം. അവര്‍ക്ക് സേവനം നല്‍കുന്നതിന് പ്രത്യേക താല്പര്യവും കാണിച്ചു. പല അത്ഭുത പ്രവര്‍ത്തനങ്ങളും നടത്തി വിശ്വാസികളെ അദ്ദേഹം അതിശയിപ്പിച്ചു. അതുകൊണ്ടുതന്നെ ധനവും അമൂല്യ വസ്തുക്കളും അദ്ദേഹത്തിന് ആളുകള്‍ നേര്‍ച്ചയാക്കി. സ്ഥലവും ഭക്ഷണവും അടക്കം നിരവധി സമ്മാനങ്ങളും അതിലുള്‍പ്പെട്ടു. മതഭേദമന്യേ ജനങ്ങള്‍ അദ്ദേഹത്തിന് നേര്‍ച്ച സമര്‍പ്പിച്ചു. ഇവ ദരിദ്ര ജനവിഭാഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം ചെയ്തിരുന്നത്.
1764ല്‍ ഹസന് ജിഫ്രി മരണമടഞ്ഞു. മമ്പുറത്തെ സ്രാമ്പിയക്കു സമീപം അദ്ദേഹത്തെ ഖബറടക്കി. സഹോദരിപുത്രന് സയ്യിദ് അലവി തങ്ങള്‍ ഹസന് ജിഫ്രിയുടെ ആവശ്യപ്രകാരം സ്രാമ്പിയ ഏറ്റെടുത്തു. അദ്ദേഹത്തിന്റെ മകളെ അലവി തങ്ങള്‍ വിവാഹം ചെയ്തു. അവിടെ തന്നെ താമസമാക്കി. ഹസന് ജിഫ്രിയുടെ ജാറം പണിതുയര്‍ത്തി. തറമ്മല്‍ ജാറം എന്ന പേരില്‍ ഇത് പ്രശസ്തിയാര്‍ജ്ജിച്ചു.
ഹസന് ജിഫ്രിയുടെ കാലംതൊട്ടാണ് ആത്മീയശാന്തി തേടിയുള്ള തീര്‍ഥാടക സന്ദര്‍ശനത്തിനു മമ്പുറത്ത് തുടക്കം കുറിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."