കയറില്‍ സി.പി.എം പിടിമുറുക്കി; ഒന്നും കിട്ടാതെ സി.പി.ഐ
കയര്‍ മേഖലയിലെ പ്രധാനപ്പെട്ട ആറു സ്ഥാപനങ്ങളുടെ അധ്യക്ഷ പദവികള്‍ സി.പി.എമ്മിന്
മണ്ണഞ്ചേരി: കയര്‍മേഖലയിലെ ആറ് പ്രധാന സ്ഥാപനങ്ങളുടെ ഭരണതലപ്പത്ത് നിന്നും സി.പി.ഐയെ പൂര്‍ണമായും ഒഴിവാക്കി.
കയര്‍ ക്ഷേമനിധി, കയര്‍ അപക്‌സ് ബോഡി, കയര്‍ കോര്‍പ്പറേഷന്‍, കയര്‍ഫെഡ്, കയര്‍ മെഷിനറി മാനുഫാക്ചറിംങ്, ഫോംമാറ്റിംങ്‌സ് എന്നീ സ്ഥാപനങ്ങളുടെ ഭരണസാരിഥ്യത്തില്‍ ഒന്നു പോലും സി.പി.ഐയ്ക്ക് ലഭിച്ചില്ല. ഈ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍മാന്‍ പദവി സി.പി.എം നേതാക്കളാണ്. തെരഞ്ഞെടുപ്പിലൂടെ ഭരണം നടത്തേണ്ട സ്ഥാപനമാണ് കയര്‍ഫെഡ്. എന്നാല്‍ സര്‍ക്കാര്‍ അഡ്മിനിസ്‌ട്രേറ്റീവ് ബോഡി രൂപീകരിച്ച് സി.പി.എം നേതാക്കള്‍ക്ക് ഭരണ ചുമതല നല്‍കി.
മുന്‍കാലങ്ങളില്‍ സി.പി.എം പ്രതിനിധി ചെയര്‍മാനും സി.പി.ഐ പ്രതിനിധി വൈസ് ചെയര്‍മാനുമായുള്ള സമിതിയാണ് കയര്‍ഫെഡില്‍ ഇടതുഭരണകാലത്ത് ചുമതലക്കാരായി പ്രവര്‍ത്തിച്ചിരുന്നത്. സി.പി.ഐ നേതാക്കളായ എം.ടി ചന്ദ്രസേനനും നിലവില്‍ മന്ത്രിയുമായ പി തിലോത്തമനും കയര്‍ഫെഡില്‍ വൈസ്പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നവരാണ്.
നായനാര്‍ സര്‍ക്കാരിന്റെ കാലം മുതല്‍ ഫോംമാറ്റിംങ്‌സ് ഇന്ത്യ ലിമിറ്റഡിന്റെ ചെയര്‍മാന്‍ പദവി സി.പി.ഐ വഹിച്ചു വരികയായിരുന്നു. എ.ടി ചന്ദ്രസേനന്‍. ടി.വി നടേശന്‍, പി.എസ് സോമശേഖരന്‍ എന്നി പ്രമുഖ നേതാക്കളാണ് ഇതിന്റെ ചെയര്‍മാന്‍മാരായി വിവിധ കാലഘട്ടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നത്. പുതുയതായി എടുത്ത തീരുമാനപ്രകാരം ഈ ആറു സ്ഥാപനങ്ങളിലേക്കും ഒരു പ്രതിനിധിയെന്ന കണക്കിലാണ് സി.പി.ഐക്കുള്ളത്. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് ഓരോ സ്ഥാപനത്തിലും രണ്ട് പ്രതിനിധികളെ സി.പി.ഐയ്ക്കു നല്‍കിയിരുന്നു. ജില്ലയില്‍ കയര്‍മേഖലയില്‍ ശക്തമായ സംഘടന സംവിധാനമാണ് സി.പി.ഐയുടേത്. ഈ സംവിധാനം തകര്‍ക്കുകയെന്ന ലക്ഷ്യമാണ് സി.പി.എം ലക്ഷ്യമിടുന്നത്. നിലവില്‍ സി.പി.ഐ നേതൃത്വത്തിനുള്ളിലെ വിഭാഗീയതയും തിരിച്ചടിയായി. ഏതെങ്കിലും സ്ഥാപനത്തിന്റെ ചുമതല അനുവദിച്ചാല്‍ അതിനായുള്ള തര്‍ക്കങ്ങള്‍ സംഘടനയെ വലിയതരത്തില്‍ ബാധിക്കുമെന്ന ഉന്നത നേതാക്കളുടെ വിലയിരുത്തലും തിരിച്ചടിയായി. എന്നാല്‍ നിലവിലെ സംസ്ഥാന - ജില്ലാ നേതൃത്വങ്ങളുടെ പിടിപ്പുകേടാണ് തിരിച്ചടിക്ക് കാരണമെന്ന് സി.പി.ഐയിലെ ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്.
സി.പി.ഐയുടെ ജില്ലയിലെ പ്രമുഖരായ പി.വി സത്യനേശന്‍, പി ജ്യോതിസ്, വി മോഹന്‍ദാസ്, വി.എം ഹരിഹരന്‍, കമലാധരന്‍ എന്നിവര്‍ കയര്‍മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന നേതാക്കളാണ്. ഒരു സ്ഥാനം ലഭിച്ചാല്‍ ഇതില്‍ ആരെ പരിഗണിക്കുമെന്ന ആശങ്കയാണ് പ്രമുഖ കയര്‍ സ്ഥാപനങ്ങളുടെ താക്കോല്‍ സ്ഥാനങ്ങള്‍ ചോദിച്ചു വാങ്ങാന്‍ നേതൃത്വം തയ്യാറാകാത്തതിന് പിന്നില്‍.
നിലവില്‍ സി.പി.ഐയില്‍ കടുത്ത ചേരിതിരിവാണ് ജില്ലയില്‍ രൂപപ്പെട്ടിട്ടുള്ളത്. വിഭാഗീയത പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കയര്‍ മേഖലയിലെ സ്ഥാനങ്ങളെ സി.പി.ഐ കൈയൊഴിഞ്ഞത്. മുതിര്‍ന്ന നേതാക്കളായ ടി പുരുഷോത്തമന്‍, എ ശിവരാജന്‍ എന്നിവര്‍ക്ക് പദവികള്‍ നല്‍കാനുള്ള നീക്കമാണ് ഇപ്പോഴുള്ളത്.
ഇതിനുള്ള നിര്‍ദേശം ജില്ലാനേതൃത്വം സംസ്ഥാന നേതാക്കള്‍ക്കു മുന്നില്‍ വച്ചിട്ടുണ്ട്. ഇത് നടപ്പായാല്‍ സംഘടന പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരം ഉണ്ടാകുമെന്നാണ് സി.പി.ഐ നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."