ഇമ്രാൻഖാന് വിലക്കേർപ്പെടുത്തി പാക് തെര. കമ്മിഷൻ
പാരിതോഷികങ്ങൾ സ്വീകരിച്ചത് കമ്മിഷനെ അറിയിച്ചില്ലെന്ന് പരാതി
ഇസ്‌ലാമാബാദ് • മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് തെരഞ്ഞെടുപ്പ് കമ്മിഷൻ വിലക്ക്. അധികാരത്തിലിരിക്കെ വിദേശ നേതാക്കളിൽ നിന്ന് പാരിതോഷികം വാങ്ങിയെന്ന പരാതിയെ തുടർന്നാണിത്. അഴിമതിയുമായി ബന്ധപ്പെട്ടാണ് പാകിസ്താൻ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. എം.പി പദവിയിലും ഇമ്രാന് അയോഗ്യത വരും.
പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടി (പി.ടി.ഐ) നേതാവാണ് ഇമ്രാൻ ഖാൻ. കമ്മിഷൻ തീരുമാനത്തെ പി.ടി.ഐ തള്ളിക്കളഞ്ഞു. പ്രവർത്തകർ പ്രതിഷേധവുമായി തെരുവകളിലിറങ്ങി. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിക്കെതിരേ ഇസ്ലാമാബാദ് ഹൈക്കോടതിയെ സമീപിക്കാനാണ് പി.ടി.ഐ തീരുമാനം. ഓഗസ്റ്റിൽ പാകിസ്താൻ മുസ്ലിം ലീഗ് (നവാസ്) പ്രവർത്തകരാണ് ഇമ്രാനെതിരേ കേസ് നൽകിയത്. വിദേശ നേതാക്കളിൽ നിന്ന് സ്വീകരിച്ച പാരിതോഷികം സംബന്ധിച്ച് ഖാൻ തെരഞ്ഞെടുപ്പ് കമ്മിഷന് സത്യവാങ്മൂലം നൽകിയിരുന്നില്ലെന്നാണ് പരാതി. തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം പാകിസ്താൻ ജനതയുടെ മുഖത്തേറ്റ പ്രഹരമാണെന്നാണ് പി.ടി.ഐ നേതാക്കൾ പ്രതികരിച്ചത്. ഖാനെതിരേ മാത്രമല്ല, ഭരണഘടനയെ കൂടിയാണ് വിധി ബാധിക്കുന്നതെന്ന് പി.ടി.ഐ നേതാവ് ഫൈസൽ ഫരീദ് ചൗധരി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയല്ലെന്നും ആരെയും അയോഗ്യരാക്കാൻ കമ്മിഷന് അധികാരമില്ലെന്നും പി.ടി.ഐ സെനറ്റർ സഈദ് അലി സഫാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."