'വിശ്വാസത്തിനു മേല്‍ കടന്നു കയറുകയാണ് സി.പി.എം; പാര്‍ട്ടി ഇത്രയും കാലം പ്രവര്‍ത്തിച്ചത് പട്ടിണി മാറ്റാനോ അതോ തട്ടമഴിപ്പിക്കാനോ' രൂക്ഷവിമര്‍ശനവുമായി പി.എം.എ സലാം
'വിശ്വാസത്തിനു മേല്‍ കടന്നു കയറുകയാണ് സി.പി.എം; പാര്‍ട്ടി ഇത്രയും കാലം പ്രവര്‍ത്തിച്ചത് പട്ടിമാറ്റാനോ അതോ തട്ടമഴിപ്പിക്കാനോ' രൂക്ഷവിമര്‍ശനവുമായി പി.എം.എ സലാം
മലപ്പുറം: സി.പി.എം നേതാവ് കെ. അനില്‍കുമാറിന്റെ തട്ടം പരാമര്‍ശത്തില്‍ രൂക്ഷ പ്രതികരണവുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. രാഷ്ട്രീയ ഭരണ കാര്യങ്ങള്‍ക്കപ്പുറം വിശ്വാസങ്ങളിലേക്ക് വലിഞ്ഞു കയറുകയാണ് സി.പി.എമ്മെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
'തട്ടമിട്ട പെണ്‍കുട്ടികള്‍ അത്ഭുതം സൃഷ്ടിക്കുകയാണ് ഇവിടെ. തട്ടം ഭദ്രമായി നിലനിര്‍ത്തി കൊണ്ടു തന്നെ ജീവിത മാര്‍ഗത്തില്‍ സംസ്ഥാനത്തെയും രാജ്യത്തെയും നയിക്കാനുള്ള വലിയ പങ്ക് അവര്‍ നിര്‍വഹിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ചിലര്‍ അവരുടേതായ നയങ്ങള്‍ പ്രഖ്യാപിക്കുന്നത്' പി.എം.എ സലാം തുറന്നടിച്ചു.
മലപ്പുറത്ത് ആരാണ് തട്ടം ഒഴിവാക്കിയതെന്ന് അറിയില്ല. പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ പോലും തട്ടമിടുന്നുണ്ട്. വിശ്വാസങ്ങളുടെ മേല്‍ സി.പി.എം കടന്നു കയറുകയാണ്. വഖഫ്, ശബരിമല വിഷയങ്ങള്‍ ഇതിന് ഉദാഹരണമാണെന്നും സലാം ചൂണ്ടിക്കാട്ടി.
മുസ്‌ലിം പെണ്‍കുട്ടികളുടെ തലയില്‍ നിന്ന് തട്ടം ഒഴിവാക്കുന്ന പ്രവര്‍ത്തനമാണ് ഇതുവരെ നടത്തിയതെന്ന് പരസ്യമായി പറഞ്ഞിട്ടും സി.പി.എമ്മിലെ ഒരു നേതാവ് പോലും പ്രതികരിക്കാത്തത് ഗൗരവതരമാണ്. ഇക്കാലമത്രയും പ്രവര്‍ത്തിച്ചത് പട്ടിണി മാറ്റാനോ, ഭൂമി നല്‍കാനോ, വീട് നല്‍കാനോ അല്ലെന്ന് സി.പി.എം സമ്മതിക്കുകയാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അധപതനമാണിത്. മാന്യതയുണ്ടെങ്കില്‍ നിലപാട് വ്യക്തമാക്കാന്‍ സി.പി.എമ്മിലെ ഉത്തരവാദപ്പെട്ടവര്‍ തയാറാകണമെന്നും പി.എം.എ സലാം ആവശ്യപ്പെട്ടു.
ഞായറാഴ്ച തിരുവനന്തപുരത്ത് നടന്ന നാസ്തിക സമ്മേളനത്തിലായിരുന്നു സി.പി.എം സംസ്ഥാന സമിതിയംഗം അഡ്വ. കെ. അനില്‍ കുമാറിന്റെ വിവാദ പരാമര്‍ശം. മലപ്പുറത്ത് തട്ടം വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികളുണ്ടായത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേട്ടമാണെന്നായിരുന്നു പരാമര്‍ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."