ചെങ്ങന്നൂര്‍-തിരുവല്ല പാത ഇരട്ടിപ്പിക്കല്‍: നിര്‍മ്മാണ ജോലികള്‍ വിലയിരുത്താന്‍ റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ സന്ദര്‍ശനം നടത്തി
തിരുവല്ല: പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ചെങ്ങന്നൂര്‍-തിരുവല്ല ഭാഗത്തെ നിര്‍മ്മാണ ജോലികള്‍ വിലയിരുത്താന്‍ റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ സന്ദര്‍ശനം നടത്തി. ബംഗലൂരു ദക്ഷിണമേഖലാ റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ സുദര്‍ശന്‍ നായികിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് തിരുവല്ലയില്‍ എത്തിയ സംഘം അഞ്ചു ബോഗികള്‍ അടങ്ങുന്ന പ്രത്യേക ട്രെയിനില്‍ ചെങ്ങന്നൂരിലേക്ക് പോയി. ചെങ്ങന്നൂരില്‍ നിന്നുമാണ് സുരക്ഷാ പരിശോധന തുടങ്ങിയത്. ആറു മോട്ടോര്‍ ട്രോളികളിലാണ് ഉദ്യോഗസ്ഥ സംഘത്തിന്റെ പരിശോധന. ചെങ്ങന്നൂര്‍ മുതല്‍ തിരുവല്ല വരെയുള്ള ഒമ്പത് കിലോ മീറ്റര്‍ ദൂരത്തിലെ കോടിയാട്ടുകര, പ്രാവിന്‍കൂട്, കുറ്റൂര്‍, ഇരുവള്ളിപ്ര എന്നീ അടിപ്പാതകളിലും മണിമല, പമ്പ നദികള്‍ക്കും തോടുകള്‍ക്കും കുറുകെയുള്ള മറ്റു വലുതും ചെറുതുമായ പാലങ്ങളിലുമെല്ലാം പരിശോധന നടത്തി. 5.30 ന് തിരികെ തിരുവല്ലയിലെത്തിയ സംഘം ഇവിടെ നിന്നും അഞ്ചു ബോഗികളുള്ള മറ്റൊരു ട്രെയിനില്‍ വീണ്ടും ചെങ്ങന്നൂരിലേക്ക് പോയി. പരമാവധി 120 കിലോ മീറ്റര്‍ വരെ വേഗത്തില്‍ ഇലക്ട്രിക് ട്രെയിന്‍ ഓടിച്ചുള്ള പരിശോധനയും നടന്നു. ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ പ്രകാശ് ഭൂട്ടാനി, ചീഫ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ പഞ്ചം, ചീഫ് എഞ്ചിനീയര്‍ ബി. കമലാകര റെഡ്ഡി, ഡെപ്യുട്ടി ചീഫ് എഞ്ചിനീയര്‍ പി. സുജീന്ദ്രന്‍ എന്നിവരും മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, സിഗ്‌നല്‍, അഡ്മിനിസ്‌ട്രേറ്റിവ് വിഭാഗങ്ങളിലെ മറ്റ് ഉദ്യോഗസ്ഥരും സുരക്ഷാ കമ്മീഷണര്‍ക്കൊപ്പം സംഘത്തില്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."