വി.സിമാര്‍ക്കെതിരായ നടപടി എന്തുവില കൊടുത്തും ചെറുക്കും; ഗവര്‍ണര്‍ക്ക് അറിവുള്ളവരോട് പുച്ഛവും അപകര്‍ഷതയുമെന്ന് എം.എ ബേബി
തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അറിവുള്ളവരോട് പുച്ഛവും അപകര്‍ഷതയുമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരോട് രാജി ആവശ്യപ്പെട്ട നടപടി ഇത്തരം അപകര്‍ഷതയുടെ ഭാഗമാണെന്നും ബേബി പ്രസ്താവനയില്‍ വ്യക്തമാക്കി.
നിയമപ്രകാരം നിയമിതരായ ഒമ്പത് വൈസ് ചാന്‍സലര്‍മാരോട് തിങ്കളാഴ്ച രാവിലെ പതിനൊന്നരയ്ക്കുള്ളില്‍ രാജിവയ്ക്കണമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തരവിട്ടത് സംഘപരിവാറിന്റെ ആഗ്രഹപ്രകാരം അദ്ദേഹം എന്ത് ജനാധിപത്യവിരുദ്ധ നടപടിയും എടുക്കും എന്നാണ് വ്യക്തമാക്കുന്നത്.
നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ബഹുമാന്യരായ പണ്ഡിതരാണ് സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാര്‍ ആവുന്നത്. വിദ്യാഭ്യാസത്തോടും അറിവിനോടും ബഹുമാനമുള്ളവര്‍ ഈ സ്ഥാനത്തെ ബഹുമാനിക്കും. പണ്ഡിതവരേണ്യനായ പ്രൊഫ. ഇര്‍ഫാന്‍ ഹബീബിനോട് ആരിഫ് മുഹമ്മദ് ഖാന്‍ കാണിച്ച നിന്ദ, അറിവുള്ളവരോട് അദ്ദേഹത്തിനുള്ള പുച്ഛവും അപകര്‍ഷതയും വെളിപ്പെടുത്തി. അതേ അപകര്‍ഷതയാണ് കേരളത്തിലെ വൈസ് ചാന്‍സലര്‍മാരോട് ഗവര്‍ണര്‍ ഇപ്പോള്‍ കാണിക്കുന്നതെന്നും ബേബി പറഞ്ഞു.
'സംഘപരിവാറിനുവേണ്ടി നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് അരാജകത്വം ഉണ്ടാക്കാം എന്നാണ് ആരിഫ് മുഹമ്മദ് ഖാന്‍ വിചാരിക്കുന്നതെങ്കില്‍ അത് അനുവദിക്കാനാവില്ല. കേരളത്തിലെ യുവതയുടെ ഭാവിയുടെ പ്രശ്‌നമാണിത്. ജനാധിപത്യകേരളം എന്ത് വിലകൊടുത്തും ഈ ജനാധിപത്യവിരുദ്ധ നീക്കത്തെ ചെറുക്കും', എം.എ.ബേബി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."