ഗവര്‍ണര്‍ മഹാരാജാവാണോ? കാവി വത്കരണം അംഗീകരിക്കില്ല; ഗവര്‍ണര്‍ അനുകൂല നിലപാടില്‍ വി.ഡി സതീശനെ തള്ളി കെ.മുരളീധരന്‍
തിരുവനന്തപുരം: ഗവര്‍ണര്‍-സര്‍ക്കാര്‍ പോരില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ തള്ളി കെ.മുരളീധരന്‍.കെ സി വേണുഗോപാല്‍ പറഞ്ഞതാണ് പാര്‍ട്ടിയുടെ ദേശീയ നിലപാടെന്നും കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനൊപ്പമാണെന്നും കെ മുരളീധരന്‍ പറഞ്ഞു. ഗവര്‍ണറെ ന്യായീകരിച്ചതിനെ കുറിച്ച് സുധാകരനോടും സതീശനോടും ചോദിക്കണമെന്നും കെ മുരളീധരന്‍ പറഞ്ഞു.
ഇപ്പോള്‍ പുറത്താക്കുന്നവരില്‍ വിസിമാരെയും നിയമിച്ചത് ആരിഫ് മുഹമ്മദ് ഖാനാണ്. അന്ന് നിയമം ഗവര്‍ണര്‍ക്ക് അറിയില്ലായിരുന്നോ. ഗവര്‍ണര്‍ എടുത്തുചാടി പ്രവര്‍ത്തിക്കുകയാണ്. കാവിവത്കരണവും മാര്‍ക്‌സിസിറ്റ് വത്കരണവും തമ്മിലുള്ള പോരാണ് നടക്കുന്നത്.
ഗവര്‍ണര്‍ക്ക് വേണ്ടി ബിജെപി സമരത്തിനും പ്രതിഷേധത്തിനുമിറങ്ങുമ്പോള്‍ തെരുവ് യുദ്ധമുണ്ടാകും. അതോടൊപ്പം തന്നെ പോര് തുടര്‍ന്നാല്‍ കേരളത്തിലെ സര്‍വകലാശാലകളുടെ പ്രവര്‍ത്തനം അവതാളത്തിലാകും. പരീക്ഷകള്‍ നടക്കാതെയും തുടര്‍പഠനത്തിന് പോകാനിരിക്കുന്ന വിദ്യാര്‍ഥികള്‍ പ്രതിസന്ധിയിലാകുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണറെ പ്രോത്സാഹിപ്പിക്കുന്ന നയം കോണ്‍ഗ്രസിനില്ല. കേരളത്തില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോരില്‍ പ്രതിപക്ഷത്തിന് റോളില്ലെന്നും രണ്ട് കൂട്ടരും ചെപ്പടി വിദ്യയും പിപ്പടി വിദ്യയും അവസാനിപ്പിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും കെ.മുരളീധരന്‍ പറഞ്ഞു.
'സി.പി.എമ്മിലെ ഏറാന്‍ മൂളികളെ വെക്കാന്‍ മുഖ്യമന്ത്രി തെരച്ചില്‍ നടത്തുമ്പോള്‍ ഗവര്‍ണര്‍ കേന്ദ്രത്തിന്റെ ഏറാന്‍ മൂളികളെ വെക്കാന്‍ തെരച്ചില്‍ നടത്തുകയാണ്. രണ്ട് കൂട്ടരും ചെപ്പടി വിദ്യയും പിപ്പടി വിദ്യയും അവസാനിപ്പിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കണം. സംഭവിക്കാന്‍ പോകുന്നത് തെരുവിലെ സംഘര്‍ഷമാണ്. എന്നിട്ട് ഗവര്‍ണര്‍ പറയും ക്രമസമാധാനം തകര്‍ന്നുവെന്ന്''..മുരളീധരന്‍ പറഞ്ഞു.
'വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാന്‍ ബി.ജെ.പി ഗവര്‍ണര്‍മാരിലൂടെ ശ്രമിക്കുന്നു. ഗവര്‍ണറെ വെച്ച് കളിക്കുന്ന കളിയോട് കോണ്‍ഗ്രസ് യോജിക്കില്ല. ഇത് ശരിയായ നിലപാടല്ല. ഗവര്‍ണറാണോ രാജാവാണോ ആരിഫ് മുഹമ്മദ് ഖാന്‍? ഈ ഗവര്‍ണറെ കോണ്‍ഗ്രസിന് ഒരു തരത്തിലും അംഗീകരിക്കാന്‍ ആവില്ലെന്നും മുരളീധരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."