ഒടുവില്‍ കുടുങ്ങി; വയനാട് ചീരാലില്‍ ഒരു മാസമായി ഭീതി പരത്തിയ കടുവ കൂട്ടിലായി
കല്‍പ്പറ്റ: വയനാട് ചീരാലില്‍ ഭീതിവിതച്ച കടുവ ഒടുവില്‍ കൂട്ടിലായി. തോട്ടാമൂല ഫോറസ്റ്റ് ഒഫിസിന് അടുത്ത് സ്ഥാപിച്ച് കൂട്ടിലാണ് കടുവ കുടുങ്ങിയത്. പത്തു വയസ്സാണ് പിടിയിലായ ആണ്‍ കടുവയുടെ പ്രായം.
കടുവയെ സുല്‍ത്താന്‍ബത്തേരിയിലെ വന്യമൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. കടുവയുടെ പല്ലിന് പരുക്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു മാസത്തോളമായി കടുവ പ്രദേശത്ത് ഭീതി വിതച്ചിരുന്നു. കൂടുകളും കാമറകളും സ്ഥാപിച്ചിട്ടും മയക്കുവെടി വിദഗ്ധ സംഘമടക്കമുള്ളവര്‍ പട്രോളിങ് നടത്തിയിട്ടും കടുവയുടെ ആക്രമണം തുടര്‍ക്കഥയായിരുന്നു. തുടര്‍ന്ന് പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തെത്തി.
ചീരാലില്‍ ഇതുവരെ 14 വളര്‍ത്തുമൃഗങ്ങളെ കടുവ ആക്രമിച്ചിട്ടുണ്ട്. ഒമ്പത് പശുക്കളെ കൊന്നു. കുങ്കിയാനകളെ എത്തിച്ചും ലൈവ് കാമറകള്‍ സ്ഥാപിച്ചും വനംവകുപ്പ് കടുവക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയെങ്കിലും പിടികൂടാനായിരുന്നില്ല.
ജില്ലയിലെ വന്യജീവി ആക്രമണം നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നോര്‍ത്ത് സര്‍ക്കിള്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ദീപയെ നോഡല്‍ ഓഫിസറായി നിയമിക്കുകയും ചെയ്തിരുന്നു.
വെല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തില്‍ വിപുലമായ സംഘമാണ് കടുവയ്ക്കായി ദിവസങ്ങളായി തെരച്ചില്‍ നടത്തിയത്. ഉള്‍വനത്തിലടക്കംവനപാലകസംഘം തെരച്ചില്‍ നടത്തിയെങ്കിലും അന്ന് ഫലമൊന്നുമുണ്ടായില്ല.
കടുവയെ കണ്ടെത്താന്‍ 18 നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുകയും മൂന്ന് കൂടുകള്‍ ഒരുക്കുകയും ചെയ്തിരുന്നു. ചീഫ് വെറ്റിനറി സര്‍ജന്‍ അരുണ് സക്കറിയയുടെ നേതൃത്വത്തില്‍ മൂന്നംഗസംഘവും ആര്‍ആര്‍ടി ടീമും സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു.
വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ മയക്കുവെടിവച്ച് കടുവയെ പിടികൂടാന്‍ വനം വകുപ്പ് തീരുമാനിച്ചിരുന്നു. എന്നാല്‍ പത്തു സംഘങ്ങളായി നടത്തിയ തിരച്ചിലിലും കടുവയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കടുവയുടെ നീക്കം കൃത്യമായി മനസിലാക്കാന്‍ സാധിക്കാത്തതാണ് വനം വകുപ്പിന് ആദ്യഘട്ടത്തില്‍ വെല്ലുവിളിയായത്. ഇതിനിടയിലാണ് കടുവ കുടുങ്ങിയത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."