ഫത്തേപൂർ സിക്രിയിലെ ചൂടുള്ള പകലുകൾ
സാബു മഞ്ഞളി
മധ്യകാലഘട്ട നിർമിതികളിൽ പലതിനേയും സമകാലീന രാഷ്ട്രീയം വിവാദങ്ങളുയർത്തി ഉന്നംവയ്ക്കുമ്പോഴും ലോകോത്തരങ്ങളായ അതിന്റെ ഘടനാവൈഭവങ്ങൾ ഇന്നും ആരേയും വിസ്മയപ്പെടുത്തികൊണ്ടിരിക്കുന്നു. താജ്മഹൽ, ആഗ്ര കോട്ട, കുത്തബ്മിനാർ, ചുവപ്പുകോട്ട, ഫത്തേപൂർ സിക്രി തുടങ്ങി ആ ഗണത്തിൽ പെടുന്ന സ്മാരകങ്ങൾ നിരവധിയാണ്. അക്കൂട്ടത്തിൽ എന്തുകൊണ്ടും വേറിട്ട അനുഭവമാണ് അക്ബർ ചക്രവർത്തി പടുത്തുയർത്തി കേവലം 14 വർഷങ്ങൾക്കകം ഉപേക്ഷിച്ച ഫത്തേപൂർ സിക്രി. ആഗ്രയിൽ നിന്ന് 37 കിലോമീറ്റർ ദൂരത്തായി സ്ഥിതി ചെയ്യുന്ന സിക്രി ഗ്രാമത്തിലേക്കായിരുന്നു യാത്ര.
പൊടിപടലങ്ങൾ നിറഞ്ഞ ആഗ്രയിലെ കുടുസ്സ് ഗല്ലികളിൽ നിന്ന് പുറത്തുകടന്ന് വാഹനം ജയ്പൂരിലേക്ക് നീളുന്ന പാതയിലൂടെ കുതിച്ചുകൊണ്ടിരുന്നു. സൂര്യൻ ഉദിച്ചുയരുന്നു. പ്രഭാതവെയിലിലും ചൂടിന്റെ താണ്ഡവം. സുന്ദരമായ ആറുവരിപ്പാത. പൂച്ചെടികളും പച്ചപ്പും. ചുറ്റുപാടുമുള്ള വയലുകളിൽ പക്ഷേ ചൂട് വെന്തുരുകുന്നു. കൊയ്ത്ത് കഴിഞ്ഞ അനന്തമായ വിജനമായ ഗോതമ്പ് പാടങ്ങൾ. ദൂരങ്ങൾ ഏറെ താണ്ടിയിട്ടും കവലകളോ വീടുകൾ പോലുമോ കൺവെട്ടത്ത് വന്നില്ല. ഒഴുകുന്ന തവിട്ടുനിറമാർന്ന വേനൽകാഴ്ചകളിൽ അഭിരമിച്ചിരിക്കെ സ്പീക്കറിൽ പഴയ ഹിന്ദി ഗാനങ്ങളുടെ പതിഞ്ഞ താളം.
വഴിയരികിൽ ഫത്തേപൂർ സിക്രിയുടെ പച്ച സ്ഥലനാമ ഫലകം തെളിഞ്ഞു. പഴങ്ങളും പച്ചക്കറികളും വിൽക്കുന്ന ചെറിയൊരു അങ്ങാടി ചുറ്റി വാഹനം ഇടത്തോട്ട് തിരിഞ്ഞു. കോട്ടകൊത്തളങ്ങളും ഗതകാലപ്രൗഢിയുറങ്ങുന്ന മുഗൾകവാടങ്ങളും കടന്ന് ഒരിക്കൽ ലണ്ടൻ നഗരത്തോളം യശസ്സുണ്ടായിരുന്ന മുഗൾ തലസ്ഥാനനഗരിയിലേക്ക്. 1585ൽ നഗരം ഉപേക്ഷിച്ച് അക്ബർ ലാഹോറിലേക്കു ചേക്കേറുമ്പോൾ സർവസജ്ജമായിരുന്നു ഫത്തേപൂർ സിക്രി. അത്തരമൊരു ഉപേക്ഷക്ക് പറഞ്ഞുകേൾക്കുന്ന കാരണങ്ങളിൽ പ്രധാനം സിക്രിയിൽ ഉണ്ടായിരുന്ന ജലദൗർലഭ്യമാണ്. ആസൂത്രണങ്ങളുടെ പിഴവെന്നും ഗംഗാ സമതലങ്ങളുടേയും അജ്മീറിന്റെയും ഗുജറാത്തിന്റേയും സമീപങ്ങളിൽ താത്കാലികമായി തമ്പടിക്കുവാൻ മാത്രം നിർമിച്ച ഒരിടം എന്നും കൂടി പറഞ്ഞുകേൾക്കുന്നു. ഗുജറാത്ത് പിടിച്ചടക്കിയ ശേഷമാണ് അകബർ ‘വിജയിച്ചത് ’ എന്നർഥം വരുന്ന ഫത്തേപൂർ കൂടി നഗരപേരിനൊപ്പം കൂട്ടിച്ചേർത്തത്. കരകൗശല വിഭവങ്ങൾ വിൽക്കുന്ന ചെറിയൊരു അങ്ങാടിയിലൂടെയാണ് ചെങ്കൽ പാകിയ നടവഴികളിലൂടെ മുന്നോട്ട് നടക്കേണ്ടത്. എന്തെങ്കിലും വാങ്ങിക്കാനുള്ള കച്ചവടക്കാരുടെ അഭ്യർഥന പതിവിലും ദയനീയമായി തോന്നി. പത്തുമുപ്പത് തവണയെങ്കിലും ഫത്തേപുർ സിക്രിയിൽ വിവിധ സംഘങ്ങളുമായി എത്തിയിട്ടുള്ള നന്നായി ചരിത്രം പറയുന്ന ഞങ്ങളുടെ ടൂർ മാനേജർ ശ്രീകുമാർ പക്ഷേ കൊട്ടാരം കാണുവാൻ തദ്ദേശീയനായ ഒരു ഗൈഡിനെ തന്നെ തരപ്പെടുത്തി. അൽ കഹ്വാജ. ടൂറിസം മാത്രമായിരുന്നു പരിസരങ്ങളിലെ ഏക വരുമാനമാർഗം. കൊവിഡ് മഹാമാരി എല്ലാം തകർത്തു. നാടൻ ഹിന്ദി ചുവയുന്ന ഇംഗ്ലീഷിൽ അൽ കഹ്വാജ കൊട്ടാര ചരിത്രം പറഞ്ഞു തുടങ്ങി.
കേവലം ഒരുദിവസത്തെ നീക്കം കൊണ്ട് സുശക്തമായ ആഗ്രക്കോട്ടയിൽ എത്താമെന്നിരിക്കെ പ്രതിരോധസജ്ജമായ ഒരു നഗരമായിരുന്നില്ല ഫത്തേപൂർ സിക്രി. പക്ഷേ ആഗ്രയിലേയും ഡൽഹിയിലേയും ലഹോറിലേയും തുടർച്ചയെന്നോണം മധ്യകാലഘട്ടങ്ങളിലെ നഗരാസൂത്രണം മത സാംസ്കാരിക സ്വഭാവം, പ്രതിരോധം നിർമാണ ശൈലികൾ എന്നിവ ഇവിടേയും കണ്ടെത്താം. അഫ്ഗാൻ മേഖലകളിൽ നിന്നെത്തിയ ബാബറും ഹുമയൂണും ആദ്യകാലങ്ങളിൽ സ്ഥിരമായി ഇന്ത്യയിൽ തമ്പടിക്കുവാൻ ശ്രമിച്ചിരുന്നില്ല. ഡൽഹിയിൽ ഹുമയൂൺ ദിൻപനാത്ത് നഗരത്തിന് അടിത്തറയിട്ടെങ്കിലും ഷേർഷ സൂറിന്റെ ആക്രമണം അതെല്ലാം തച്ചുടച്ചു.1550 വരെ ഉണ്ടായികൊണ്ടിരുന്ന വിമത നീക്കങ്ങളെല്ലാം അമർച്ച ചെയ്ത് കൂടുതൽ വടക്കേഇന്ത്യൻ ഭൂവിഭാഗങ്ങൾ മുഗൾ സാമ്രാജ്യത്തിന് കീഴിലായിക്കഴിഞ്ഞപ്പോൾ മാത്രമാണ് 1556 മുതൽ അക്ബർ കോട്ടകളുടേയും കൊട്ടാരങ്ങളുടേയും നിർമാണങ്ങൾ ആരംഭിച്ചത്. 1560ൽ ആഗ്ര, ലാഹോർ, ആട്ടോക്ക്, അലഹബാദ്, ജാൻപുർ, അജ്മീർ തുടങ്ങിയ സ്ഥലങ്ങളിൽ അക്ബർ കോട്ടകൾ ശക്തിപ്പെടുത്തുകയും നിർമിക്കുകയും ചെയ്തു.
പുത്രഭാഗ്യത്തിലൂടെ
പിറന്ന നഗരം
പുത്രഭാഗ്യം ഇല്ലാതെ വലഞ്ഞിരുന്ന അക്ബർ സിക്രി ഗ്രാമത്തിൽ താമസിച്ചിരുന്ന സൂഫി ആചാര്യനായ ശൈഖ് സലിം ചിശ്തിയുടെ പക്കൽ എത്തുന്നത്തോടെയാണ് ഗ്രാമത്തിന് മറ്റൊരു ചരിത്രം ഉണ്ടാകുന്നത്. സിക്രിയിൽ താമസിച്ചാൽ പുത്രഭാഗ്യം ഉണ്ടാകുമെന്നായിരുന്നു ചിശ്തിയുടെ ഉപദേശം. അതുപ്രകാരം അക്ബർ ജോദാബായി രാജ്ഞിയോടൊത്ത് സിക്രി ഗ്രാമത്തിൽ താമസിക്കുകയും അവർക്ക് ആൺകുഞ്ഞ് പിറക്കുകയും ചെയ്തു. ആ കുട്ടിയാണ് പിന്നീട് അക്ബറിന്റെ അനന്തരാവകാശിയായി തീർന്ന ജഹാംഗീർ ചക്രവർത്തി. സന്തോഷവാനായ അക്ബർ ശൈഖ് സലീം ചിശ്തിയോടുള്ള ബഹുമാനസൂചകമായി അതുവരെ ആരാലും അറിയപ്പെടാത്ത കുറച്ചു ശിൽപ്പികൾ മാത്രം പാർത്തിരുന്ന സിക്രി ഗ്രാമത്തിൽ ഒരു നഗരം തന്നെ പടുത്തുയർത്തുവാനും തലസ്ഥാനം ആഗ്രയിൽനിന്ന് സിക്രിയിലേക്ക് മാറ്റുവാനും തീരുമാനിച്ചു.
ജഹാംഗീർ പിറന്ന 1569 ൽ തന്നെ ജാമി മസ്ജിദിന്റെ നിർമാണം ആരംഭിച്ചിരുന്നു. 1571 ൽ ഇന്തോ-പേർഷ്യൻ ശൈലികൾ കൂട്ടിയിണക്കി അക്ബറി ശൈലിയിൽ നിർമാണം പൂർത്തീകരിച്ച സിക്രി നഗരം വളരെ പെട്ടന്ന് ഒരു വാണിജ്യ നഗരമായി വളർന്നു. 1572ൽ ഉണ്ടായ ഗുജറാത്ത് യുദ്ധവിജയമാണ് വിജയിച്ച നഗരം എന്ന അർഥം വരുന്ന ഫത്തേപൂർ കൂടി കൂട്ടിച്ചേർത്ത് നഗരത്തിന് ഫത്തേപൂർ സിക്രി എന്ന് നാമകരണം ചെയ്യുവാൻ കാരണം. വിജയപ്രതീകമായി ജാമി മസ്ജിദിന്റെ തെക്കേ കവാടം 52 മീറ്റർ ഉയരത്തിൽ കമനീയമായ ആർച്ചുകളോടെ പണിതീർത്തു. ഫത്തേപൂർ സിക്രിയിൽ ഏറ്റവും ഉയരമുള്ളതും അനേകം ചിത്രപ്പണികൾ നിറഞ്ഞതുമായ ഗംഭീര സൃഷ്ടിയാണിത്. ബുലൻഡ് ധർവാസ എന്നറിയപ്പെടുന്ന ഈ കവാടം വശങ്ങൾ പുറത്തേക്ക് തള്ളിനിൽക്കുന്ന പ്രത്യേക മാതൃകയിലാണ്.
അക്ബറിന്റെ ജനസമ്പർക്കം
കൊട്ടാരസമുച്ചയത്തിലെ മുൻഭാഗം എന്ന് പറയാവുന്നിടത്താണ് ദിവാനിആം സ്ഥിതി ചെയ്യുന്നത്. അക്ബർ പൊതുജനങ്ങളുമായി സമ്പർക്കം പുലർത്തിയിരുന്നത് ഇവിടെ വച്ചാണ്.112 മീറ്റർ നീളവും 55 മീറ്റർ വീതിയുമുള്ള ശിൽപ്പവേലകൾ നിറഞ്ഞ വിശാലമായ ഒരു ഹാൾ. വശങ്ങളിൽ തൂണുകളാൽ അലംകൃതമായ ഉമ്മറങ്ങൾ. വലതുഭാഗത്തെ നടവഴി ദൗലത്ത്ഖാനയിലേക്ക് നയിക്കുന്നു. ഏറ്റവും പ്രധാനപ്പെട്ട നിർമിതികൾ ദൗലത്ത്ഖാനയിലാണ്. മനോഹര മിനാരങ്ങൾ ചൂടിനിൽക്കുന്ന ഇരുനില കെട്ടിടമാണ് ദിവാനിഖാസ്. താഴെനിലയിലേക്ക് കടന്നാൽ കൊത്തുപണികൾ ചെയ്ത ഒരു ചെങ്കൽതൂൺ ഒന്നാം നിലവരെ ഉയർന്നുനിൽക്കുന്നു. അതിന്റെ മുകൾഭാഗത്ത് വൃത്താകാരത്തിലുള്ള ഒരു തട്ട്. ഈ തട്ടിനെ പുറത്തെ തൂങ്ങിനിൽക്കുന്ന മട്ടുപ്പാവിനെ ബന്ധിപ്പിച്ചുകൊണ്ട് നാല് പാലങ്ങൾ. ശിൽപ്പവേലകൾ കൊണ്ട് സമൃദ്ധമാണെങ്ങും. രാജാവിന്റെ നിധി സൂക്ഷിപ്പ് കേന്ദ്രം വളരെ വേണ്ടപ്പെട്ടവരും മതപുരോഹിതരുമായി ചർച്ചകൾ ചെയ്തിരുന്ന സ്ഥലം എന്നെല്ലാം ഇതിനെ പറയപ്പെടുന്നു.
ഹിരൺ മിനാദിവാനിഖാസിൽ നിന്ന് പുറത്തേക്കിറങ്ങിയാൽ കുറച്ചു ദൂരെയായി ചുറ്റിലും കുന്തമുനകൾ ഉറപ്പിച്ച ഒരു ഗോപുരം കാണാം. അതാണ് ഹിരൺ മിനാർ. അകബറിന് ആനന്ദ് എന്ന് പേരുള്ള ഒരു ആനയുണ്ടായിരുന്നു. പലപ്പോഴും കുറ്റവാളികൾക്കുള്ള ശിക്ഷ പോലും വിധിച്ചിരുന്നത് ഈ ആന ആയിരുന്നുവത്രെ. ആനന്ദിന്റെ ശവകുടീരത്തിൽ പണിത സ്മാരകമാണ് ഹിരൺ മിനാർ. ദിവാൻ ഖാനി ഖാസും ഒരു ഇരുനില കെട്ടിടമാണ്. ഒന്നാം നിലയിലാണ് അക്ബറിന്റെ മനോഹരമായ സ്വകാര്യ കിടപ്പുമുറി കൗവബാഗ്. ഹാരം സാരയിൽ നിന്നും രാജാവിന്റെ ഇംഗിതമനുസരിച്ചു റാണിമാർക്ക് ഇവിടേക്ക് എത്തിച്ചേരവുന്നാണ്. സൂഫി സന്ന്യാസികൾ, തത്വപണ്ഡിതർ തുടങ്ങിയവർ ഉൾപ്പെട്ട പലവിധ മത ചർച്ചകളും ഇവിടെ നടന്നിരുന്നതായി പറയപ്പെടുന്നു. ഈ കെട്ടിടത്തിന്റെ തെക്ക് ഭാഗത്തുള്ള ജനാലയിൽ വച്ചായിരുന്നു അക്ബർ ദിവസവും പ്രജകൾക്ക് മുഖം കാണിച്ചിരുന്നത്. ഇതിനെ ജരോഖ ദർശൻ എന്നറിയപ്പെട്ടു. അക്ബറിന്റെ മുറിയിൽ നിന്ന് നോക്കിയാൽ കാണുന്നതും രാജകീയ അങ്കണത്തിൽ പ്രത്യേകമായ രീതിയിൽ നിർമിച്ചിരിക്കുന്നതുമായ പൊയ്കയാണ് അനൂപ് തലോ. 29 മീറ്റർ സമചതുരത്തിലുള്ള ഒരു ജലാസംഭരണി. നാല് വശങ്ങളിൽ നിന്നും താഴേക്കിറങ്ങുന്ന പടികൾ. നൃത്തങ്ങൾ സമ്മേളനങ്ങൾ തുടങ്ങിയ ഉല്ലാസങ്ങൾ ഇവിടെ രാജാവിന്റെ സാന്നിധ്യത്തിൽ നടന്നിരുന്നു.ഹാരംസാര
കൊട്ടാര സമുച്ചയത്തിലെ മറ്റൊരു പ്രധാന വിഭാഗമാണ് ഹാരംസാര. ഇവിടെയാണ് ചക്രവർത്തിയുടെ കുടുംബത്തിലെ വളരെ പ്രധാനപ്പെട്ട സ്ത്രീജനങ്ങൾ താമസിച്ചിരുന്ന കൊട്ടാരങ്ങൾ.അക്ബറുടെ മാതാവ് ഹമീദ്ദ ഭാനു ബീഗം താമസിക്കുന്ന കൊട്ടാരമാണ് മറിയം പാലസ്. റാണിമാരിൽ അക്ബറിന് ഏറ്റവും പ്രിയമുണ്ടായിരുന്നത് അമ്പറിലെ രജപുത്ര രാജാവായിരുന്ന രാജാ ബാർമലിന്റെ പുത്രി ജോദാബായിയോടായിരുന്നു. അക്ബറിന്റെ നയരൂപീകരണത്തിൽ പോലും സ്വാധീനം ചൊലുത്തി 42 വർഷക്കാലം അവർ അക്ബറിനോടൊത്ത് ജീവിച്ചു. ജോദാബായി പാലസാണ് ഹാരംസാരയിലെ വലിയ കൊട്ടാരം. പാഞ്ച് മഹലും ബീർബാൽ മന്ദിരവുമാണ് ഹാരംസാരയിലെ മറ്റു പ്രധാന കൊട്ടാരങ്ങൾ. തൂണുകൾ കൊണ്ട് പിരമിഡ് രൂപത്തിൽ നിർമിച്ചിരിക്കുന്ന അഞ്ച് നിലകളുള്ള നിർമിതിയാണ് പാഞ്ച്മഹൽ.
ജാമി മസ്ജിദ്
നടന്നു നടന്ന് ഞങ്ങൾ ജാമി മസ്ജിദ് അങ്കണത്തിൽ എത്തിച്ചേർന്നു. ചൂടിന്റെ ശക്തിയാൽ ക്ഷീണിതരായിരുന്നെങ്കിലും മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന മുഗൾ പ്രൗഢിയുടെ പ്രതാപത്തിനു മുന്നിൽ തെല്ലെന്നമ്പരന്ന് പോയി. ജാമി മസ്ജിദിനോളം ഉയരമുള്ള മറ്റൊരു കെട്ടിടവും ഫത്തേപൂർ സിക്രിയിൽ ഇല്ലെന്ന് പറയാം. അക്ബറിന്റെ ആത്മീയ ഗുരുവായ ശൈഖ് സലിം ചിശ്തിക്ക് വേണ്ടിയാണ് ജാമി മസ്ജിദ് നിർമിച്ചത്. അഞ്ച് വർഷങ്ങൾ കൊണ്ട് 1572 ൽ പള്ളിയുടെ നിർമാണം പൂർത്തീകരിച്ചു. ഇന്ത്യയിൽ തന്നെ അന്നോളം പണി തീർത്തിട്ടുള്ള പള്ളികളിൽ വച്ച് ഏറ്റവും വലിയ പള്ളി. 133.6 മീറ്റർ വീതിയും 165.2 മീറ്റർ നീളവുമുണ്ട് പള്ളിയങ്കണത്തിന്. ചുറ്റുപാടും ചിത്രപണികൾ തീർത്ത തൂണുകളും മനോഹരമായ മിനാരങ്ങളും നിറഞ്ഞ ഇടനാഴികക്ക് പടിഞ്ഞാറു ഭാഗത്തായി പ്രധാന പ്രാർഥനാലയം. മിമ്പറിന്റെ വലതു വശത്തായി ചെറിയൊരു മാർബിൾ തറ. അവിടെയാണ് വെള്ളിയാഴ്ചകളിൽ ഖുതുബ നടത്തിയിരുന്നത്. 20 മീറ്റർ ഉയരമുള്ള ബാദ്ഷാഹി കവാടം കടന്നായിരുന്നു അക്ബർ പ്രാർഥനകൾക്കായി പള്ളിയിലേക്ക് എത്തിക്കൊണ്ടിരുന്നത്.
ജാമി മസ്ജിദിന് വടക്ക് ഭാഗത്തായാണ് ശൈഖ് സലിം ചിശ്തിയുടെ ഖബറിടം സ്ഥിതി ചെയ്യുന്നത്. അങ്കണം പൊതുവേ ചെങ്കൽ കൊണ്ടുള്ള നിർമിതിയെങ്കിൽ സലിം ചിശ്തിയുടെ ഖബറിടം തൂവെള്ള വെണ്ണക്കല്ലുകൾ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. അങ്കണത്തിന്റെ അരികു പറ്റി ഞങ്ങൾ ഖബറിടത്തിലേക്ക് നടന്നു. ഒരു നിയോഗം മനസ്സിൽ കരുതി ഖബറിടത്തിനെ പട്ട് പുതപ്പിക്കുകയും പട്ടുനൂൽ ജനാലയിൽ കെട്ടുകയും ചെയ്താൽ എന്ത് കാര്യവും സാധിക്കും എന്നാണ് വിശ്വാസം.
ജാമി മസ്ജിദിന്റെ അങ്കണം പക്ഷേ പല തരം ജനങ്ങളെ ഉൾക്കൊണ്ട് നിന്നു. ചരിത്ര സ്മാരകങ്ങളുടെ വൈഭവം കണ്ട് വിസ്മയപ്പെട്ട് നിൽക്കുന്ന സന്ദർശകരാണ് ഒരു വശത്തെങ്കിൽ ദാരിദ്ര്യത്തിന്റെ ദയനീയ മുഖങ്ങൾ ആയിരുന്നു മറുവശത്ത്. മാലകളും കമ്മലുകളും ചിത്രപുസ്തകങ്ങളുമായി അവർ സന്ദർശകരെ പിന്തുടരുന്നു. തിളച്ചു മറിയുന്ന ചൂടിലും അന്നന്നത്തെ അന്നം തികയ്ക്കുവാനുള്ള അവരുടെ പരക്കം പാച്ചിൽ ആ തളർന്ന കണ്ണുകളിൽ നിന്ന് വായിച്ചെടുക്കാം.
അതുവഴി അലഞ്ഞുനടന്ന മൂന്ന് ബാലന്മാരെ വിളിച്ച് ഖുർആൻ ആയത്തുകൾ ഓതിപ്പിച്ചു. ചെറിയൊരു കല്ലുമാല മേടിക്കുവാൻ നിർബന്ധിച്ചുകൊണ്ടിരുന്ന ഒരു ചെറുപ്പക്കാരൻ എന്നെ മതിലിനരികിലേക്ക് കൊണ്ടുപോയി ദൂരേക്ക് കൈ ചൂണ്ടി അയാളുടെ വീട് വരെ കാണിച്ചുതന്നു. 100 രൂപക്കും കിട്ടുമായിരുന്ന ആ മാല 150 രൂപ കൊടുത്തു വാങ്ങിയപ്പോൾ അയാൾക്കുണ്ടായ നിർവൃതി ഞാൻ അടുത്തൊന്നും കണ്ടിട്ടില്ല. അതെന്റെ ഭാര്യയുടെ കഴുത്തിൽ അണിയിച്ചു ഫോട്ടോ എടുത്തിട്ടേ അയാൾ മടങ്ങിയുള്ളൂ.
നടക്കാനാകാത്ത വിധം ചൂട് പള്ളിയങ്കണത്തെ പൊതിഞ്ഞു. എങ്കിലും ബാദുഷ കാവടത്തിലെ തീക്കല്ലുകളിൽ ചവിട്ടി നിന്ന് ഫോട്ടോകൾ എടുത്തത് ഒരിക്കലും മറക്കാൻ കഴിയില്ല. ഒരുപക്ഷേ യാത്രയിൽ ലഭിച്ച ഏറ്റവും മനോഹരമായ ചിത്രങ്ങൾ അതുതന്നെയായിരിക്കും.ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ആ ചരിത്രനഗരം വിട്ട് ഞങ്ങൾ മടക്കയാത്രക്കൊരുങ്ങി. വിദേശികൾ അടക്കമുള്ള സന്ദർശകർ എത്തികൊണ്ടിരുന്നു. കവലയിൽ നിന്ന് ആവശ്യത്തിന് പഴങ്ങൾ വാങ്ങിയ ശേഷം ജയ്പൂർ ലക്ഷ്യം വച്ച് വാഹനം പാഞ്ഞു തുടങ്ങി.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."