HOME
DETAILS
MAL
മരംമുറിയില്‍ സാജനെ സംരക്ഷിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്
backup
August 24 2021 | 03:08 AM
തിരുവനന്തപുരം: മുട്ടില്‍ മരംമുറിയില്‍ ആരോപണ വിധേയനായ ഐ.എഫ്.എസ് ഉദ്യോഗസ്ഥന് എന്‍.ടി സാജനെ സംരക്ഷിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്.
സാജനെതിരേ വനംവകുപ്പ് കണ്ടെത്തിയ ഗുരുതര ക്രമക്കേടുകളുടെ അടിസ്ഥാനത്തില്‍ വനംവകുപ്പ് നല്കിയ റിപ്പോര്‍ട്ട് തള്ളിയാണ് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടല്‍. അന്വേഷണം തീരുന്നതുവരെ സാജനെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നായിരുന്നു മരംമുറി കണ്ടെത്തിയ മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ എം.കെ സമീറിന്റെ പരാതിയില്‍ അഡീഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ രാജേഷ് രവീന്ദ്രന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍ ഇതു മറച്ചുവച്ചാണ് നടപടിയെടുക്കാന്‍ മാത്രമുള്ള തെറ്റ് ചെയ്തിട്ടില്ലെന്ന് വിലയിരുത്തി മുഖ്യമന്ത്രിയുടെ ഓഫിസ് സാജനെതിരായ നടപടി വെറും സ്ഥലംമാറ്റത്തില്‍ ഒതുക്കിയത്.
കഴിഞ്ഞ ജൂണ്‍ 29നാണ് അഡീഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ രാജേഷ് രവീന്ദ്രന് വനംവകുപ്പിന് 18 പേജുള്ള അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത്. മേപ്പാടിയിലെ മരംമുറി അന്വേഷിക്കാനെത്തിയ സാജന് രഹസ്യവിവരം ലഭിച്ചെന്ന പേരില്‍ അന്വേഷിച്ചത് മണിക്കുന്ന് മലയിലെ സ്വകാര്യ ഭൂമിയില്‍ നിന്നുള്ള മരം മുറിയാണെന്നും മേപ്പാടി മരം മുറി കേസില്‍ വനംവകുപ്പ് റജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളായ റോജി അഗസ്റ്റിന്, ആന്റോ അഗസ്റ്റില്‍ എന്നിവരാണ് മണിക്കുന്ന് മലയിലെ മരംമുറിയെക്കുറിച്ച് സാജനെ അറിയിക്കുന്നതെന്നും ഇരുവരുടേയും ഫോണ്‍ സംഭാഷണങ്ങളുടെ രേഖകള്‍ ഇതിന് തെളിവാണെന്നും മേപ്പാടിയിലെ മരംമുറി പുറത്ത് അറിയാതിരിക്കാനും ഇത് കണ്ടെത്തിയ ഉദ്യോഗസ്ഥനെ കുടുക്കാനും വേണ്ടിയായിരുന്നു ഈ ഒത്തുകളിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മരംമുറി കണ്ടെത്തിയ ഉദ്യോഗസ്ഥനെതിരേ സാജനും പ്രതികളും ഒരു മാധ്യമപ്രവര്‍ത്തകനും ചേര്‍ന്ന് കള്ളക്കേസുണ്ടാക്കാന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. അന്വേഷണം വഴിതിരിച്ചു വിടാനായിരുന്നു ഉദ്യോഗസ്ഥന്റെ ലക്ഷ്യമെന്നും ഇത് ഗൗരവമായി കാണണമെന്നും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ചേരുന്ന വിധത്തിലല്ല സാജന് പ്രവര്‍ത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതുകൊണ്ട് തന്നെ ശക്തമായ നടപടിയെടുക്കണമെന്നും അന്വേഷണം തീരുന്നതുവരെ ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നുമായിരുന്നു റിപ്പോര്‍ട്ടിലെ ശുപാര്‍ശ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."